wayanad local

വയനാടിനെ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: പ്രകൃതി സംരക്ഷണ സമിതി

കല്‍പ്പറ്റ: സുഖശീതളമായ കാലാവസ്ഥയും ജലസുരക്ഷയുമുണ്ടായിരുന്ന വയനാട് അത്യുഷ്ണത്തില്‍ വെന്തുരുകുകയും അതിരൂക്ഷമായ ജലക്ഷാമത്തിലും വരള്‍ച്ചയിലും അമരുകയും ചെയ്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം കേരളം മാറിമാറി ഭരിച്ച ഭരണകൂടങ്ങള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി.
വരള്‍ച്ചയെ ആഘോഷിക്കാനെത്തുന്നവരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും വയനാടിനെ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ഭാരവാഹികളായ എന്‍ ബാദുഷ, തോമസ് അമ്പലവയല്‍, എം ഗംഗാധരന്‍, മരക്കടവ് സണ്ണി ആവശ്യപ്പെട്ടു. മുള്ളന്‍കൊല്ലി-പുല്‍പ്പള്ളി പഞ്ചായത്തുകളെ വിഴുങ്ങിക്കഴിഞ്ഞ വരള്‍ച്ചയും ജലക്ഷാമവും വയനാടിനെയാകെ ഗ്രസിക്കാന്‍ അധികസമയം വേണ്ടിവരില്ല. വയനാടിന്റെ ഗതി 30 വര്‍ഷം മുമ്പ് പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞന്മാരും വിദഗ്ധരും പ്രവചിച്ചിരുന്നു.
പ്രകൃതി സംരക്ഷണസമിതി പദയാത്രകളും സെമിനാറുകളും ബോധവല്‍ക്കരണവും നടത്തുകയും ചെയ്തിരുന്നെങ്കിലും ആരും ചെവിക്കൊണ്ടില്ല. 2003ലും 2010ലും ഇതെല്ലാം ആവര്‍ത്തിച്ചു.
കബനിയില്‍ തടയണ കെട്ടുന്നതും ടാങ്കുകളില്‍ വെള്ളം വിതരണം ചെയ്യുന്നതും താല്‍ക്കാലിക പരിഹാരമേ ആവുന്നുള്ളൂ. വയനാടിന്റെ 95 ശതമാനം പ്രദേശങ്ങളും കബനിയുടെ വൃഷ്ടിപ്രദേശങ്ങളാണ്.
വര്‍ഷംതോറും മഴയും നീരൊഴുക്കും ഗണ്യമായി കുറയുകയും ചെയ്യുന്നു. മഴയുടെ ലഭ്യത കൂടുകയും കബനിയെയും അതിന്റെ മുഴുവന്‍ കൈവഴികളെയും പുനരുജ്ജീവിപ്പിക്കുകയും മാത്രമാണ് ഏക പരിഹാരം. പ്രകൃതിക്കു നേരെ നടത്തിയ അത്യാചാരത്തിന്റെ തിരിച്ചടിയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.
പരിസ്ഥിതി സുസ്ഥിരതയുടെ ആണിക്കല്ലായ വയനാടിന്റെ ചുറ്റുമുള്ള ഉത്തുംഗമായ പര്‍വതനിരകളിലെ പുല്‍പ്പരപ്പുകളും ചോലവനങ്ങളും കത്തിച്ചാമ്പലായിട്ട് വര്‍ഷങ്ങളായി.
വരള്‍ച്ചയുടെ തോത് വര്‍ഷംതോറും കൂടിവരുന്ന അവസ്ഥയാണിപ്പോള്‍. ഈ സാഹചര്യത്തില്‍ സൂക്ഷ്മവും സമഗ്രവും ഭാവനാപൂര്‍ണവുമായ പരിസ്ഥിതി പുനസ്ഥാപന പദ്ധതികള്‍ക്കു വേണ്ടിയുള്ള ജനമുന്നേറ്റം ഉണ്ടാവേണ്ടതുണ്ടെന്നു സമിതി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it