വയോജനങ്ങളെ കാക്കാന്‍ കുടുംബശ്രീ; എല്ലാ ജില്ലകളിലും ഹര്‍ഷം പദ്ധതി നടപ്പാക്കും

പത്തനംതിട്ട: വയോജനങ്ങ ള്‍ക്കും രോഗികള്‍ക്കും മികച്ച പരിചരണം ലഭ്യമാക്കാന്‍ പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കിയ “കാക്കും കരങ്ങള്‍’ പദ്ധതി വിജയമായതിന്റെ അടിസ്ഥാനത്തില്‍ കുടുംബശ്രീ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഹര്‍ഷം എന്ന പേരില്‍ ഈ പദ്ധതി നടപ്പാക്കുന്നു. 2015-16 കാലയളവില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് വയോജന പരിപാലനം എന്ന ആശയം മുന്നോട്ടുവച്ച് കാക്കും കരങ്ങള്‍ പദ്ധതിക്ക് കുടുംബശ്രീ രൂപം നല്‍കിയത്. പ്രായാധിക്യം മൂലം കഷ്ടത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
സേവനസന്നദ്ധരായ കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് 35 പേരെ തിരഞ്ഞെടുത്ത് 50 ദിവസം നീളുന്ന പരിശീലനം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നല്‍കി. ഇത്തരത്തില്‍ അടിസ്ഥാന പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങളെയാണ് സേവനദാതാക്കളായി ജില്ലയില്‍ നിയോഗിക്കുന്നത്. വയോജനങ്ങളായ ദമ്പതികള്‍ മാത്രമുള്ള വീടുകളില്‍ അവര്‍ക്ക് ആവശ്യമായ കൗണ്‍സലിങ്, മറ്റ് സഹായങ്ങള്‍ എന്നിവ നല്‍കുന്നതിനുള്ള പരിശീലനവും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്.
മികച്ച പരിശീലനം നല്‍കി കുടുംബശ്രീ അംഗങ്ങളെ കെയര്‍ ഗീവര്‍മാരാക്കിയാണ് സംസ്ഥാനത്ത് ഹര്‍ഷം പദ്ധതി നടപ്പാക്കുന്നത്.
ആശുപത്രികളില്‍ രോഗികള്‍ക്ക് കൂട്ടിരിപ്പ്, ഗാര്‍ഹിക വയോജന പരിപാലനം, ഗാര്‍ഹിക രോഗീപരിചരണം, ലഘുവ്യായാമങ്ങള്‍, ഫിസിയോതെറാപ്പി, യോഗ,  കൃത്യമായ ഇടവേളകളില്‍ ആഹാരം, മരുന്ന് നല്‍കല്‍, ഷുഗര്‍, രക്തസമ്മര്‍ദം തുടങ്ങിയവയുടെ പരിശോധന തുടങ്ങിയവയാണ് കെയര്‍ ഗീവര്‍മാരുടെ പ്രധാനപ്പെട്ട ചുമതലകള്‍. പരിചരണത്തിന് കെയര്‍ ഗീവര്‍മാരെ മണിക്കൂറുകളുടെ അടിസ്ഥാനത്തിലും ലഭ്യമാക്കും. ഇത്തരം സേവനങ്ങള്‍ക്ക് നല്‍കേണ്ട ഫീസ് വ്യത്യസ്തവുമായിരിക്കും.
കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സാണ് പദ്ധതി പരിശീലനത്തിന് ആവശ്യമായ ഫണ്ട് നല്‍കുന്നത്. ഹര്‍ഷം പദ്ധതി നടപ്പാവുന്നതോടെ പരിശീലനം ലഭിച്ച കൂടുതല്‍ സേവനദാതാക്കള്‍ സംസ്ഥാനത്ത് ഉണ്ടാകും.
Next Story

RELATED STORIES

Share it