വയല്‍ക്കിളി സമരക്കാരെ കൊല്ലാന്‍ പദ്ധതി; ആര്‍എസ്എസ് നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന് സിപിഎം

കണ്ണൂര്‍: ഏക്കര്‍ കണക്കിനു വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരേ സമരം നടത്തുന്ന തളിപ്പറമ്പ് കീഴാറ്റൂര്‍ വയല്‍ സമരപ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മൊഴിയില്‍ കൊലപാതക ഗൂഢാലോചനയ്ക്കു കൂടി കേസെടുക്കണമെന്ന് സിപിഎം. തൃച്ഛംബരം ക്ഷേത്രോല്‍സവത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലിസിനു നല്‍കിയ മൊഴിയിലാണു വെളിപ്പെടുത്തലുള്ളതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച സംഘത്തില്‍ അറസ്റ്റിലായവര്‍ തന്നെയാണ് താവം ബാറില്‍ അക്രമം നടത്തിയത്. ഇതിനുശേഷം കീഴാറ്റൂര്‍ വയലില്‍ എത്തിയെന്നും അവിടെയുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഇരിക്കുകയായിരുന്ന രതീഷിനെയും മറ്റൊരാളെയും കൊലപ്പെടുത്താനാണ് പദ്ധതിയിട്ടതെന്നുമാണ് മൊഴി നല്‍കിയിട്ടുള്ളത്.
അക്രമിസംഘം എത്തിയപ്പോള്‍ അവരെ കാണാനാവാതെ മടങ്ങുകയായിരുന്നു. ഇതില്‍ രതീഷ് കീഴാറ്റൂര്‍ വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരനാണ്. ഇരട്ടക്കൊലപാതകം നടത്തി സിപിഎമ്മിനു മേല്‍ കെട്ടിവയ്ക്കാനാണു ശ്രമിച്ചത്. പദ്ധതി പാളിപ്പോയപ്പോള്‍ പിടിയിലായ പ്രതികള്‍ക്ക് സംഘപരിവാരബന്ധമില്ലെന്നു പറഞ്ഞ് കൈകഴുകാനാണു ശ്രമം. പിടിയിലായ രാകേഷ് ബജ്‌രംഗ്ദള്‍ പയ്യന്നൂര്‍ ജില്ലാ സമ്പര്‍ക്ക് പ്രമുഖാണ്. ജയന്‍ ഉള്‍പ്പെടെ മറ്റെല്ലാവരും ഒടിസി പരിശീലനം കഴിഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.
ക്ഷേത്രങ്ങളില്‍ വിശ്വാസികള്‍ എത്തുന്നത് ഭക്തിയോടെയാണെങ്കില്‍ ആര്‍എസ്എസുകാരെത്തുന്നത് കത്തിയും മാരകായുധങ്ങളുമായാണെന്ന് ഇതിലൂടെ തെളിഞ്ഞു. കീഴാറ്റൂര്‍ വയലില്‍ കൊലപാതകം നടത്തി തളിപ്പറമ്പ് ഉള്‍പ്പെടെ മറ്റു മേഖലകളില്‍ കലാപം നടത്താനായിരുന്നു ആര്‍എസ്എസ് പദ്ധതി. ഇതിന്റെ ഭാഗമായി നടത്തിയ നാടകമാണ് താവം ബാര്‍ ആക്രമണം.
സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. തളിപ്പറമ്പിലെ കാര്യാലയം കേന്ദ്രീകരിച്ചാണ് കലാപ ഗൂഢാലോചന നടന്നത്. ശരിയായ രീതിയില്‍ പോലിസ് അന്വേഷിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. ഗൂഢാലോചനയില്‍ പങ്കെടുത്ത ആര്‍എസ്എസ് നേതാക്കള്‍ക്കെതിരേയും കേസെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it