വയോജന നയം സമയബന്ധിതമായി നടപ്പാക്കണമെന്നു വയോജന കമ്മീഷന്‍ റിപോര്‍ട്ട്

കോഴിക്കോട്: സംസ്ഥാനസര്‍ക്കാര്‍ 2013ല്‍ രൂപീകരിച്ച വയോജന നയം സമയബന്ധിതമായി നടപ്പാക്കണമെന്നതുള്‍പ്പെടെ നിരവധി നിര്‍ദേശങ്ങളുമായി വയോജന കമ്മീഷന്‍ റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.
വയോജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ബോര്‍ഡ് രൂപീകരിക്കുന്നതു സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫിസര്‍ അഡ്വ. വി കെ ബീരാനാണ് സാമൂഹികനീതി മന്ത്രി ഡോ. എം കെ മുനീറിന് റിപോര്‍ട്ട് സമര്‍പ്പിച്ചത്. കേരളത്തിലാണ് പ്രായമായ മാതാപിതാക്കള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതെന്ന് അഡ്വ. വി കെ ബീരാന്‍ വിശദീകരിച്ചു.
മക്കള്‍ തൊഴില്‍ തേടി വിദേശത്ത് പോവുന്നതുമൂലം വലിയ പ്രതിസന്ധിയാണ് വയോജനങ്ങള്‍ അനുഭവിക്കുന്നത്. കേരളത്തിലുള്ളത് 50 ലക്ഷത്തോളം വയോജനങ്ങളാണ്. ഇവരുടെ സാമൂഹിക, സാമ്പത്തിക, മാനസിക സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്കു ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയോജന കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ച ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഎഫ് അക്കൗണ്ടില്‍ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന 9000 കോടി രൂപ വയോജന ക്ഷേമത്തിന് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. കേരളത്തിലെ സവിശേഷ സാഹചര്യം ബോധ്യപ്പെടുത്തി ഇതില്‍ നിന്നു പണം ലഭ്യമാക്കുക, കേരളത്തിലെ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്ന 600 കോടി രൂപ കേന്ദ്രത്തെ സമീപിച്ച് വയോജനങ്ങളുടെ ക്ഷേമത്തിന് ഉപയോഗപ്പെടുത്തുക, റോഡുകളുടെ ഇരുവശങ്ങളിലും വയോജന സൗഹൃദമായ നടപ്പാത നിര്‍മിക്കുക, നിയോജകമണ്ഡലങ്ങള്‍ തോറും വൃദ്ധസദനങ്ങളും പകല്‍ വീടുകളും സ്ഥാപിക്കുക, സാമൂഹിക നീതി മന്ത്രി ചെയര്‍മാനായി സൊസൈറ്റി രൂപീകരിച്ച് 1000 കോടി രൂപയുടെ സഞ്ചിത നിക്ഷേപം ഉണ്ടാക്കുക, ട്രൈബ്യൂണലുകളില്‍ വയോജന പ്രശ്‌നങ്ങള്‍ക്ക് മാത്രമായി ഡെപ്യൂട്ടി കലക്ടര്‍മാരെ നിയോഗിക്കുക, ജില്ലാ കലക്ടര്‍മാര്‍ക്ക് പകരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റുമാരെയോ സബ് ജഡ്ജിമാരെയോ അപ്പലറ്റ് ട്രൈബ്യൂണല്‍മാരാക്കുക, 2007ലെ വയോജന നിയമപ്രകാരവും 2009ലെ ചട്ടങ്ങള്‍ പ്രകാരവും റഗുലേറ്ററി ബോര്‍ഡ് രൂപീകരിക്കുക, പോലിസ് സ്‌റ്റേഷനുകളില്‍ മുതിര്‍ന്ന പൗരന്‍മാരുടെ ലിസ്റ്റ് സൂക്ഷിക്കുക, പോലിസുകാര്‍ മാസത്തിലൊരിക്കല്‍ മുതിര്‍ന്ന പൗരന്‍മാരെ സന്ദര്‍ശിക്കുക, എല്ലാ മാസവും 20ന് ജില്ലാ മജിസ്‌ട്രേറ്റിനും ജില്ലാ പോലിസ് സൂപ്രണ്ടിനും റിപോര്‍ട്ട് നല്‍കുക, ഡിജിപി മൂന്നുമാസത്തിലൊരിക്കല്‍ റിപോര്‍ട്ട് സര്‍ക്കാരിന് കൈമാറുക തുടങ്ങിയ ആവശ്യങ്ങള്‍ റിപോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നു.
Next Story

RELATED STORIES

Share it