വയറുവേദനയോ? യന്ത്രമനുഷ്യനെ വിഴുങ്ങിയാല്‍ മതി

കാംബ്രിജ്: സ്ഥിരമായി വയറുവേദന ഉണ്ടാവുന്നവരുടെ വയറു വൃത്തിയാക്കാനും മുറിവില്‍ മരുന്നുവയ്ക്കുന്നതിനും ഇനി യന്ത്രമനുഷ്യനുണ്ടാവും. വയറ്റില്‍ അകപ്പെട്ട ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കള്‍ പുറന്തള്ളുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് യന്ത്രമനുഷ്യന്‍ ചെയ്യുക.
വയറു തുറന്ന് ശസ്ത്രക്രിയ നടത്തുന്ന യന്ത്രമനുഷ്യനാണെന്നു കരുതിയെങ്കില്‍ തെറ്റി. ഇത് ഇത്തിരിക്കുഞ്ഞന്‍ യന്ത്രമനുഷ്യനാണ്. ശരിയായി പറഞ്ഞാല്‍ ഒരു കാപ്‌സ്യൂള്‍ ഗുളികയുടെ അത്രയും ചെറുത്. സാധാരണ ഗുളിക പോലെ ഇതു വിഴുങ്ങിയാല്‍ മതി. വയറിനകത്തെത്തിയ യന്ത്രമനുഷ്യന്‍ പിന്നീടെല്ലാം ചെയ്തുകൊള്ളും. കാപ്‌സ്യൂള്‍ ഗുളികയില്‍ നിന്നു പുറത്തുകടന്ന് പണി തുടങ്ങും. നഖം, മുടി തുടങ്ങി കാലങ്ങളായി വയറിനകത്തു ദഹിക്കാതെ കിടക്കുന്നവയെ പുറന്തള്ളി വയര്‍ വൃത്തിയാക്കും.
കാംബ്രിജിലെ മാസച്ചുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരാണ് ഈ ഇത്തിരിക്കുഞ്ഞന്‍ യന്ത്രമനുഷ്യനെ വികസിപ്പിച്ചത്. വയറിനുള്ളിലെ മുറിവു കെട്ടുന്നതിനും മരുന്ന് കുത്തിവയ്ക്കുന്നതിനും ഇതിനു കഴിയും. സോസേജില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള പന്നിയുടെ ഉണങ്ങിയ കുടല്‍ഭാഗമാണ് യന്ത്രമനുഷ്യന് രൂപം നല്‍കാന്‍ ഉപയോഗിച്ചിട്ടുള്ളത്.
കാന്തിക തരംഗങ്ങളുപയോഗിച്ച് പുറത്തുനിന്ന് ഈ യന്ത്രമനുഷ്യന് നിര്‍ദേശങ്ങള്‍ നല്‍കാനാവും. സെന്‍സറുകളും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. പരീക്ഷണം വിജയകരമാണെന്നാണ് മാസച്ചുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി അധികൃതര്‍ പറയുന്നത്.
Next Story

RELATED STORIES

Share it