വയല്‍ക്കിളി സമരപ്പന്തല്‍ സിപിഎം കത്തിച്ചു

തളിപ്പറമ്പ്: സിപിഎം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ ഏക്കറുകണക്കിനു നെല്‍വയല്‍ നികത്തി ദേശീയപാതാ ബൈപാസ് നിര്‍മിക്കുന്നതിനെതിരേ സമരം നടത്തുന്ന വയല്‍ക്കിളി പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത ശേഷം പോലിസ് സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍വേ പൂര്‍ത്തിയാക്കി.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. മണിക്കൂറുകള്‍ നീണ്ട ഉദ്വേഗ നിമിഷങ്ങള്‍ക്കൊടുവില്‍ സിപിഎം പ്രവര്‍ത്തകര്‍ സമരപ്പന്തല്‍ തീയിട്ടു നശിപ്പിച്ചു. ചെറുത്തുനിന്നവരെ വിരട്ടിയോടിച്ച ശേഷം വയലിലെ വൈക്കോല്‍ക്കൂനയും ചാമ്പലാക്കി. കനത്ത പോലിസ് സാന്നിധ്യത്തിലാണ് ഭൂവുടമകളെ അറസ്റ്റ് ചെയ്ത ശേഷം അതിക്രമങ്ങള്‍ അരങ്ങേറിയതും ഉദ്യോഗസ്ഥര്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയതും. സര്‍വേയ്ക്കായി ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ എത്തുന്നതറിഞ്ഞ് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 60ഓളം പേര്‍ വയലില്‍ തമ്പടിച്ചിരുന്നു.
തളിപ്പറമ്പ് ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്തു നിലയുറപ്പിച്ചു. മെഡിക്കല്‍ സംഘവും അഡീഷനല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ അധികൃതരും സ്ഥലത്തെത്തി. അനുരഞ്ജന ചര്‍ച്ചയ്ക്കായി ഡിവൈഎസ്പി തുനിഞ്ഞെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. സമരനായകന്‍ സുരേഷ് കീഴാറ്റൂര്‍, സമരനായിക നമ്പ്രാടത്ത് ജാനകി ഉള്‍പ്പെടെയുള്ളവര്‍ ചെങ്കൊടിയേന്തിയ വടിയും പ്ലാസ്റ്റിക് കുപ്പിയില്‍ മണ്ണെണ്ണയുമായി നിലയുറപ്പിച്ചതോടെ പോലിസ് പ്രതിസന്ധിയിലായി. സ്ഥലത്തേക്കു പോലിസും സര്‍വേ ഉദ്യോഗസ്ഥരും അടുക്കാതിരിക്കാന്‍ വയലിന്റെ നാലു മൂലകളിലും വൈക്കോലിനു തീയിട്ടിരുന്നു. ഇതിനിടെ ഉച്ചയോടെ സിപിഎം പ്രവര്‍ത്തകരെത്തി സമരക്കാരെ കൂകി വിളിച്ചു. ഇതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. വാക്കേറ്റം തുടരവെ പോലിസെത്തി സമരക്കാരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വയലിലിറങ്ങി സമരക്കാരുടെ ഷെഡിന് തീയിട്ടു. മണിക്കൂറുകള്‍ക്കൊടുവില്‍ ഉദ്യോഗസ്ഥര്‍ വയല്‍ ഉള്‍പ്പെടെയുള്ള സ്ഥലം അളന്നുതിട്ടപ്പെടുത്തി സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി.
കീഴാറ്റൂരില്‍ 250 ഏക്കറോളം വയല്‍ നികത്തി ദേശീയപാതാ ബൈപാസിനായി സ്ഥലമേറ്റെടുക്കുന്നതിനെതിരേ ആദ്യം സിപിഎം പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ സമരത്തെ സിപിഎം നേതൃത്വവും സര്‍ക്കാരും തള്ളിപ്പറഞ്ഞു. പിന്നെയും സമരത്തില്‍ പങ്കെടുത്ത 11 പ്രവര്‍ത്തകരെ പുറത്താക്കി.
ഇതിനിടെ, കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. സമരം ശക്തിപ്രാപിക്കവെ സിപിഎം നേതൃത്വത്തിന്റെ നിശ്ശബ്ദമായ ഇടപെടലിലൂടെ ഭൂരിഭാഗം ഭൂവുടമകളും സര്‍ക്കാരിനു സമ്മതപത്രം നല്‍കി. എന്നാല്‍, തെറ്റിദ്ധരിപ്പിച്ചാണു സമ്മതപത്രം വാങ്ങിയതെന്നായിരുന്നു വയല്‍കിളികളുടെ വാദം.
Next Story

RELATED STORIES

Share it