വയലാര്‍ ഓര്‍മയായിട്ട് നാലു പതിറ്റാണ്ട്

കെ സനൂപ്

പാലക്കാട്: ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം... ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം... ഈ മനോഹര തീരത്തു തരുമോ, ഇനിയൊരു ജന്മം കൂടി..... എന്നു പാടിയ വയലാര്‍ ഓര്‍മയായിട്ട് ഇന്നേക്ക് നാലു പതിറ്റാണ്ടു പൂര്‍ത്തിയാവുന്നു. മലയാള കാവ്യസപര്യക്ക് വിപ്ലവത്തിന്റെ പുതു യൗവനം പകര്‍ന്നു നല്‍കിയ വയലാര്‍ രാമവര്‍മയുടെ ഗാനങ്ങളിലെ ധ്വനികള്‍ ഇന്നും മാറ്റൊലിയായി മുഴങ്ങുന്നു.
കപട ലോകത്തില്‍ ആത്മാര്‍ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം എന്നു ലോകത്തോടു വിലപിച്ച് ചങ്ങമ്പുഴ ഉയര്‍ത്തിവിട്ട ദുര്‍ബലമായ വിപ്ലവ ചിന്തകള്‍ക്ക് ഊര്‍ജം നല്‍കി കാവ്യലോകത്തെ കൈപിടിച്ചുയര്‍ത്തിയവരില്‍ പ്രമുഖനായിരുന്നു വയലാര്‍.
'നാരികള്‍ നാരികള്‍ വിശ്വവിപത്തിന്റെ നാരായ വേരുകള്‍' എന്നു പാടിയ വയലാര്‍ പക്ഷേ, വിപ്ലവത്തിന്റെ വെള്ളിവെളിച്ചം മച്ചിന്റെ അകത്തളങ്ങളില്‍ ഒതുങ്ങിത്തീര്‍ന്ന സ്ത്രീജനങ്ങള്‍ക്കു പകര്‍ന്നു നല്‍കാനും കവിത മാധ്യമമാക്കി. 'ഞാനൊരു രമണന്റെ വിഡ്ഢിത്തം കാണിക്കില്ല, മാനത്തു ചിരിക്കുന്ന നക്ഷത്രത്തെ നോക്കി കയര്‍ ഞാനെടുത്തേക്കും, കുടുക്കിട്ടതിനുള്ളിലുയിരിന്‍ നാളം പക്ഷേ, കോര്‍ത്തുടക്കുകയില്ല, പ്രേമിക്കാന്‍- പരസ്പരം സ്‌നേഹിക്കാന്‍ കൂട്ടാക്കാത്ത സാമൂഹ്യഘടന തന്‍ കഴുത്തില്‍ ചുറ്റിക്കെട്ടാന്‍, കയര്‍ ഞാനെടുത്തേക്കും മര്‍ദ്ദകര്‍ക്കൊരു കൊലക്കയറായതു പുളഞ്ഞലറി ചിരിച്ചേക്കാം എന്നുപാടിയ വയലാര്‍ ഇന്ന് രാജ്യം നേരിടുന്ന വര്‍ഗീയ ഫാഷിസത്തിന്റെ കൂരമ്പുകളെ മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്നു വ്യക്തം.
'കാലമാണവിശ്രമം പായുമെന്നശ്വം സ്‌നേഹജ്വാലയാണെന്നില്‍ കാണും ചൈതന്യം സനാതനം, മനുഷ്യന്‍ മനുഷ്യന്‍ ഞാനെന്നില്‍ നിന്നാരംഭിച്ചു.. മഹത്താം പ്രപഞ്ചത്തില്‍ ഭാസുര സങ്കല്‍പങ്ങള്‍' എന്നുപാടി അദ്ദേഹം വിപ്ലവവും പ്രകൃതിയോടുള്ള സ്‌നേഹവും തന്റെ വരികളിലൂടെ വ്യക്തമാക്കി.
വയലാറിന്റെ കാവ്യപ്രപഞ്ചത്തിലെ സമസ്തതലങ്ങളും പരിശോധിച്ചാല്‍ ഭൂമിക്കൊരു ചരമഗീതം എഴുതുമ്പോള്‍ ഒഎന്‍വി കണ്ട കാര്യങ്ങള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ വയലാര്‍ എഴുതിയിരുന്നു എന്നു വ്യക്തം. അറുപതു വര്‍ഷം കഴിഞ്ഞിട്ടും വയലാറെഴുതിയ ആയിഷ ഖണ്ഡകാവ്യത്തിലെ പ്രമേയം ഇന്നും പ്രസക്തമാണ്. മതഭ്രാന്തും വര്‍ഗീയ വൈരവും മതത്തിനുള്ളിലെ അപഥസഞ്ചാരവും കശക്കിയെറിഞ്ഞ ഒരു പെണ്‍കുട്ടിയുടെ കഥയാണത്. അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍ മതത്തിന്റെയും ദൈവത്തിന്റെയും പേരിലുള്ള ചൂഷണങ്ങള്‍, ജന്മിത്തത്തിന്റെയും മുതലാളിത്തത്തിന്റെയും ക്രൂരതകള്‍, അയിത്തം, ഉച്ചനീചത്വം ഇതിനെല്ലാമെതിരായി തൂലിക പടവാളാക്കുകയായിരുന്നു വയലാര്‍ ചെയ്തത്.
ഭൂതകാല സംസ്‌കൃതിയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട് വര്‍ത്തമാനകാലത്തോടു തീക്ഷ്ണമായി പ്രതികരിച്ച് ഭാവിയിലേക്കു വിരല്‍ചൂണ്ടിയ കവിയായിരുന്നു വയലാര്‍. 'ബലികുടീരങ്ങളേ' മുതല്‍ വിപ്ലവഗാനങ്ങളുടെ ഒരു പരമ്പരതന്നെയാണ് വയലാര്‍ വിപ്ലവ പ്രസ്ഥാനങ്ങള്‍ക്കു പകര്‍ന്നുനല്‍കിയത്.
Next Story

RELATED STORIES

Share it