Azhchavattam

വയലാറിന്റെ ചെറുകഥകള്‍

വയലാറിന്റെ ചെറുകഥകള്‍
X
blurb-vayalar

ഏതു കാലഘട്ടത്തിലും ഒരെഴുത്തുകാരന്റെ തട്ടകം താന്‍ ജീവിക്കുന്ന ചുറ്റുപാടും കാലാവസ്ഥയും ആയിരിക്കും. ഏതൊരു കലാസൃഷ്ടിയുടെയും പിറവിക്കും ഉണര്‍വിനും ആ ഭൂമിക അത്യന്താപേക്ഷിതമാണുതാനും. മലയാളത്തിന്റെ എന്നത്തെയും പ്രിയ കവി, അതിലേറെ ജനപ്രിയനായ ഗാനരചയിതാവ് വയലാര്‍ രാമവര്‍മയുടെ തൂലികത്തുമ്പില്‍ നിന്നടര്‍ന്നുവീണത് കാവ്യമലരുകള്‍ മാത്രമായിരുന്നില്ല, കഥാകുസുമങ്ങളും കൂടി ആയിരുന്നു. അമ്പതുകളുടെ പൂര്‍വപാദത്തില്‍ എഴുതപ്പെട്ട രക്തം കലര്‍ന്ന മണ്ണ്, വെട്ടും തിരുത്തും എന്നിവയാണ് അദ്ദേഹത്തിന്റെ കഥാസമാഹാരങ്ങള്‍. ഇവ കൂടാതെ ആ അനുഗൃഹീത തൂലികയില്‍നിന്ന് ചില അനുഭവക്കുറിപ്പുകളും സ്മരണകളും പിറവിയെടുത്തിട്ടുണ്ട്.

സാമ്പ്രദായിക ശൈലിയില്‍നിന്ന് മാറിച്ചിന്തിച്ച്, തന്റെ ചുറ്റുപാടും നിലനിന്നിരുന്ന ചൂഷണ വ്യവസ്ഥിതികളെ അവതരിപ്പിക്കുന്നു ഈ പുസ്തകങ്ങള്‍. രണ്ടു സമാഹാരങ്ങളിലെയും കഥാതന്തുക്കള്‍ ഏറക്കുറേ സമാനങ്ങളാണ്.

കാലത്തിന്റെ നേര്‍ക്കു പിടിച്ച കണ്ണാടികള്‍ എന്നും വിശേഷിപ്പിക്കാം.നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ആ കാലഘട്ടത്തിന്റെ വാങ്മയചിത്രങ്ങളായി അവ നിലനില്‍ക്കുകയും ചെയ്യും. രക്തം കലര്‍ന്ന മണ്ണില്‍ നാലു കഥകളാണുള്ളത്. താനൊരു കഥയെഴുത്തുകാരനല്ലെന്നും ഗദ്യത്തേക്കാള്‍ കഥാബീജം പദ്യരൂപത്തിലാവുന്നതാണ് തനിക്കിഷ്ടമെന്നും ആമുഖത്തില്‍ വയലാര്‍ സൂചിപ്പിക്കുന്നു. ആയിഷ പോലുള്ള ഖണ്ഡകാവ്യം മുതല്‍ തറവാടിന്റെ മാനവും കുചേലന്‍ കുഞ്ഞന്‍നായരും പോലുള്ള അനേകം കഥാകാവ്യങ്ങളിലൂടെ അദ്ദേഹമത് തെളിയിച്ചിട്ടുണ്ട്. പുഴ, പാറക്കെട്ടിലേക്ക് പിടിച്ചു കയറുന്നു എന്ന കഥയില്‍ ഒരു തീവണ്ടി യാത്രയ്ക്കിടെ ഉണ്ടായ രസകരമായ അനുഭവങ്ങളെ അവതരിപ്പിക്കുന്നു. ജീവിതത്തില്‍ പ്രസവിക്കാന്‍ അനുവാദമില്ലാത്ത കന്യാസ്ത്രീ തീവണ്ടിമുറിക്കുള്ളില്‍ പ്രസവിക്കുന്നതിനെക്കുറിച്ചുള്ള ഒരു കഥയുണ്ട് ആ സമാഹാരത്തില്‍. പ്രസവം എല്ലാവരിലും അമ്പരപ്പ് സൃഷ്ടിച്ചു.

