wayanad local

വയനാട് ജലക്ഷാമത്തിലേക്ക്

കല്‍പ്പറ്റ: വരള്‍ച്ചയുടെ പിടിയിലമര്‍ന്ന വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ ശുദ്ധജലക്ഷാമം രൂക്ഷമാവുന്നു. സമതലങ്ങളില്‍ ഒഴികെ കാര്‍ഷിക, ഗാര്‍ഹിക ആവശ്യത്തിനു വെള്ളം കിട്ടാതെ കഷ്ടപ്പെടുകയാണ് ജനം. തീര്‍ത്തും വറ്റിയ നിലയിലാണ് ജില്ലയിലെ തോടുകളില്‍ മിക്കതും. കബനി നദിയുടെ പ്രധാന കൈവഴികളായ മാനന്തവാടി, പനമരം, കന്നാരം പുഴകളിലും കടമാന്‍ തോട്ടിലും ജലനിരപ്പ് ഗണ്യമായി താഴ്ന്നു. തീര്‍ത്തും ദുര്‍ബലമാണ് പുഴകളിലും തോടുകളിലും നീരൊഴുക്ക്. പുഴകളില്‍ അങ്ങിങ്ങു തടയണകളില്‍ മാത്രമാണ് കുറച്ചെങ്കിലും വെള്ളം.
ഉയര്‍ന്ന പ്രദേശങ്ങളിലെ മിക്ക കിണറുകളിലും ബക്കറ്റ് മുങ്ങാന്‍പോലും വെള്ളമില്ല. താഴ്‌വാരങ്ങളിലുള്ള കുളങ്ങളിലും കിണറുകളിലും അനുദിനം താഴുകയാണ് ജലനിരപ്പ്. ദിവസങ്ങള്‍ക്കുള്ളില്‍ വേനല്‍മഴ തുടര്‍ച്ചയായി ലഭിച്ചില്ലെങ്കില്‍ ജില്ല രൂക്ഷമായ ജലക്ഷാമത്തിന്റെ പിടിയിലാവുമെന്നാണ് സാഹചര്യങ്ങള്‍ നല്‍കുന്ന സൂചന. മഴയില്ലായ്മ കബനിയുടെ കൈവഴികളെ തളര്‍ത്തിയതിന്റെ തിക്തഫലം വയനാടിനു പുറമേ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ മൈസൂരു, മാണ്ഡ്യ ജില്ലകളിലെ ജനങ്ങളും അനുഭവിക്കുകയാണ്. ഈ ജില്ലകളില്‍ പലേടത്തും കുഴല്‍ക്കിണറുകള്‍ പോലും വെള്ളം ചുരത്താതായി.
ജലസേചനത്തിനായി ജില്ലയില്‍ പ്രാവര്‍ത്തികമാക്കിയ കാരാപ്പുഴ, ബാണാസുരസഗര്‍ അണകളിലും ജലനിരപ്പ് താഴുകയാണ്. എങ്കിലും രണ്ട് അണകളിലും വെള്ളം ഉള്ളത് കുറച്ചെങ്കിലും ആശ്വാസം നല്‍കുന്നുണ്ട്. കാരാപ്പുഴ അണയിലെ വെള്ളമാണ് കല്‍പ്പറ്റ നഗരത്തില്‍ കുടിവെള്ളമായി പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. 25 മീറ്റര്‍ നീളവും 28 മീറ്റര്‍ ഉയരവും ഉള്ളതാണ് കാരാപ്പുഴ ഡാം. 765 ലക്ഷം ഘനമീറ്ററാണ് ജലസംഭരണശേഷി. പടിഞ്ഞാറത്തറ ബാണാസുര ഡാം റിസര്‍വോയറിലെ ഷട്ടറുകളോടു ചേര്‍ന്നുള്ള വാല്‍വുകള്‍ തുറന്നു പുഴയിലേക്ക് വെള്ളം ഒഴുക്കിവരികയാണ്.
പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങള്‍ക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള മുള്ളങ്കണ്ടി ശുദ്ധജല പദ്ധതിക്കായി വെള്ളം ശേഖരിക്കുന്ന പുഴ വറ്റിയതോടെയാണ് റിസര്‍വോയറില്‍ നിന്നു വെള്ളം തുറന്നുവിട്ടത്. കുടിവെള്ള വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും ജില്ലാ കലക്ടറെ കണ്ട് ഡാം റിസര്‍വോയറില്‍ നിന്നു ജലം ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിദിനം 25,000 മീറ്റര്‍ ക്യൂബ് വെള്ളമാണ് തുറന്നുവിടുന്നത്. മഴ തുടങ്ങുന്നതു വരെ നിശ്ചിത അളവില്‍ റിസര്‍വോയറില്‍ നിന്നു വെള്ളം നല്‍കാനാണ് ജില്ലാ കലക്ടറുടെ നിര്‍ദേശം.
കക്കയം ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ് ബാണാസുരസാഗര്‍ അണ. 775.6 മീറ്ററാണ് ഫുള്‍ റിസര്‍വോയര്‍ ലെവല്‍. വൃഷ്ടിപ്രദേശങ്ങളെ വരള്‍ച്ച ഗ്രസിച്ചതോടെ ജലനിരപ്പില്‍ കാര്യമായ കുറവാണുണ്ടായത്. ഏകദേശം 766 മീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ അണയിലുള്ളത്. ജലനിരപ്പ് താഴ്ന്നതോടെ റിസര്‍വോയറിലെ കുന്നുകള്‍ തെളിഞ്ഞുകാണാന്‍ തുടങ്ങി. അണയില്‍ വെള്ളം കുറഞ്ഞതിന്റെ അടയാളങ്ങള്‍ തരിയോട് മുതല്‍ പടിഞ്ഞാറത്തറ വരെ പ്രകടമാണ്. ജലക്ഷാമം വനജീവികളുടെ ജീവിതവും ദുസ്സഹമാക്കുകയാണ്. നൈസര്‍ഗിക ജലസ്രോതസ്സുകള്‍ വറ്റിയതോടെ ദാഹജലം തേടി കാടിറങ്ങുന്ന വന്യജീവികളുടെ എണ്ണം വര്‍ധിച്ചിരിക്കയാണ്. ഇതു വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ജനങ്ങളുടെ സൈ്വരം കെടുത്തുകയാണ്. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കാരാപ്പുഴ, ബാണാസുരസാഗര്‍ അണയില്‍നിന്നു വെള്ളം ടാങ്കറുകളില്‍ എത്തിച്ചു വിതരണം ചെയ്യുന്നതിനു ജില്ലാ ഭരണകൂടം നീക്കം തുടങ്ങിയതായാണ് അറിയുന്നത്.
Next Story

RELATED STORIES

Share it