വയനാട് വന്യജീവി സങ്കേതത്തില്‍ വെടിയേറ്റ് കാട്ടാന ചരിഞ്ഞു

സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില്‍ അജ്ഞാതരുടെ വെടിയേറ്റ് കാട്ടാന ചരിഞ്ഞു. 15 വയസ്സ് മതിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പളളി സംസ്ഥാനപാത കടന്നുപോകുന്ന കുറിച്യാട് റെയിഞ്ചില്‍ പെടുന്ന നാലാംമൈലിലാണ് വെടിയേറ്റു ചരിഞ്ഞ നിലയില്‍ ആനയെ കണ്ടെത്തിയത്. പുലര്‍ച്ചെ ഇതുവഴി സഞ്ചരിച്ച യാത്രക്കാരാണ് കൈകാല്‍ മുട്ടുകള്‍ നിലത്തുകുത്തി തുമ്പിക്കൈ നീട്ടിവച്ച നിലയില്‍ ആനയെ കണ്ടത്. തുടര്‍ന്ന്, അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വയനാട് വന്യജീവി സങ്കേതം വാര്‍ഡന്‍ പി ധനേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ വെടിയേറ്റാണ് ആന ചരിഞ്ഞതെന്ന് വ്യക്തമായത്. ഇടതു കണ്ണിന് സമീപമായാണ് വെടിയേറ്റത്.
സംസ്ഥാന പാതയില്‍ നിന്നും മൂന്നു മീറ്റര്‍ മാത്രം മാറിയാണ് ആന വെടിയേറ്റു ചരിഞ്ഞത്. സംഭവം അറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്. ആനയുടെ തലച്ചോറില്‍ തറഞ്ഞ നിലയില്‍ ഒരു ഇഞ്ച് വലുപ്പമുള്ള ഇയ്യത്തിന്റെ വെടിയുണ്ട കണ്ടെടുത്തു. ആനയുടെ തൊട്ടടുത്ത് നിന്നാണ് നാടന്‍തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്തിരിക്കുന്നതെന്ന് ഡിഎഫ്ഒ പി ധനേഷ്‌കുമാര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ആനയുടെ ജഡം വനത്തില്‍ തന്നെ സംസ്‌കരിച്ചു.
Next Story

RELATED STORIES

Share it