വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയില്‍ 4309 പേര്‍ക്ക് വിജയം

തിരുവനന്തപുരം: ആദിവാസി മേഖലകളിലെ നിരക്ഷരത നിര്‍മാര്‍ജനം ചെയ്യുന്നതിനായി സംസ്ഥാന സാക്ഷരതാ മിഷന്‍ വയനാട് ജില്ലയില്‍ ആരംഭിച്ച പ്രത്യേക സാക്ഷരതാ പദ്ധതിയിലെ പരീക്ഷയില്‍ 4309 പേര്‍ വിജയിച്ചു. വിജയ ശതമാനം 95.5. ഇതില്‍ 3551 പേര്‍ സ്ത്രീകളും 758 പേര്‍ പുരുഷന്മാരുമാണ്.
26 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 282 കോളനികളിലായി മൊത്തം 4512 പേരാണ് പരീക്ഷ എഴുതിയത്. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഇണ്ടേരിക്കുന്ന് കോളനിയിലെ കുംഭ (90) ആണ് പരീക്ഷയെഴുതിയവരില്‍ ഏറ്റവും പ്രായം ചെന്ന വ്യക്തി. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ ചല്‍ക്കാരക്കുന്ന് കോളനിയിലെ ലക്ഷ്മി (16), പിലാത്തോട്ടം കോളനിയിലെ ശ്രീജേഷ് (16) എന്നിവരാണ് പ്രായം കുറഞ്ഞവര്‍. പണിയ, കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് പരീക്ഷയെഴുതിയവരില്‍ ഭൂരിഭാഗവും. ഗ്രാമപഞ്ചായത്തുകളില്‍ പൊഴുതനയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയത്- 257 പേര്‍. ബ്ലോക്കില്‍ കല്‍പറ്റയിലും (1632) മുനിസിപ്പാലിറ്റിയില്‍ മാനന്തവാടിയിലും (202) ആണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയത്. എഴുത്തും വായനയും കണക്കും ചേര്‍ന്ന് രണ്ടു മണിക്കൂറായിരുന്നു പരീക്ഷ. 282 കോളനികളിലും ഒരു ആദിവാസി ഇന്‍സ്ട്രക്ടറും ഒരു പൊതുവിഭാഗം ഇന്‍സ്ട്രക്ടറും ചേര്‍ന്നാണ് ക്ലാസുകള്‍ നല്‍കിയത്. കല്‍പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, പനമരം ബ്ലോക്കുകളിലായി ഡയറ്റിന്റെ നേതൃത്വത്തിലാണ് മൂല്യനിര്‍ണയം നടത്തിയത്.
പരിപൂര്‍ണ സാക്ഷരതാ പദ്ധതിയുടെ ഭാഗമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആദിവാസികളെ സാക്ഷരരാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സാക്ഷരതാ മിഷന്‍ ആരംഭിച്ചത്.
വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനവും ഈ മാസം 20ന് രാവിലെ 11ന് കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വികസനമന്ത്രി എ കെ ബാലന്‍ നിര്‍വഹിക്കും. സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആദ്യഘട്ടം വിജയിച്ച സാഹചര്യത്തിലാണ് പദ്ധതിയുടെ രണ്ടാം ഘട്ടം 200 ഊരുകളിലേക്കുകൂടി വ്യാപിപ്പിക്കുന്നതെന്ന് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല പറഞ്ഞു.
Next Story

RELATED STORIES

Share it