Flash News

വന്‍ പരിഷ്‌കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍ : 27 ഇനങ്ങളുടെ നിരക്കില്‍ മാറ്റം



എന്‍  പി  അനൂപ്

ന്യൂഡല്‍ഹി: 27 ഉല്‍പന്നങ്ങളുടെ നിരക്കില്‍ മാറ്റം വരുത്തി ജിഎസ്ടി കൗണ്‍സിലിന്റെ പരിഷ്‌കാരങ്ങള്‍. കൂടാതെ, ഇനി മുതല്‍ വര്‍ഷത്തില്‍ ഒന്നര കോടി വിറ്റുവരവുള്ള ചെറുകിട-ഇടത്തരം വ്യാപാരികള്‍ക്ക്  നാലു തവണ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി. 75 ലക്ഷം മുതല്‍ ഒരു കോടി വരെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികള്‍ സ്റ്റാന്‍ഡേര്‍ഡ് ടാക്‌സ് നല്‍കിയാലും മതി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന 22ാമത് ജിഎസ്ടി ഉന്നതാധികാര സമിതി യോഗത്തിലാണ് നിര്‍ണായക പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. തുണിത്തരങ്ങള്‍, കയര്‍ ഉള്‍പ്പെടെയുള്ള കൈത്തറി വസ്തുക്കള്‍ എന്നിവയുടെ ജിഎസ്ടി നികുതി 12 രൂപയില്‍ നിന്ന് അഞ്ചു രൂപയാക്കി കുറച്ചു. വരുന്ന ഏപ്രില്‍ മുതല്‍ ഇ-ബില്ലിങ് പിന്‍വലിക്കാനും ധാരണയായി. രണ്ടു ലക്ഷം വരെയുള്ള തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ നിയന്ത്രണമൊഴിവാക്കി. അതിനാല്‍, 50,000 മുതല്‍ രണ്ടു ലക്ഷം വരെയുള്ള തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ ഇനി പാന്‍ കാര്‍ഡിന്റെ ആവശ്യമില്ല. സ്വര്‍ണ-രത്‌നവ്യാപാരികളെ കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. റസ്‌റ്റോറന്റുകള്‍ക്കു ജിഎസ്ടി ഏര്‍പ്പെടുത്തിയതിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ ഉപസമിതിയെ നിയമിച്ചു. കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണിത്. ഇതിനു പുറമെ എസി റസ്റ്റോറന്റുകളുടെ ജിഎസ്ടി 12 ശതമാനമുള്ള സ്ലാബിലേക്ക് പുതുക്കി നിശ്ചയിക്കും. നോണ്‍ എസി ഹോട്ടലുകള്‍ക്കും ഇളവുണ്ട്. ചെറുകിട-ഇടത്തരം വ്യാപാരമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനും ഉപസമിതിയെ നിയോഗിച്ചു. കയറ്റുമതിക്കാരുടെ നികുതി തിരിച്ചുകൊടുക്കുന്നത് വേഗത്തിലാക്കും. ഇവരുടെ പ്രശ്‌നങ്ങള്‍ സാധ്യമായ വേഗത്തില്‍ പരിഹരിക്കും. കയറ്റുമതി വ്യാപാരികളുടെ ഇന്റഗ്രേറ്റഡ് ജിഎസ്ടി ആറു മാസത്തേക്ക് ഒഴിവാക്കി. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി നിരക്കിലും മാറ്റം വരുത്തിയതായി ജെയ്റ്റ്‌ലി വ്യക്തമാക്കി. കരാര്‍ജോലികള്‍ക്ക് ചുമത്തിയിരുന്ന 12 ശതമാനം ജിഎസ്ടി 5 ശതമാനത്തിലേക്കും ഡീസല്‍ എന്‍ജിന്‍ ഭാഗങ്ങള്‍ക്ക് 28ല്‍ നിന്നു 18 ശതമാനത്തിലേക്കും മാറ്റി.  അതേസമയം, രാജ്യത്തു നിന്നുള്ള കയറ്റുമതിക്ക് ഇളവുകള്‍ പ്രഖ്യാപിക്കാനും ധാരണയായി. കയറ്റുമതി ചെയ്യുന്നവര്‍ക്കായി 2018 ഏപ്രില്‍ 1 മുതല്‍ ഇ-വാലറ്റുകള്‍ നല്‍കും. ഇവര്‍ക്കുള്ള നികുതി തിരിച്ചടവ് ഈ മാസം 10 മുതല്‍ തന്നെ നടപ്പാക്കുമെന്നും  ധനമന്ത്രി പ്രതികരിച്ചു. കയറ്റുമതിക്കുള്ള ഉല്‍പന്നങ്ങള്‍ സംഭരിക്കുമ്പോള്‍ തന്നെ നികുതി ഒഴിവാക്കി നല്‍കാനാണ് നീക്കം. ജിഎസ്ടി റിട്ടേണ്‍ മൂന്നു മാസം കൂടുമ്പോള്‍ ഒടുക്കുകയെന്ന വ്യാപാരികളുടെ നിരന്തരമായ ആവശ്യത്തെ നിരവധി സംസ്ഥാനങ്ങള്‍ പിന്തുണച്ചതായും യോഗത്തിനു ശേഷം തെലങ്കാന ധനമന്ത്രി ഇ രജീന്ദര്‍ പ്രതികരിച്ചു. ഒന്നര കോടി രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക് ഇളവ് ആവശ്യപ്പെട്ട് നേരത്തേ കേരളവും രംഗത്തെത്തിയിരുന്നു. അടുത്ത കൗണ്‍സില്‍ യോഗം നവംബര്‍ 9,10 തിയ്യതികളിലായി ഗുവാഹത്തിയില്‍ നടക്കും.
Next Story

RELATED STORIES

Share it