വയനാട് ഡെപ്യൂട്ടി കലക്ടറെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മിച്ചഭൂമി മറിച്ചുവില്‍ക്കുന്ന റാക്കറ്റുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിന്റെ ഒളികാമറയില്‍ കുടുങ്ങിയ വയനാട് ഡെപ്യൂട്ടി കലക്ടര്‍ ടി സോമനാഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ജില്ലാ കലക്ടര്‍ക്ക് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കി. ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉത്തരവ് നടപ്പാക്കി.
വാര്‍ത്തയെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് മന്ത്രി  പറഞ്ഞു. സമഗ്രാന്വേഷണം നടത്താന്‍ ലാന്റ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി. റവന്യൂ വകുപ്പിലും മന്ത്രിയുടെ ഓഫിസിലും കിട്ടുന്ന പരാതികളും നിവേദനങ്ങളും ജില്ലാ-താലൂക്ക് ആസ്ഥാനങ്ങളില്‍ തുടര്‍നടപടികള്‍ക്കായി അയക്കാറുണ്ട്. കേരളത്തിലെവിടെ നിന്നും വരുന്നവര്‍ പാര്‍ട്ടി ആസ്ഥാനങ്ങളില്‍ കയറാറുണ്ട്. സെക്രട്ടേറിയറ്റിലും മറ്റും കയറാനുള്ള പാസ് ഒപ്പിക്കാനും മറ്റുമായാണ് ഇങ്ങനെ വരുന്നത്. ഇതില്‍ അസ്വാഭാവികതയില്ലെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, സോമനാഥന് കീഴിലുള്ള താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഓഫിസ്, കലക്ടറേറ്റിലെ എല്‍എ ഡെപ്യൂട്ടി കലക്ടര്‍ ഓഫിസ് എന്നിവിടങ്ങളിലെ ഫയലുകള്‍ പിടിച്ചെടുത്ത് ഓഫിസുകള്‍ സീല്‍ ചെയ്തു. സോമനാഥന്‍ മാനന്തവാടി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനായിരുന്നു. ഈ ബോര്‍ഡിന് കോട്ടത്തറ വില്ലേജ് പരിധിയിലെ ഭൂമിയുടെ കാര്യത്തില്‍ ഇടപെടാന്‍ അധികാരമില്ല.
എന്നാല്‍, സോമനാഥനുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ ദൃശ്യമാധ്യമത്തില്‍ വന്നതിനാലാണ് നടപടിയെടുത്തതെന്ന് കലക്ടര്‍ അറിയിച്ചു. വിവാദ ഭൂമിയുമായി ബന്ധപ്പെട്ട് ഇടപാടുകളൊന്നും ഇതുവരെ നടന്നിട്ടില്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി.
Next Story

RELATED STORIES

Share it