wayanad local

വയോജന സംരക്ഷണത്തിന് ആശ്വാസ പദ്ധതിയുമായി കുടുംബശ്രീ



കല്‍പ്പറ്റ: സാമൂഹിക സുരക്ഷാ രംഗത്ത് ആശങ്കയുയര്‍ത്തുന്ന വയോജന സംരക്ഷണത്തിന് ആശ്വാസ പദ്ധതിയുമായി കുടുംബശ്രീ. 2011ലെ സെന്‍സസ് പ്രകാരം 13 ശതമാനം വരുന്ന വയോജനങ്ങളുടെ എണ്ണം 2025ഓടെ സംസ്ഥാന ജനസംഖ്യയുടെ 20 ശതമാനമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഷനല്‍ സാംപിള്‍ സര്‍വേയുടെ 2015ലെ കണക്ക് പ്രകാരം 65 വയസ്സിന് മുകളിലുള്ള ഭൂരിഭാഗം ആളുകളും ആരോഗ്യ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരാണ്. ഇവര്‍ക്ക് സ്‌നേഹ സ്പര്‍ശമേകുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാതലത്തില്‍ 'കെയര്‍ ഗിവര്‍'മാരുടെ യൂനിറ്റ് രൂപീകരിക്കുന്നത്. പദ്ധതിയില്‍ ചേരാന്‍ താല്‍പര്യമുള്ള കുടുംബശ്രീ അംഗങ്ങള്‍/ കുടുംബാംഗങ്ങളായ 45 വയസ്സിന് താഴെയുള്ളവര്‍ എന്നിവരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കും. മക്കള്‍ വിദേശത്തും മറ്റ് ദൂരസ്ഥലങ്ങളിലും ജോലിയിലായതിനാല്‍ ഒറ്റയ്ക്കായ വൃദ്ധ മാതാപിതാക്കളുടെ സംരക്ഷണമാണ് കുടുംബശ്രീ ഏറ്റെടുക്കുക. ഗ്രാമപ്പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പ്രാഥമിക പഠനം നടത്തി ഇത്തരത്തിലുള്ളവരുടെ പട്ടിക തയ്യാറാക്കും. തുടര്‍ന്ന് മുന്‍ഗണനാ ക്രമമനുസരിച്ച് സഹായികളെ അനുവദിക്കും. ജില്ലാതലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ മുഖേനയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. വീടുകളിലും ആശുപത്രികളിലും മറ്റും കൂട്ടായിരിക്കുക, യാത്രകളില്‍ അനുഗമിക്കുക, മറ്റ് വിനോദസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങി വയോജനങ്ങള്‍ക്ക് തണലായി കുടുംബശ്രീ അംഗങ്ങള്‍ കൂടെയുണ്ടാവും. നല്‍കുന്ന സേവനത്തിന് നിശ്ചിത ഫീസ് ഈടാക്കും. ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതിയും മറ്റും പരിഗണിച്ചാണ് ഫീസ് തീരുമാനിക്കുക. യൂനിറ്റ് അംഗങ്ങളാവുന്നതിന് സേവന തല്‍പരരായ നഴ്‌സിങ് യോഗ്യതയുള്ളവരില്‍ നിന്ന് ജില്ലാ മിഷന്‍ അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം കല്‍പ്പറ്റ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫിസില്‍ ലഭിക്കേണ്ട അവസാന തിയ്യതി നവംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04936 206589, 9961568934.
Next Story

RELATED STORIES

Share it