wayanad local

വയനാടിന്റെ ഖ്യാതിയുയര്‍ത്താന്‍ സോളാര്‍ പാടമൊരുങ്ങി

മാനന്തവാടി: ബാണാസുരഡാം റിസര്‍വോയറിലെ സോളാര്‍ പാടം നിര്‍മാണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തില്‍. ഫ്‌ളോട്ടിങ് ബേസുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടും കാലാവസ്ഥ പ്രതികൂലമായതിനാല്‍ ആറുമാസത്തോളം വൈകിയാണ് വെള്ളത്തിനു മുകളിലുള്ള രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ പദ്ധതി പ്രവര്‍ത്തനമാരംഭിക്കുന്നത്. പ്രതിവര്‍ഷം 7,200 ലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇതിലൂടെ ഉല്‍പാദിപ്പിക്കാമെന്നു കെഎസ്ഇബി പ്രതീക്ഷിക്കുന്നത്. പദ്ധതി അടുത്ത ദിവസം കമ്മീഷന്‍ ചെയ്യുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ മണ്ണണയെന്ന ഖ്യാതി നേടിയ പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ ഡാം രാജ്യത്ത് ആദ്യത്തെ വെള്ളത്തിലുടെ ഒഴുകുന്ന വാണിജ്യാടിസ്ഥനത്തിലുള്ള സൗരോര്‍ജ വൈദ്യുതി ഉല്‍പാദനകേന്ദ്രമായും അറിയപ്പെടും. സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതികള്‍ക്ക് കാലാവസ്ഥാ വ്യതിയാനം തടസ്സം സൃഷ്ടിക്കുമ്പോള്‍ പുതിയ വൈദ്യുതി ഉല്‍പാദന മേഖലകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ബാണാസുര ഡാം റിസര്‍വോയറില്‍ 2015ല്‍ സോളാര്‍ വൈദ്യുതി ഉല്‍പാദനം പരീക്ഷിച്ചത്. 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് കമ്മന സ്വദേശികളായ അജയ്് തോമസും വി എം സുധിനും നടത്തിയ പരീക്ഷണമാണ് വിജയകരമായത്. വെള്ളത്തിനു മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന പ്ലാറ്റ്‌ഫോമുകളിലാണ് സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് പരീക്ഷണ വൈദ്യുതോല്‍പാദനം നടത്തിയത്. ഇതു വിജയം കണ്ടതോടെ 2015 ജനുവരിയില്‍ മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് 9.25 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്തു. 2017 മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യാനുദ്ദേശിച്ച പദ്ധതിയാണ് കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ഏഴുമാസത്തോളം വൈകി ഉദ്ഘാടത്തിനൊരുങ്ങുന്നത്. കുറ്റിയാംവയല്‍, മഞ്ഞൂറ എന്നിവിടങ്ങളില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് ബേസ്‌മെന്റുകള്‍ ഡാമിന്റെ ഷട്ടറുകള്‍ക്കു സമീപമെത്തിച്ചു സ്ഥാപിച്ചു. 6000 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്താണ് 18 ഫ്‌ളോട്ടിങ് പ്ലാറ്റ്‌ഫോമുകളിലായി 1,938 സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. വെള്ളത്തില്‍ എപ്പോഴും പൊങ്ങിനില്‍ക്കുന്ന ഒന്നേകാല്‍ ഏക്കറോളം വിസ്തൃതിയുള്ള സോളാര്‍ പാടത്തില്‍ തന്നെ റിമോട്ട് കണ്‍ട്രോള്‍ ചെയ്യാവുന്ന സബ്‌സ്‌റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്. 17 സ്ട്രിങ് ഇന്‍വര്‍ട്ടറുകള്‍ ഉപയോഗിച്ച് ഡിസിയില്‍ നിന്നും എസി യാക്കിയ ശേഷം വൈദ്യുതി 11 കെവിയിലേക്ക് ട്രാന്‍സ്‌ഫോം ചെയ്ത ശേഷമാണ് അണ്ടര്‍വാട്ടര്‍ കേബിള്‍ വഴി കരയിലെത്തിക്കുന്നത്. പിന്നീട് ഇതു ലൈനിലൂടെ കെഎസ്ഇബി പവര്‍ ഗ്രിഡിലേക്ക് എത്തിക്കുകയാണു ചെയ്യുന്നത്. തിരുവനന്തപുരം ആസ്ഥാനമായുള്ള ആഡ്‌ടെക് സിസ്റ്റം എന്ന സ്വകാര്യ ഏജന്‍സിയാണ് രണ്ടുവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കിയത്. വരുന്ന ഏഴു വര്‍ഷവും പദ്ധതിയുടെ അറ്റകുറ്റപ്പണികളും കമ്പനി തന്നെയാണ് നിര്‍വഹിക്കുക. രണ്ടു ദിവസത്തിനകം പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യാനാണ് നീക്കം.
Next Story

RELATED STORIES

Share it