wayanad local

വയോജനങ്ങള്‍ക്ക് അവഗണന : സുല്‍ത്താന്‍ ബത്തേരി നഗരസഭയ്‌ക്കെതിരേ പ്രതിഷേധം



സുല്‍ത്താന്‍ ബത്തേരി: നഗരസഭാ അധികൃതര്‍ വയോജനങ്ങളെ അവഗണിക്കുകയാണെന്ന് ആക്ഷേപം. വയോജനങ്ങള്‍ നല്‍കിയ നിവേദനത്തെ അവഗണിക്കുകയും ബജറ്റില്‍ പരിഗണിക്കുകയും ചെയ്യാത്ത സാഹചര്യത്തില്‍ മുനിസിപ്പല്‍ വയോജനവേദി അംഗങ്ങള്‍ ഓഫിസിനു മുന്നില്‍ സമരം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മളനത്തില്‍ അറിയിച്ചു. സമരത്തിന്റെ തിയ്യതിയും മറ്റ് കാര്യങ്ങളും ഉടന്‍ തീരുമാനിക്കും. വയോജന പാര്‍ക്ക് നവീകരിക്കാന്‍ എട്ടു ലക്ഷം രൂപ അനുവദിച്ചെങ്കിലും അഞ്ചു ലക്ഷമായി വെട്ടിച്ചുരുക്കിയതിനാല്‍ പദ്ധതി നഷ്ടപ്പെടുന്ന അവസ്ഥയിലാണുള്ളത്. നൂറു കോടി രൂപ ബജറ്റില്‍ അനുവദിച്ചെങ്കിലും വയോജനക്ഷേമത്തിനായി ഒരു പൈസ പോലും മാറ്റിവച്ചിട്ടില്ല. എട്ടോളം ആവശ്യങ്ങളടങ്ങുന്ന നിവേദനം മുനിസിപ്പല്‍ അധികാരികള്‍ക്ക് സമര്‍പ്പിച്ചെങ്കിലും ഒരു മറുപടി പോലും നല്‍കാന്‍ തയ്യാറായില്ലെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വയോജന അയല്‍സഭ വിളിക്കുക, അങ്കണവാടി മുഖേന പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്യുക, വയോജന മിത്രം പദ്ധതി നടപ്പാക്കുക, മുനിസിപ്പല്‍ ബസ്‌സ്റ്റാന്റുകളില്‍ വയോജനങ്ങള്‍ക്കു വിശ്രമമുറി ഏര്‍പ്പെടുത്തുക, മുനിസിപ്പല്‍ ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തിച്ചേരുന്ന വയോജനങ്ങള്‍ക്കു പ്രത്യക പരിഗണന നല്‍കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുകയെന്ന് പി കൃഷ്ണന്‍, സി കെ ജയറാം, മോഹനാബായി, ടി ടി ഭാസ്‌കരന്‍, ജയരാഘവന്‍, സി കെ നാരായണി, പി എം തോമസ്, പി സി ജോര്‍ജ് പറഞ്ഞു.
Next Story

RELATED STORIES

Share it