wayanad local

വയനാടിന്റെ വികസന പദ്ധതികള്‍ അട്ടിമറിക്കപ്പെടുന്നുവെന്ന് പരാതി



കല്‍പ്പറ്റ: ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നിസ്സഹകരണമാണെന്നു ജനപ്രതിനിധികള്‍. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം സംബന്ധിച്ച് കല്‍പ്പറ്റയില്‍ നടന്ന അവലോകന യോഗത്തില്‍ മന്ത്രി കെ ടി ജലീലിനോടാണ് ജനപ്രതിനിധികള്‍ പരാതി ഉന്നയിച്ചത്. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ നിയമനം നടത്താത്തതിനാല്‍ നാലു ബ്ലോക്കുകളില്‍ ബിഡിഒമാരില്ല. എന്‍ജിനീയര്‍മാര്‍ മുതല്‍ നിരവധി തസ്തികകളില്‍ ഉദ്യോഗസ്ഥരില്ല. ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്ത പല പദ്ധതികള്‍ക്കും സംസ്ഥാനതല ഉദ്യോഗസ്ഥര്‍ വേണ്ടത്ര വേഗത്തില്‍ ഫയല്‍ നീക്കുന്നില്ല. ജില്ലയിലെ സ്‌കൂളുകളില്‍ ജനുവരി മാസം മുതല്‍ അനുഭവപ്പെടുന്ന ജലക്ഷാമം പരിഹരിക്കുന്നതിന് കിണര്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള നീരുറവ പദ്ധതിയും സ്‌കൂളുകളില്‍ വൃക്ഷത്തൈ നടുന്നതിനുള്ള മരക്കൂട്ടം പദ്ധതിയും ഉദ്യോഗസ്ഥ നിസ്സഹകരണത്താല്‍ ഉപേക്ഷിക്കേണ്ടിവന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി പരാതിപ്പെട്ടു. ജില്ലാ മണ്ണു സംരംക്ഷണ ഓഫിസര്‍ മുഖേന സമര്‍പ്പിച്ച 30 ലക്ഷം രൂപയുടെ ഈ രണ്ടു പദ്ധതികളുടെയും ഫയല്‍ സംസ്ഥാന മണ്ണു സംരക്ഷണ പര്യവേക്ഷണ ഡയറക്ടര്‍ നാലുമാസമാണ് മേശയ്ക്കുള്ളില്‍ വച്ചത്. വയനാട്ടിലെ കരാര്‍ ജോലികള്‍ക്ക് ഹില്‍ട്രാക് അലവന്‍സ് അനുവദിക്കണമെന്നും കോസ്റ്റ് ഓഫ് ഇന്‍ഡക്‌സില്‍ മാറ്റംവരുത്തണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ കഴിഞ്ഞ നാലു വര്‍ഷമായി ക്വാറികള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ കല്ലിനും മറ്റ് അസംസ്‌കൃത വസ്തുക്കള്‍ക്കും ക്ഷാമമുണ്ട്. കരാറുകാര്‍ വിട്ടു നില്‍ക്കുന്നു. ഇതുമൂലം പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. ഇതിനിടെ സംസ്ഥാന ഉദ്യോഗസ്ഥരുടെ നിസ്സഹകരണം കൂടിയാവുമ്പോള്‍ ലക്ഷ്യം കൈവരിക്കാന്‍ കഴിയുന്നില്ലെന്നും ജനപ്രതിനിധികള്‍ പറഞ്ഞു. പ്രശ്‌നത്തില്‍ ഇടപെടുമെന്നു മന്ത്രി ഉറപ്പ് നല്‍കി. പഞ്ചായത്തുകള്‍ക്ക് കീഴിലെ ആശുപത്രികളില്‍ ഉച്ചകഴിഞ്ഞ് സേവനം ആവശ്യമുള്ളവര്‍ക്കെല്ലാം പഞ്ചായത്തുകള്‍ക്ക് സ്വന്തമായി ഡോക്ടറെയും ഒരു പരാമെഡിക്കല്‍ സ്റ്റാഫിനെയും എത്ര കാലത്തേക്ക് വേണമെങ്കിലും നിയമിക്കാന്‍ ഉത്തരവുണ്ടെന്നു മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it