wayanad local

വയനാട്ടില്‍ മഴയില്ല ; കര്‍ണാടക ബീച്ചനഹള്ളി ഡാമില്‍ വെള്ളവും



മാനന്തവാടി: വയനാട്ടില്‍ ജൂണ്‍ അവസാനിക്കാറായിട്ടും ശക്തമായ മഴ ലഭിക്കാത്തിനെ തുടര്‍ന്ന് കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബീച്ചനഹള്ളി ഡാം വറ്റി. റെക്കോഡ് വെള്ളക്കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഡാമില്‍ നിലവില്‍ ശേഷിക്കുന്നത് അമ്പത് അടി വെള്ളം മാത്രമാണ്. ഇത് ഡാം നിര്‍മിച്ചതിന് ശേഷമുള്ള ജൂണ്‍ മാസത്തെ ഏറ്റവും കുറഞ്ഞ വെള്ളമാണെന്ന് അധികൃതര്‍ പറയുന്നു. ഈ വര്‍ഷം വയനാട്ടിലെ മഴയുടെ കുറവ് കാരണം ജലനിരപ്പ് തീരെ ഉയര്‍ന്നിട്ടില്ല. ബീച്ചനഹള്ളി ഡാമില്‍ നിന്നാണ് തമിഴനാടിന് വെള്ളം നല്‍കുന്നത്. എല്ലാ വര്‍ഷവും ജൂണ്‍ മാസം പകുതിയോടെ ഡാം നിറയുകയും അന്തര്‍സന്തയിലെ തര്‍ക്കാറെ ഡാമിലേക്ക് പമ്പിങ് ആരംഭിക്കുകയും ചെയ്യുന്നതു പതിവാണ്. മൈസൂരു, ചാമരാജ്‌നഗര്‍ എന്നീ ജില്ലകളില്‍ കുടിവെള്ളം എത്തിക്കുന്നത് ഇവിടെ നിന്നാണ്. വയനാട്ടിലെ കബനിയിലൂടെയാണ് ഡാമിലേക്ക് പ്രധാനമായും വെള്ളം എത്തുന്നത്. ശക്തമായ പെയ്യുന്നതോടെ വയനാട്ടില്‍ വെള്ളം കെട്ടിനില്‍ക്കാതെ പൂര്‍ണമായി ഒഴുകി കബനി വഴി ഡാമിലെത്തുകയാണ് പതിവ്. എന്നാല്‍, ഈ വര്‍ഷം മഴ കുറഞ്ഞതോടെ ജില്ലയില്‍ വെള്ളം പരമാവധി തടഞ്ഞുനിര്‍ത്തി സംഭരിക്കുകയാണ്. വയനാട്ടിലെ മഴയുടെ കുറവ് കര്‍ണാടകയിലെ കര്‍ഷകരെയും ഇതിനോടകം തന്നെ ബാധിച്ചു. അടുത്ത വര്‍ഷം ജില്ലയില്‍ നിന്നും അതിര്‍ത്തി ഗ്രാമങ്ങളില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്ന കര്‍ഷകരെയും വെള്ളക്കുറവ് സാരമായി ബാധിക്കും. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ലഭിക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് പുജ നടത്തിയിരുന്നു. ഡാമിലെ ജലനിരപ്പ് കര്‍ണാടകയെയും തമിഴ്‌നാടിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കൊടുത്ത ജലത്തിന്റെ പകുതി പോലും നല്‍കാന്‍ കഴിയിത്ത സ്ഥിതിയിലാണ് കര്‍ണാടക. വെള്ളമില്ലാത്തത് ഡാമില്‍ നിന്ന് കൊട്ടത്തോണിയില്‍ മീന്‍പിടിച്ച് ഉപജീവനം നടത്തുന്ന നിരവധി കുടുംബങ്ങളെയും ദുരിതത്തിലാക്കി. ഗണ്ടത്തൂര്‍, മറാളി, കെആര്‍ പുര, എന്‍ബെല്‍ത്തൂര്‍, കാരാപ്പുറ, സര്‍ഗൂര്‍ എന്നീ ഗ്രാമങ്ങളില്‍ കൃഷി ചെയ്യുന്നവരും ആശങ്കയിലാണ്. വെള്ളമില്ലാത്തിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലെ ബോട്ടിങ് നിര്‍ത്തിവച്ചു. വയനാട്ടില്‍ ശക്തമായി മഴ പെയ്യണമെന്ന പ്രാര്‍ഥനയിലാണ് കര്‍ണാടകയിലെ കര്‍ഷകര്‍. മുന്‍വര്‍ഷങ്ങളില്‍ ബീച്ചനഹള്ളിയില്‍ നിന്നു നിര്‍ബാധം ജില്ലയിലേക്ക് എത്തിയിരുന്ന ചെമ്പല്ലി, കട്‌ല തുടങ്ങിയ മല്‍സ്യങ്ങളുടെ വരവും ഈ വര്‍ഷം നിലച്ചു.
Next Story

RELATED STORIES

Share it