wayanad local

വയനാടിന് പ്രതീക്ഷ നല്‍കി ഇടുക്കിയുടെ തെക്കന്‍ പെപ്പര്‍

പുല്‍പ്പള്ളി: കുരുമുളക് കൃഷി പരാജയപ്പെട്ട് മനംമടുത്ത വയനാടന്‍ കര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കി ഇടുക്കിയുടെ തെക്കന്‍ പെപ്പര്‍. ജില്ലയില്‍ അനുഭവപ്പെടുന്ന ഉണക്കിനെയും വെള്ളക്കെട്ടിനെയും ചെറുക്കാന്‍ കഴിവുള്ള ഇനമായ തെക്കന്‍ കുരുമുളക് വയനാട്ടിലും കൃഷി ചെയ്തുതുടങ്ങി.
സാധാരണ കുരുമുളകിനേക്കാള്‍ ഇരട്ടിയിലധികം എരിവും രോഗപ്രതിരോധ ശേഷിയും ഈ ഇനത്തിനുണ്ട്. ജില്ലയില്‍ സാധാരണമായ ദ്രുതവാട്ട രോഗത്തെയും പ്രതിരോധിക്കാന്‍ തെക്കന്‍ പെപ്പറിന് കഴിയും.
ഒരുതിരിയില്‍ 100ഓളം ശാഖകളും ആ ശാഖകളില്‍ 900 മുതല്‍ 1,200 വരെ മണികളും ഉണ്ടാവുമെന്നതാണ് ഇതിന്റെ പ്രത്യേകത. സാധാരണ കുരുമുളക് ഉണങ്ങുമ്പോള്‍ 30, 32 ശതമാനം വരെയാണ് ഉണക്ക ലഭിക്കുക. തെക്കന്‍ പെപ്പറിന് 44 ശതമാനം വരെ ഉണക്ക ലഭിക്കുന്നു. ഉയര്‍ന്ന വരള്‍ച്ചാനിരക്കും ഇതിന്റെ പ്രത്യേകതയാണ്. ഹെക്റ്ററില്‍ 86 ക്വിന്റല്‍ വരെ വിളവെടുക്കാം.
ഏതു താങ്ങുമരത്തിനും അനുയോജ്യമാണ് തെക്കന്‍ പെപ്പര്‍. ഇടുക്കിയിലെ ഒരു കര്‍ഷകന് വനത്തില്‍ നിന്നു ലഭിച്ച തൈയാണ് തെക്കന്‍ പെപ്പറായി ഇപ്പോള്‍ വ്യാപകമായിരിക്കുന്നത്.
പാടിച്ചിറയിലെ യുവകര്‍ഷകന്‍ പനച്ചിക്കല്‍ എബി തന്റെ കൃഷിയിടത്തില്‍ തെക്കന്‍ പെപ്പര്‍ കൃഷി ചെയ്തിട്ടുണ്ട്. നല്ല രീതിയില്‍ കൃഷി ചെയ്താല്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ വിളവെടുക്കാന്‍ കഴിയുമെന്ന് എബി പറയുന്നു.
Next Story

RELATED STORIES

Share it