wayanad local

വയനാട്ടില്‍ അന്താരാഷ്ട്ര ചക്ക മഹോല്‍സവം 9 മുതല്‍ 15 വരെ

സുല്‍ത്താന്‍ ബത്തേരി: അന്താരാഷ്ട്ര ചക്ക മേള ഒമ്പതു മുതല്‍ 15 വരെ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുമെന്ന് ഡയറക്ടര്‍ ഡോ. രാജേന്ദ്രന്‍, പ്രോഗ്രാം കോ-ഓഡനേറ്റര്‍ എന്‍ ഇ സഫിയ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചക്ക സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണ് അന്താരാഷ്ട്ര തലത്തില്‍ മേള നടക്കുന്നത്.
കൃഷിവകുപ്പിന്റേയും കാര്‍ഷിക സര്‍വകലാശാലയുടേയും അമ്പലവയല്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനം 10ന് രാവിലെ 10.30ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. മേളയോടനുബന്ധിച്ച് അന്താരാഷ്ട്ര ശാസ്ത്ര സിമ്പോസിയം നടക്കും.
ചക്കയുടെ ഫലപ്രദമായ ഉപയോഗത്തിനും വിപണനത്തിനുമുള്ള നൂതന സാങ്കേതിക വിദ്യകള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയത്തില്‍ മലേഷ്യ, ശ്രീലങ്ക, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും, ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പങ്കെടുക്കും. ചക്ക കര്‍ഷകര്‍ക്കും, സംരംഭകര്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്നതും കയറ്റുമതി ലക്ഷ്യമിട്ടുള്ളതുമായ തുറന്ന ചക്ക വിപണിയുടെ പ്രദര്‍ശനം ഉണ്ടാകും. ചക്കയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കാനും വിപണനം ചെയ്യുന്നതിനുമായി 100ല്‍ പരം സ്റ്റാളുകള്‍ ഉണ്ടാകും. ഗോത്ര വിഭാഗത്തില്‍പെട്ടവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിന് ലക്ഷ്യമിട്ട് ഗോത്ര സമൂഹ സംഗമവും സംഘടിപ്പിക്കും. പ്രഫ.ആര്‍.കെ മലയത്ത് മാജിക്ക്‌ഷോയിലൂടെ ബോധവത്കരണ പരിപാടി നടത്തും.
50ല്‍ പരം മികച്ച പ്ലാവിനങ്ങളുടെ ഒട്ടുതൈകള്‍ വിപണനം ചെയ്യുന്ന നഴ്‌സറികള്‍ മേളയിലുണ്ടാകും. ചക്ക ഇനങ്ങളുടെ പ്രദര്‍ശന മത്സരവും ഒരുക്കിയിട്ടുണ്ട്. ഏറ്റവും നല്ല ചക്ക, ചക്കയിലെ കൊത്തുപണി, ചക്ക പാചകം, ചക്ക ഫോട്ടോഗ്രാഫി എന്നീ ഇനങ്ങളിലാണ് മത്സരം. ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി 5000 രൂപയും, രണ്ടാം സമ്മാനമായി 2000 രൂപയും, മൂന്നാം സമ്മാനമായി 1000 രൂപയും നല്‍കും.
സ്ത്രീകള്‍ക്കായി ചക്ക സംസ്‌കരണത്തില്‍ സൗജന്യ പരിശീലന ക്ലാസുകള്‍ നടക്കും. 18 കൂട്ടം ചക്ക വിഭവങ്ങളടങ്ങിയ സദ്യ മേളക്ക് കൊഴുപ്പേകും. പൂപ്പൊലി സന്ദര്‍ശിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വയനാടന്‍ മലമുകളാണ് ചക്കയുടെ ജന്മദേശമായി അറിയപ്പെടുന്നത്.
ഒരു കാലത്ത് ആരും തന്നെ തിരിഞ്ഞുനോക്കാറില്ലാത്ത ചക്ക ഇന്ന് പ്രധാനപ്പെട്ട ഒരു വരുമാന മാര്‍ഗമായി മാറുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ചക്കക്ക് വളരെ പ്രാധാന്യമുണ്ട്. ചക്കയുടെ മുള്ള് ഒഴിച്ച് എല്ലാ ഭാഗങ്ങളും സംസ്‌കരിച്ച് മാര്‍ക്കറ്റ് ചെയ്യുന്നുണ്ട്. ചക്കയുടെ പ്രാധാന്യം മനസിലാക്കി ഈ മേഖലയിലേക്ക് കര്‍ഷകര്‍ തിരിയുന്നതിനാവശ്യമായ എല്ലാവിധ സഹായവും മേളയില്‍ ഉണ്ടാകും. ചക്കയുമായി ബന്ധപ്പെട്ട്  എല്ലാ വിവരങ്ങളുമടങ്ങുന്ന ഡയറക്ടറി പുറത്തിറക്കുമെന്നും ഡോ. രാജേന്ദ്രന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it