വയല്‍ക്കിളികളുടെ സമരത്തെ പിന്തുണയ്ക്കില്ലെന്ന് ഐഎന്‍ടിയുസി

കോഴിക്കോട്: കണ്ണൂര്‍ കീഴാറ്റൂരില്‍ ദേശീയപാതാ ബൈപാസ് നിര്‍മാണത്തിനെതിരായ വയല്‍ക്കിളികളുടെ സമരത്തോടു യോജിപ്പില്ലെന്നും സമരം ന്യായമല്ലെന്നും ഐഎന്‍ടിയുസി ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന അധ്യക്ഷനുമായ ആര്‍ ചന്ദ്രശേഖരന്‍. വയല്‍ക്കിളികളുടെ സമരത്തിനു പിന്നിലെ ന്യായവും നിലപാടും ഐഎന്‍ടിയുസിക്ക് പ്രശ്‌നമല്ല. ശ്രദ്ധ പിടിച്ചുപറ്റാന്‍ വികസന വിരുദ്ധ സമരം നടത്തുന്നവര്‍ തൊഴിലാളികളല്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കീഴാറ്റൂരില്‍ സമരം നടത്തുന്നതു തൊഴില്‍പ്രശ്‌നം ഉന്നയിച്ചല്ല. ജനശ്രദ്ധയ്ക്കാണു തൊഴിലാളികളുടെ ലേബലില്‍ സമരത്തെ കെട്ടിവയ്ക്കുന്നത്. കപടമായ രാഷ്ട്രീയത്തോടു യോജിക്കാനാവില്ല. ദേശീയപാത കേരളത്തില്‍ 30 മീറ്ററാക്കുന്നതിനോടും വിയോജിപ്പാണുള്ളത്. രാജ്യവികസനത്തിനു വിരുദ്ധമായ സമരങ്ങള്‍ക്ക് സംഘടനകളും പ്രസ്ഥാനങ്ങളും കൂട്ടുനില്‍ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സമരത്തിനു കോണ്‍ഗ്രസ് പിന്തുണ നല്‍കിവരുന്നതിനിടെയാണു പോഷക സംഘടനാ നേതാവിന്റെ സമരത്തിനെതിരായ പ്രതികരണം.
സമ്പൂര്‍ണ മദ്യനിരോധനം നടപ്പാവാത്ത തീരുമാനമാണ്. അതു തൊഴിലാളികളെ ദ്രോഹിക്കാന്‍ മാത്രമേ ഉപകരിക്കൂ. മദ്യനിരോധനം നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിച്ചപ്പോഴൊക്കെ അതു പരാജയപ്പെട്ട ചരിത്രം മാത്രമേയുള്ളൂ. മദ്യനിരോധനത്തെ ഐഎന്‍ടിയുസി പിന്തുണയ്ക്കുന്നില്ല.
അടച്ചുപൂട്ടിയ ബാറുകളും കള്ളുഷാപ്പുകളും കോടതി ഉത്തരവിന്റെ പേരില്‍ തുറന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടി സംബന്ധിച്ച് ഇപ്പോള്‍ അഭിപ്രായം പറയാന്‍ ആയിട്ടില്ല. ബലപ്രയോഗത്തിലൂടെ മദ്യനിരോധനം നടപ്പാക്കാനാവില്ലെന്നും പകരം മദ്യവര്‍ജനമാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഐഎന്‍ടിയുസി അഖിലേന്ത്യാ സെക്രട്ടറി എം പി പത്മനാഭന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി രാമചന്ദ്രന്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം രാജന്‍ എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it