വയനാട്ടില്‍ മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു

പുല്‍പ്പള്ളി: ജനവാസ കേന്ദ്രത്തിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ മയക്കുവെടിവച്ചു പിടികൂടിയ കടുവ ചത്തു. നീണ്ട പരിശ്രമത്തിനൊടുവില്‍ ചീയമ്പത്ത് നിന്നും വനം വകുപ്പ് പിടികൂടിയ കടുവയാണ് ചികില്‍സക്കുള്ള യാത്രയ്ക്കിടെ ചത്തത്. ചീയമ്പം 73 കാപ്പിത്തോട്ടത്തില്‍ മണിക്കൂറുകളോളം പ്രദേശവാസികളെ ഭീതിയിലാക്കിയ ആണ്‍കടുവയെ മയക്കുവെടിവച്ചു പിടികൂടുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് മയക്കുവെടിവച്ചു വീഴ്ത്തിയത്. കടുവകള്‍ തമ്മിലുള്ള സംഘട്ടനത്തില്‍ ഗുരുതരമായി പരിക്കേറ്റതാവാം മരണകാരണമെന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം.

പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. കടുവയ്ക്ക് പത്തുവയസ്സ് പ്രായമുണ്ട്. പിന്‍ കാലുകളില്‍ ഗുരുതരമായ മുറിവുണ്ടായിരുന്നതിനാല്‍ കാട്ടില്‍ ഇരതേടുന്നത് അസാധ്യമായതോടെയാവാം കടുവ നാട്ടിലിറങ്ങിയതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മോഹനന്‍പിള്ള, ഡി.എഫ്.ഒ. അബ്ദുല്‍ അസീസ്, ചെതലയം റേഞ്ച് ഓഫിസര്‍ പി രഞ്ജിത്ത് കുമാര്‍, കുറിച്ച്യാട് റേഞ്ചര്‍ രാമന്‍, പുല്‍പ്പള്ളി സി.ഐ. സജീവ്കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കടുവയെ മയക്കുവെടി വച്ചു പിടികൂടിയത്.
Next Story

RELATED STORIES

Share it