wayanad local

വയനാട് മെഡിക്കല്‍ കോളജ്: ഡിപിആര്‍ സമര്‍പ്പിച്ചു

കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളജിന്റെ വിശദമായ പ്രൊജക്റ്റ് റിപോര്‍ട്ട് (ഡിപിആര്‍) എന്‍ജിനീയറിങ് സ്ഥാപനമായ ഇന്‍കെല്‍ സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചതായി സി കെ ശശീന്ദ്രന്‍ എംഎല്‍എ അറിയിച്ചു. 625.38 കോടി രൂപയുടെ പ്രവൃത്തികളാണ് പ്രൊജക്റ്റ് റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പ്രൊജക്റ്റില്‍ പറയുന്ന പ്രവൃത്തികള്‍ക്ക് തുടക്കമാവുമെന്ന് എംഎല്‍എ പറഞ്ഞു. മടക്കിമലയ്ക്ക് സമീപം കോട്ടത്തറ വില്ലേജില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി വിട്ടുകൊടുത്ത 50 ഏക്കര്‍ ഭൂമിയിലാണ് മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നത്.  ഇന്‍കെല്‍ പ്രതിനിധികള്‍ സ്ഥലപരിശോധന നടത്തിയാണ് ഡിപിആര്‍ തയ്യാറാക്കിയത്. മെഡിക്കല്‍ കോളജിന്റെയും  അനുബന്ധ സ്ഥാപനങ്ങളുടെയും നിര്‍മാണത്തിന് കൊച്ചിയിലെ സേഫ് മാട്രിക്‌സ് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയതാണ്. എന്നാല്‍, ഇതേ കമ്പനിക്ക് ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസ് പഴയ പ്ലാനും എസ്റ്റിമേറ്റും വയനാട്ടില്‍ നിര്‍മാണത്തിനു പ്രയോജനപ്പെടുത്താന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചു. ഇതേത്തുടര്‍ന്നാണ് പുതിയ ഡിപിആര്‍ തയ്യാറാക്കാന്‍ ഇന്‍കെലിനെ ചുമതലപ്പെടുത്തിയത്. 2012ലെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ് വയനാട് മെഡിക്കല്‍ കോളജ്. മൂന്നു വര്‍ഷത്തിനുശേഷം 2015 ജൂലൈ 12ന് കല്‍പ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ശിലാസ്ഥാപനം. നിര്‍മാണത്തിന് 41 കോടി രൂപയുടെ ഭരണാനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it