kannur local

വന്‍ സുരക്ഷയില്‍ ഇന്ന് അഴിയൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്

മാഹി: അഴിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. അഴിയൂര്‍ ഈസ്റ്റ് എല്‍പി സ്‌കൂളില്‍ പ്രത്യേകം സജ്ജമാക്കിയ ബൂത്തില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലു വരെയാണ് വോട്ടെടുപ്പ്. നിലവില്‍ 2800 വോട്ടര്‍മാരാണുള്ളത്. തിരഞ്ഞടുപ്പില്‍ ബാങ്ക് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡിനു പുറമെ തിരിച്ചറിയല്‍ രേഖയായി ആധാര്‍കാര്‍ഡ്, ഇലക്്ഷന്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയും കൂടി ഉപയോഗിക്കാമെന്ന് വോട്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം, ജനതാദള്‍-എസ്, സിപിഐ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഇടത് മുന്നണിയും ലോക് താന്ത്രിക് ജനതാദളിന്റെ നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണിയും തമ്മിലാണ് മല്‍സരം.
സിപിഎം ജില്ലാ നേതൃത്വവും ലോക് താന്ത്രിക് ജനതാദളും തമ്മില്‍ നിരവധി തവണ നടത്തിയ സീറ്റ് ചര്‍ച്ചയില്‍ ധാരണയാവാത്തതിനാലാണ് മല്‍സരത്തിന് കളമൊരുങ്ങിയത്. സോഷ്യലിസ്റ്റുകളുടെ കൈയിലുള്ള ബാങ്ക് പിടിച്ചെടുക്കാനുള്ള സിപിഎമ്മിന്റെ ഗൂഡ നീക്കത്തിനെതിരേ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിയാണ് തിരഞ്ഞെടുപ്പ് നേരിടുന്നതെന്ന് ലോക് താന്ത്രിക് നേതൃത്വം വ്യക്തമാക്കി. എന്നാല്‍ സിപിഎമ്മിനെ രണ്ടു സീറ്റില്‍ ഒതുക്കാനുള്ള ലോക് താന്ത്രിക് ജനതാദളിന്റെ നീക്കമാണ് തിരഞ്ഞെടുപ്പിലേക്ക് നയിച്ചതെന്ന് എല്‍ഡിഎഫ് പറയുന്നു. സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗം പി ശ്രീധരന്‍ ജനതാദള്‍ എസ് നേതാവും ബ്ലോക്ക് പഞ്ചായത്തംഗവുമായ കെ പി പ്രമോദ് എന്നിവര്‍ ഇടതുപാനലിലും അഴിയൂര്‍ പഞ്ചായത്തംഗവും ലോക് താന്ത്രിക് ജനതാദള്‍ വടകര നിയോജകമണ്ഡലം സെക്രട്ടറിയുമായ വി പി ജയന്‍, പാര്‍ട്ടി പഞ്ചായത്ത് സെക്രട്ടറി ടി കെ അനില്‍കുമാര്‍ തുടങ്ങിയവര്‍ സഹകരണ ജനാധിപത്യ മുന്നണി പാനലിലുമായി മല്‍സരിക്കുന്നുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വോട്ടെടുപ്പ് നടക്കുന്ന സ്‌കൂളിനു ചുറ്റും പോലിസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. യുഡിഎഫ് മുന്നണി വിട്ട് ഇടതു ക്യാംപിലെത്തിയ എം പി വീരേന്ദ്രകുമാര്‍ പക്ഷത്തിന് അഭിമാന പോരാട്ടമാണ് അഴിയൂര്‍ ബാങ്ക് തിരഞ്ഞെടുപ്പ്.
Next Story

RELATED STORIES

Share it