വയനാട്: മുന്നണികള്‍ക്ക് അഭിമാന പോരാട്ടം



ജംഷീര്‍

കല്‍പ്പറ്റ: ജില്ലയിലെ ഏക ജനറല്‍ മണ്ഡലമായ കല്‍പ്പറ്റയിലെ മല്‍സരം സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധിക്കുന്ന തലത്തിലേക്കു മാറിക്കഴിഞ്ഞു. മുന്നണികളുടെ അഭിമാന പോരാട്ടമാണു കല്‍പ്പറ്റയിലേത്. മുമ്പുള്ളതില്‍ നിന്നു വ്യത്യസ്തമായി ഏറെ പ്രതിസന്ധികളെ നേരിട്ടാണ് സിറ്റിങ് എംഎല്‍എ എം വി ശ്രേയാംസ്‌കുമാര്‍ കല്‍പ്പറ്റയില്‍ ജനവിധിക്കിറങ്ങിയത്. ശക്തമായ പ്രചാരണത്തിലൂടെ പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്.
യുഡിഎഫ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ സിപിഎം ജില്ലാ സെക്രട്ടറിയായ സി കെ ശശീന്ദ്രനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. ജനകീയനായ ശശീന്ദ്രന്റെ സാന്നിധ്യമാണു മണ്ഡലത്തില്‍ പോരാട്ടം വീറും വാശിയുമുള്ളതാക്കിയത്. പയറ്റാവുന്ന തന്ത്രങ്ങള്‍ പരമാവധി പയറ്റി ഓരോ വോട്ടും അനുകൂലമാക്കാനുള്ള തീവ്രയജ്ഞത്തിലാണു മുന്നണികള്‍. എന്‍ഡിഎ സ്ഥാനാര്‍ഥി കെ സദാനന്ദനും നേരത്തെതന്നെ മണ്ഡലത്തില്‍ ചിര പരിചിതനായ എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി കെ എ അയ്യൂബും പ്രചാരണത്തില്‍ ഏറെ മുന്നേറിയിട്ടുണ്ട്.
സുല്‍ത്താന്‍ ബത്തേരിയി ല്‍ യുഡിഎഫ് സിറ്റിങ് എംഎല്‍എ ഐ സി ബാലകൃഷ്ണനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി രുഗ്മിണി സുബ്രഹ്മണ്യനും പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പമാണ്. പ്രചാരണത്തിന്റെ ആദ്യനാളുകളില്‍ തുടങ്ങിയ തരംഗം അവസാന നിമിഷങ്ങളിലേക്കും കുറയാതെ എത്തിക്കാന്‍ മുന്നണികള്‍ക്കു കഴിഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി സി കെ ജാനുവിന്റെ രംഗപ്രവേശം മണ്ഡലത്തിലെ പോരാട്ടം സംസ്ഥാനതലത്തില്‍ ശ്രദ്ധനേടാനിടയാക്കി. ആദിവാസി സമരപോരാട്ടങ്ങളിലൂടെ ജാനുവിനു ഗോത്ര വിഭാഗങ്ങള്‍ക്കിടയിലുണ്ടാക്കാന്‍ കഴിഞ്ഞ സ്വാധീനം വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
എസ്ഡിപിഐ-എസ്പി സഖ്യസ്ഥാനാര്‍ഥി കെ കെ വാസുവും ശക്തമായ പ്രചാരണമാണു നടത്തുന്നത്.മാനന്തവാടി മണ്ഡലത്തില്‍ പാളയത്തില്‍പ്പട തുടക്കത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഇതു പരിഹരിക്കാന്‍ കഴിഞ്ഞുവെന്നാണ് യുഡിഎഫ് ക്യാംപുകളുടെ വിലയിരുത്തല്‍. സ്ഥാനാര്‍ഥി മന്ത്രി പി കെ ജയലക്ഷ്മിയുടെ ശക്തമായ പ്രചാരണത്തെ യുഡിഎഫിന്റെ വികസന വാദങ്ങളിലെ കാപട്യം ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ ആര്‍ കേളു നേരിടുന്നത്. ബിജെപി സ്ഥാനാര്‍ഥി മോഹന്‍ദാസും എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി സോമന്‍ എന്ന ശംസുദ്ദീനും പ്രചാരണരംഗത്തു സജീവമാണ്.
Next Story

RELATED STORIES

Share it