Kottayam Local

വന സംരക്ഷണം അറിവിന്റെ കലവറ തുറന്ന് ഇട്ടിരാപ്പി ചേട്ടന്‍



എരുമേലി: വികസനത്തിന്റെ പേരില്‍ മരങ്ങള്‍ വെട്ടിനശിപ്പിക്കുമ്പോള്‍ വീടിനു ചുറ്റും മരങ്ങള്‍ വച്ചുപിടിപ്പിച്ച് വന സംരക്ഷണത്തിന് പുത്തന്‍ മാതൃക സൃഷ്ടിച്ച് ഇട്ടിരാപ്പിചേട്ടന് സന്ദര്‍ശകരായെത്തിയത് ഒരുകൂട്ടം വിദ്യാര്‍ഥികള്‍. പരിസ്ഥിതി ദിനത്തില്‍ എരുമേലി സെന്റ തോമസ് ഹൈസ്‌കൂളിലെ നേച്ചര്‍ ക്ലബ്ബ് വിദ്യാര്‍ഥികളായ നൂറംഗ സംഘമാണ് അധ്യാപകര്‍ക്കൊപ്പം കൊരട്ടി റോട്ടറി ക്ലബ്ബ് ഓരുങ്കല്‍കടവ് റോഡിലെ പള്ളിവാതില്‍ക്കല്‍ അലക്‌സ് എബ്രഹാം എന്ന ഇട്ടിരാപ്പി ചേട്ടനെ കാണാനെത്തിയത്. വന സംരക്ഷണം സംബന്ധിച്ച് കുട്ടികള്‍ക്ക് മുന്നില്‍ ഇട്ടിരാപ്പിചേട്ടന്‍ അറിവിന്റെ കലവറയാണ് തുറന്നിട്ടത്. മരങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും പ്രാധാന്യം മനസ്സിലാക്കിക്കൊടുത്ത ഇട്ടിരാപ്പിചേട്ടന്‍ കുട്ടികളുടെ ഒട്ടനവധി സംശയങ്ങള്‍ക്കും മറുപടി നല്‍കി. പാരമ്പര്യ കര്‍ഷക കുടുംബത്തിലെ അംഗമായ ഇട്ടിരാപ്പി ചേട്ടന്‍ ബാല്യത്തില്‍ തന്നെ കര്‍ഷകനായി മാറുകയായിരുന്നു. അനുഭവക്കുറിപ്പുകള്‍ നേചര്‍ ക്ലബ്ബിനു വേണ്ടി തയ്യാറാക്കാന്‍ വിവരശേഖരണം നടത്തിയാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്. അധ്യാപകരായ ലീന ജോയി, രാജീവ് ജോസഫ്, മിനി ട്രീസ ജോസഫ് തുടങ്ങിയവരും കുട്ടികള്‍ക്കൊപ്പമെത്തിയിരുന്നു.
Next Story

RELATED STORIES

Share it