Kottayam Local

വയോധികയുടെ അഞ്ച് പവന്റെ സ്വര്‍ണമാലയുമായി കടന്ന ഹോം നഴ്‌സ് പിടിയില്‍



കടുത്തുരുത്തി: ഹോം നഴ്‌സായി ജോലി നോക്കുന്നതിനിടെ വയോധികയുടെ അഞ്ചു പവന്റെ സ്വര്‍ണമാലയുമായി കടന്ന യുവതി പോലിസിന്റെ പിടിയിലായി. നാഗര്‍കോവില്‍ സ്വദേശിയായ വണ്ടിപ്പെരിയാര്‍ പുതുവല്‍ ഇന്ദിരാ മാണിക്യം (35) ആണ് അറസ്റ്റിലായത്. ഞീഴൂര്‍ തുരുത്തിപ്പള്ളില്‍ മറിയാമ്മ ജോസഫി(76)ന്റെ മാലയാണ് ഇവര്‍ മോഷ്ടിച്ചത്. മറിയാമ്മ ധരിച്ചിരുന്നത് അഞ്ചു പവന്റെ സ്വര്‍ണമാലയായിരുന്നു. മറിയാമ്മയുടെ വീട്ടില്‍ ഹോം നഴ്‌സായി ജോലി നോക്കുകയായിരുന്നു ഇന്ദിര. മറിയാമ്മയ്ക്കു കാഴ്ച്ചയ്ക്കു പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതു മനസ്സിലാക്കിയ ഇന്ദിര മറിയാമ്മ ധരിച്ചിരുന്ന മാലയുടെ അതേ തൂക്കവും ഫാഷനിലുമുള്ള വരവുമാല ഉണ്ടാക്കിയ ശേഷം മറിയാമ്മ മാല ഊരിവച്ച സമയത്ത് മാറിയെടുക്കുകയായിരുന്നു. പിന്നീട് സെപറ്റ്ബര്‍ 19 ന് വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞു ഇന്ദിര മാലയുമായി സ്ഥലം വിട്ടു. മറിയാമ്മയുടെ ബന്ധു വീട്ടിലെത്തിയപ്പോഴാണു മറിയാമ്മ ധരിച്ചിരിക്കുന്ന മാല വരവാണെന്ന് മനസ്സിലാക്കിയതും തുടര്‍ന്ന് കടുത്തുരുത്തി പോലിസില്‍ പരാതി നല്‍കുന്നതും. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് മാല മോഷണത്തിന്റെ വിവരം ഇന്ദിരയെ തുരുത്തിപള്ളില്‍ വീട്ടിലേക്കു ജോലിക്കയച്ച ഉഴവൂരിലെ ഏജന്‍സിയില്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഏജന്‍സി ഓഫിസിലേക്കു വിളിച്ച ഇന്ദിര എവിടെയെങ്കിലും ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. പോലിസ് പറഞ്ഞത് അനുസരിച്ച് ഏജന്‍സി അധികൃതര്‍ തന്ത്രപൂര്‍വം ഇവരെ വിളിച്ചു വരുത്തുകയായിരുന്നു. ഈസമയം സ്ഥലത്തെത്തിയ പോലിസ് ഇന്ദിരയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it