Kollam Local

വയോധികയുടെ വീട് തീവച്ച് നശിപ്പിച്ച കേസില്‍ പോലിസ് അനാസ്ഥയെന്ന്

ഓയൂര്‍: ആക്കല്‍ കണ്ണങ്കോട് കബീബുള്ള മന്‍സിലില്‍ അസുമാബീവിയുടെ വീട്ടുപകരണങ്ങള്‍ തീ വച്ച് നശിപ്പിച്ച സംഭവത്തില്‍ പോലിസ് അനാസ്ഥ കാണിക്കുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍. 2015 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.

അസുമാബീവി ഒറ്റയ്ക്കാണ് ഈ വീട്ടില്‍ താമസിച്ചു വരുന്നത്. ഇവര്‍ തിരുവനന്തപുരത്തുള്ള മകന്റെ വീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ വാതില്‍ തുറന്ന് വീട്ടിനുള്ളിലുള്ള കട്ടിലുകള്‍, രണ്ടു ജോഡി സെറ്റികള്‍, ദിവാന്‍കോട്ട്, നാല് കസേരകള്‍ ഉള്‍പ്പെടെ വീട്ടിലുളള സാധനങ്ങള്‍ തീവച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
നാല് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചടയമംഗലംപോലീസില്‍ പരാതി നല്‍കിയിരുന്നു.
അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയടക്കം ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ തെളിവുകള്‍ ശേഖരിച്ചിരുന്നു. ഇവയുടെ ശാസ്ത്രീയ പരിശോധന നടത്തുന്നതിനോ മറ്റോ പോലിസിന്റെ ഭാഗത്തു നിന്നും നാളിതുവരെയും നടപടി ഉണ്ടായിട്ടില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കേസിന്റെ സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ വൃദ്ധമാതാവ് പല തവണ പോലിസ് സ്റ്റേഷനിലും ബന്ധപ്പെട്ട ഓഫിസുകളിലും കയറിയിറങ്ങി നടന്നെങ്കിലും ഫലമുണ്ടായില്ല. പലപ്പോഴും വാദിയെ പ്രതിയാക്കാനുള്ള നീക്കമാണ് പോലിസിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
ഒരു വര്‍ഷമായിട്ടും പ്രതികളെ കണ്ടുപിടിക്കാതെ കേസ് അട്ടിമറിക്കാനാണ് പോലിസ് ശ്രമിക്കുന്നതെന്നും കുറ്റവാളികളെ കണ്ടെത്താന്‍ പോലിസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികുളുമായി മുന്നോട്ടു പോകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it