kannur local

വയോജന സംരക്ഷണം: ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് പ്രത്യേക ചുമതല നല്‍കാന്‍ ശുപാര്‍ശ

കണ്ണൂര്‍: വയോജന സംരക്ഷണ നിയമപ്രകാരമുള്ള ട്രൈബ്യൂണലായി ജില്ലകളില്‍ ഡെപ്യൂട്ടി കലക്ടര്‍മാരെ പ്രത്യേക ചുമതല നല്‍കി നിയമിക്കണമെന്ന് ഇതു സംബന്ധിച്ച റഗുലേറ്ററി ബോര്‍ഡ് രൂപീകരണത്തിനായി നിയോഗിച്ച സ്‌പെഷ്യല്‍ ഓഫിസര്‍ വി കെ ബീരാന്‍ നിര്‍ദേശിച്ചു. സര്‍ക്കാരിന് സമര്‍പ്പിച്ച ഇടക്കാല റിപോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങിനു ശേഷം അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
നിലവില്‍ ആര്‍ഡിഒമാരാണ് ജില്ലകളിലെ ട്രൈബ്യൂണല്‍. അപ്പലറ്റ് ട്രൈബ്യൂണല്‍ ചുമതല ജില്ലാ കലക്ടര്‍മാര്‍ക്കാണ്. ഈ ചുമതലയില്‍ സര്‍വീസിലുള്ളതോ വിരമിച്ചതോ ആയ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റുമാരെ ഹൈക്കോടതിയുമായി ആലോചിച്ച് നിയമിക്കണമെന്നും റിപോര്‍ട്ടിലുണ്ട്. കൃത്യാന്തര ബാഹുല്യം കാരണം ആര്‍ഡിഒമാര്‍ക്ക് വയോജന സംരക്ഷണ നിയമപ്രകാരമുള്ള പരാതികളില്‍ സമയബന്ധിതമായി നടപടികള്‍ എടുക്കാനാവുന്നില്ല. മൂന്നുമാസത്തിനകം ഇത്തരം പരാതികളില്‍ നടപടി കൈക്കൊള്ളണമെന്നാണ് മുതിര്‍ന്ന പൗരന്‍മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണ നിയമം-2007 ലെ വ്യവസ്ഥ. എന്നാല്‍ ഇന്ന് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നതായാണ് പരാതി. വയോജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സ്വമേധയാ നടപടിയെടുക്കാന്‍ ട്രൈബ്യൂണലിന് നിയമം അധികാരം നല്‍കുന്നുണ്ട്. ഇതിന് സഹായിക്കാന്‍ സാമൂഹികനീതി വകുപ്പിലെ ജില്ലാ ഓഫിസര്‍ പദവിയിലുള്ള ഒരാളെ ട്രൈബ്യൂണലിന്റെ ഭാഗമായി നിയമിക്കണം.
റഗുലേറ്ററി ബോര്‍ഡ് രൂപീകരണം സംബന്ധിച്ച അന്തിമ റിപോര്‍ട്ട് മാര്‍ച്ച് 31നകം നല്‍കാന്‍ ശ്രമിക്കും. 13 ജില്ലകളിലെ സിറ്റിങ് പൂര്‍ത്തിയായി. കാസര്‍കോട് ഇന്ന് സിറ്റിങ് നടക്കും. മക്കള്‍ക്കു വേണ്ടി ജീവിച്ച മാതാപിതാക്കളെ മക്കള്‍ ശ്രദ്ധിക്കുന്നില്ലെന്ന വേദനാജനകമായ സാമൂഹിക സാഹചര്യമാണ് ഇന്നുള്ളത്. ഈ സാഹചര്യത്തില്‍ വയോജനക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ നടപടി സ്വീകരിക്കണം. ഇതിനാവശ്യമായ വിശദമായ നിര്‍ദേശങ്ങള്‍ അന്തിമ റിപോര്‍ട്ടിലുണ്ടാകും.
ബസ്സുകളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സീറ്റ് അടയാളപ്പെടുത്താത്തതും സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതുമാണ് സിറ്റിങില്‍ ഏറെ പരാതിക്ക് വിഷയമായത്. ഇക്കാര്യത്തില്‍ കര്‍ശന നടപടി കൈക്കൊള്ളാന്‍ ആര്‍ടിഒ, പോലിസ് വകുപ്പുകള്‍ക്ക് സ്‌പെഷ്യല്‍ ഓഫിസര്‍ നിര്‍ദേശം നല്‍കി.
മുന്നറിയിപ്പ് നല്‍കിയിട്ടും നിയമം പാലിക്കാത്ത കണ്ടക്ടര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി കൈക്കൊള്ളണം. ബസ്സുകളിലെ ചവിട്ടുപടിയിലെ അനധികൃത പടി നീക്കംചെയ്യാനും നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ പരാതിക്ക് കാത്തുനില്‍ക്കാതെ വകുപ്പുകള്‍ പരിശോധനയും നടപടിയും സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
അസി. കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ജില്ലാ സാമൂഹിക നീതി ഓഫിസര്‍, മറ്റ് വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, വിവിധ വയോജന സംഘടനാ പ്രതിനിധികള്‍, വൃദ്ധസദനം അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it