wayanad local

വയല്‍ നികത്തുന്നതു ചോദ്യംചെയ്ത വീട്ടമ്മയെ മര്‍ദ്ദിച്ചതായി പരാതി

മേപ്പാടി: വീടിന് ഭീഷണിയാവുന്ന വിധത്തില്‍ വയല്‍ മണ്ണിട്ടു നികത്തുന്നതു ചോദ്യംചെയ്ത വീട്ടമ്മയെ മര്‍ദ്ദിച്ചതായി പരാതി. മേപ്പാടി പൂത്തക്കൊല്ലി കുക്കിണിപ്പറമ്പില്‍ ആയിഷ(55)യ്ക്കാണ് മര്‍ദ്ദനമേറ്റത്. കൈയ്ക്കും ചെവിക്കും പരിക്കേറ്റ ആയിഷയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആയിഷയുടെ വീടിന് ഭീഷണിയാവുന്ന തരത്തിലാണ് സമീപത്തെ തണ്ണീര്‍ത്തടം റിയല്‍ എസ്റ്റേറ്റ് ലോബി മണ്ണിട്ട് നികത്തുന്നത്. ഈ വയല്‍ പ്രദേശം മണ്ണിട്ട് നികത്തുന്നതിനെതിരേ ജില്ലാ കലക്ടറുടെ സ്റ്റേ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. ഇതു മറച്ചുവച്ചാണ് വീണ്ടും മണ്ണ് നിക്ഷേപിക്കുന്നത്.
മണ്ണിടുന്നതു തന്റെ വീടിന് ഭീഷണിയാണെന്നും പ്രവൃത്തി നിര്‍ത്തിവയ്ക്കണമെന്നും ആയിഷ ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിച്ചിരുന്നു.
എന്നാല്‍, ബലപ്രയോഗത്തിലൂടെ വീണ്ടും പ്രവൃത്തി തുടര്‍ന്നതു ചോദ്യംചെയ്തതിന്റെ പേരിലാണ് മര്‍ദ്ദിച്ചത്. ആയിഷ മേപ്പാടി പോലിസില്‍ പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.
തണ്ണീര്‍ത്തടം നികത്തിയും നിര്‍ധന കുടുംബത്തിന്റെ കിടപ്പാടം നഷ്ടപ്പെടുത്തിയും തുടരുന്ന മണ്ണിടല്‍ നിര്‍ത്തി വയ്ക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോവുമെന്നു മണ്ഡലം സെക്രട്ടറി ബഷീര്‍ മുക്കില്‍പീടിക, മേപ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മഹറൂഫ് മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it