ഒടുവില്‍, തീവണ്ടിയില്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്ന ആ കന്യാസ്ത്രീയുടെ മുന്‍ കാമുകന്‍ കൂടിയായ പുരോഹിതന്‍ ആ അമ്മയെയും കുഞ്ഞിനെയും സ്വീകരിക്കുന്നു. കോണ്‍വെന്റിന്റെ ആകാശം മുട്ടുന്ന ചുറ്റുമതിലിനുള്ളില്‍ മാത്രം ഒതുങ്ങിനിന്ന ഒട്ടേറെ രഹസ്യക്രൂരതകളിലൂടെ ഒരു വ്യവസ്ഥിതിയെത്തന്നെ കഥാകാരന്‍ ചോദ്യം ചെയ്യുന്നുണ്ട് ഈ കഥകളിലൂടെ.മറ്റൊരു കഥയില്‍ തന്റെ നാട്ടിലെ വീരസാഹസിക ചരിത്രസംഭവത്തെ കഥാകാരന്‍ മഹത്ത്വവല്‍ക്കരിക്കുന്നു.  അധികാരധാര്‍ഷ്ട്യത്തിന്റെ ബാക്കിപത്രമായ വെടിയേറ്റു തുളഞ്ഞ തെങ്ങുകളും നിലനില്‍പിനുവേണ്ടി ജീവിതം ബലിയര്‍പ്പിച്ചവരുടെ ഭൗതികസ്മാരകമായ മണല്‍ക്കൂനയും ഒരു കാലഘട്ടത്തിന്റെ പ്രതീകങ്ങളായി മാറുന്നു. പാരമ്പര്യത്തിന്റെയും ആഢ്യത്വത്തിന്റെയും ഇരുണ്ട നാലുകെട്ടിലെ കുകുടുമയും വച്ച് മറക്കുട ചൂടി നടന്ന ഫ്യൂഡല്‍വ്യവസ്ഥിതിയുടെ കുടുമ മുറിച്ച കഥയാണ്് ഒരു ചട്ടക്കൂട് തകരുന്നു.

ആത്മകഥാംശം ഏറ്റവുമടുത്തു നില്‍ക്കുന്ന ഒരു ആഖ്യാനമാണിത്. ഇതൊരു ചെറുകഥയല്ല എന്ന കഥ, ജനപ്രിയനായ ഒരു സാമൂഹികനേതാവിന്റെ അന്ത്യനിമിഷങ്ങള്‍ വര്‍ണിക്കുന്നു. മൂന്നാമത്തെ അറ്റാക്ക് എന്ന ഭീകരതയ്ക്കുമുന്നില്‍ അദ്ദേഹം മടിച്ചുമടിച്ചെങ്കിലും കീഴടങ്ങുന്നു. ഇതുപോലെത്തന്നെ മറ്റു കഥകളും. വെട്ടും തിരുത്തും എന്ന സമാഹാരത്തില്‍ എട്ടു കഥകളാണുള്ളത്. തറവാടിന്റെ പാരമ്പര്യവും അഭിമാനവും ഓര്‍ത്ത് അതിനെ താലോലിച്ച് കാലം കഴിച്ചിരുന്ന ഗോവിന്ദന്‍ നായരുടെ കഥയാണ്് വെട്ടും തിരുത്തും. സംഘടനയുടെ ഒപ്പം നിന്ന് ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുമ്പോള്‍ സംഘടനയില്‍ നിന്നു രാജിവച്ച ജോസഫിന്റെ ചിന്തകളാണ്്രാജിയുടെ തെറ്റ് എന്ന കഥ. സാഹചര്യങ്ങളുടെ കുത്തൊഴുക്കില്‍ വേശ്യയായി മാറിയ ലില്ലിയുടെ കഥയാണ്് അവരും സംഘടിച്ചെന്ന്.

പോലിസിന്റെ കിരാത വാഴ്ച്ചയെത്തുടര്‍ന്ന് ഒരാള്‍ സര്‍ക്കാര്‍ വിരുദ്ധനായി മാറിയ കഥയാണ്് നിയമം നടക്കാറുണ്ട്. എവിടെയൊക്കെയോ പടരുന്ന തീമലകള്‍ ആളിക്കത്തിക്കുവാന്‍ ശക്തിയുള്ളവയാവട്ടെ തന്റെ കലാസൃഷ്ടികള്‍ എന്ന് കഥാകൃത്ത് പ്രത്യാശിക്കുന്നു. അനുഭവങ്ങളുടെ തീച്ചൂളയില്‍ ഉലയൂതി, സ്വന്തമായി വാര്‍ത്തെടുത്ത ഒരു ശൈലിയിലൂടെ ചൂഷണം ചെയ്യപ്പെട്ടവരുടെ ആത്മാവിന്റെ സത്തകള്‍ തേടി യാത്ര നടത്തുകയാണ്് വയലാര്‍. തന്റെ സഹജീവികളുടെ വേദനകളും വികാരങ്ങളും ചിത്രീകരിക്കുമ്പോള്‍ ഭാഷയ്ക്കു ലഭിച്ചത് അസുലഭസുന്ദരങ്ങളായ കുറേ കഥകളായിരുന്നു. അതിലുപരി ഒരു കാലഘട്ടത്തിന്റെ പ്രൗഢഗംഭീരമായ ചരിത്രവും.
Next Story

RELATED STORIES

Share it