Kottayam Local

'വയോജനങ്ങള്‍ക്ക് വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കും'



കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ എല്ലാ ഡിവിഷനുകളിലും വയോജനങ്ങള്‍ക്കായി വിനോദ വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലി പറഞ്ഞു. ലോക വയോജന ചൂഷണ വിരുദ്ധദിനത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൗണ്‍സലിങ് ഉള്‍പ്പടെയുള്ള സേവനങ്ങളും വാര്‍ധക്യകാല രോഗങ്ങള്‍ക്കുള്ള ചികില്‍സാ സൗകര്യവും ഇത്തരം കേന്ദ്രങ്ങളില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ധക്യത്തില്‍ വീടുകളിലും പൊതുസമൂഹത്തിലും സ്‌നേഹവും പരിഗണനയും ലഭിക്കാതെ ഒറ്റപ്പെട്ട് പോവുന്ന വയോജനങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാരും തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുക. അവഗണനയ്ക്കും ചൂഷണത്തിനും എതിരേയുള്ള പ്രായമായവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു കൂടുതല്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും പ്രസിഡന്റ് പറഞ്ഞു. കോട്ടയം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന അധ്യക്ഷത വഹിച്ചു. വയോജനങ്ങളുടെ സംരക്ഷണത്തിനായി ജനമൈത്രി പോലിസ് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഡിവൈഎസ്പി അശോക് കുമാറും വയോജന സംരക്ഷണത്തിനുള്ള നിയമങ്ങളെ കുറിച്ച് അഡ്വ. ജി ജയശങ്കറും ക്ലാസെടുത്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ബെറ്റി റോയി, ജില്ലാ പഞ്ചായത്ത് അംഗം മഹേഷ് കുമാര്‍, രഞ്ജിത് നാഥ്, കേരള സാമൂഹികസുരക്ഷാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ജോജി ജോസഫ്, എസ്‌ഐഡി കോ ഓഡിനേറ്റര്‍ നൗഫല്‍ കെ മീരാന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it