Middlepiece

വയലാര്‍ രാമവര്‍മയെ ഓര്‍ത്ത് ഒരു നിമിഷം

പി എ എം ഹനീഫ്‌

ഒക്ടോബര്‍ 27. നാളെ വയലാര്‍ രാമവര്‍മയുടെ 40ാം ചരമദിനമാണ്. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം ഒക്ടോബര്‍ 27 ശോകദിനങ്ങളിലൊന്നാണ്. മലയാളിയുടെ ശോകസമ്പന്നരിലൊന്നാമനാണ് വയലാര്‍. കാരണം, ഇന്നത്തെ തലമുറയ്ക്കുപോലും വയലാര്‍ എന്ന കവി, സിനിമാഗാന രചയിതാവ് അത്രമേല്‍ പ്രിയപ്പെട്ടവനാണ്. കൊതിതീരും വരെ ജീവിച്ചു മരിക്കാന്‍ ഈ മനോഹരതീരത്തൊരു ജന്മംകൂടി തരുമോ എന്നു പാടിയ കവിയെ ഏതു തലമുറയാണ് ഇഷ്ടപ്പെടാത്തത്? ഒരു സന്ദര്‍ഭം ഓര്‍ക്കാം.
പനി ബാധിച്ച് അവശനായി വയലാര്‍ ഒരുനാള്‍ കൗമുദി ബാലകൃഷ്ണന്റെ വീട്ടില്‍ ചെല്ലുന്നു. അല്‍പ്പം കഞ്ഞി വേണം. ഉടനെ തന്നെ വേണം. അതാണാവശ്യം. കെ ബാലകൃഷ്ണന്‍ വിഷാദഗ്രസ്തനാണ്. പ്രിയപ്പെട്ട കുട്ടന്റെ ആവശ്യം കേട്ടിട്ടും ബാലകൃഷ്ണന്റെ വിഷാദം നീങ്ങിയില്ല (വയലാറിനെ കുട്ടന്‍ എന്നാണ് ഇഷ്ടക്കാര്‍ വിളിക്കുക). കാര്യം മനസ്സിലാവാതെ വയലാര്‍ കുഴങ്ങി. നിര്‍ബന്ധിച്ചപ്പോള്‍ കെ ബാലകൃഷ്ണന്‍ ആ ദുരന്തവാര്‍ത്ത വയലാറിനോടു പറഞ്ഞു.
പ്രസിദ്ധ നടന്‍ പി കെ വിക്രമന്‍നായര്‍ മരണപ്പെട്ടു. ബാലകൃഷ്ണന്‍-വിക്രമന്‍നായര്‍-വയലാര്‍; അതൊരപൂര്‍വ സൗഹൃദമായിരുന്നു. വയലാര്‍ ഉടനെ മരണവീട്ടിലേക്ക് ഇറങ്ങി. ബാലകൃഷ്ണന്‍ തടഞ്ഞുനിര്‍ത്തി. ഒരു വെള്ളക്കടലാസ് ഷീറ്റ് വയലാറിന്റെ മുമ്പിലേക്ക് നീക്കിവച്ചു.
''വിക്രമനെക്കുറിച്ച് കവിത തന്നിട്ടു പോയാല്‍ മതി.''
വയലാര്‍ കടലാസുമായി മാറിയിരുന്നു. പ്രശസ്തമായ ആ കറുത്ത സ്വാന്‍ പേന തുറന്നു.
കൈയിലൊരിന്ദ്രധനുസ്സുമായ് കാറ്റത്ത്
പെയ്യുവാന്‍ നിന്ന തുലാവര്‍ഷമേഘമേ
കമ്രനക്ഷത്ര രജനിയിലിന്നലെ
കണ്ടുവോ നീയെന്റെ രാജഹംസത്തിനെ...
പ്രസിദ്ധമായ ആ ഗാനം ഇങ്ങനെ അവസാനിക്കുന്നു:
എന്നെ ഞാന്‍ നല്‍കാ-മെനിക്കു തിരിച്ചു നീ
യെന്നു കൊണ്ടത്തരും വിക്രമന്‍ ചേട്ടനെ.
വയലാറിന് വിളിപ്പുറത്തായിരുന്നു കാവ്യദേവത. പല ഗാനങ്ങളും ജന്മമെടുത്തതിനു പിന്നില്‍ എത്രയോ സംഭവകഥകള്‍. അലസത മൂത്ത് എവിടെയെങ്കിലും ചടഞ്ഞിരിക്കുമ്പോഴാവും സിനിമാമേലാളന്‍മാരുടെ വിളി. പാട്ടു കിട്ടിയിട്ടില്ല. അതേ ഫോണില്‍ പാട്ട് പറഞ്ഞുകൊടുത്ത എത്രയോ സന്ദര്‍ഭങ്ങള്‍. ഇന്നത്തെപ്പോലെ വാട്‌സ്ആപ്പും ഇ-മെയില്‍ സാങ്കേതികതകളും ഇല്ലാത്ത കാലത്ത് നാഴികകള്‍ക്കപ്പുറത്തിരുന്ന് വയലാര്‍ പാട്ട് ചൊല്ലിക്കൊടുക്കും. കേട്ടെഴുതാന്‍ എനിക്കു ഭാഗ്യമുണ്ടായിട്ടുണ്ട്. ഒരു നാടകഗാനം.
കവിതയും ഗാനങ്ങളും തമ്മിലുള്ള അതിര്‍ത്തി ഇല്ലാതാക്കി എന്നതു മാത്രമല്ല, വിമോചനശക്തികളുടെ പക്ഷത്ത് വയലാര്‍ രാമവര്‍മ എന്നും ഉറച്ചുനിന്നു. 'ശബരിമലയിലും കല്ല്, ശക്തീശ്വരത്തും കല്ല്; ഗുരുവായൂരിലും തിരുപ്പതിമലയിലും തൃച്ഛംബരത്തും കല്ല്! കല്ലിനെത്തൊഴുന്നവരെ, നിങ്ങളീ കല്‍പ്പണിക്കാരെ മറക്കരുതേ...' എന്നെഴുതിയ വയലാര്‍ മലയാളവും മലയാളിയും ഉള്ളിടത്തോളം ഓര്‍മിക്കപ്പെടും. ഗദ്യരചനയില്‍ ഇത്രയേറെ മിനുസപ്പെട്ട ശൈലി ഉപയോഗിച്ച മറ്റൊരു എഴുത്തുകാരനെയും നമുക്കോര്‍മിക്കാനില്ല.
* * *
1960കളില്‍ ചങ്ങനാശ്ശേരി എസ്ബി കോളജില്‍ പഠിക്കുന്ന കാലം. ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരപരിസരത്ത് സംഗീതാചാര്യന്‍ എല്‍ പി ആര്‍ വര്‍മയുടെ വീട്ടില്‍ വയലാര്‍ വന്നു. ഞാനവിടെ നിത്യസന്ദര്‍ശകനായിരുന്നു. എന്നെ ചൂണ്ടി എല്‍ പി ആര്‍ വയലാറിനോടു പറഞ്ഞു: ''ഇവന് എഴുതാന്‍ കുറച്ചൊക്കെ വശമുണ്ട്.'' വയലാര്‍ എന്നെ കൗതുകത്തോടെ നോക്കി. ആ നോട്ടവും അനുഗ്രഹം കലര്‍ന്ന ചിരിയും ഇന്നും ഞാന്‍ ഓര്‍ക്കുന്നു.
Next Story

RELATED STORIES

Share it