വന്‍ കവര്‍ച്ച; ജ്വല്ലറിയില്‍ നിന്ന് മൂന്നുകിലോ സ്വര്‍ണവും വെള്ളിയും കവര്‍ന്നു

കൊടുവള്ളി: കോഴിക്കോട്-ബംഗളൂരു ദേശീയപാതയില്‍ കൊടുവള്ളി ടൗണില്‍ പോലിസ് സ്‌റ്റേഷന് സമീപമുള്ള സില്‍സില ജ്വല്ലറിയില്‍ വന്‍ മോഷണം. മൂന്നുകിലോ സ്വര്‍ണവും മൂന്നുകിലോ വെള്ളിയും രണ്ടര ലക്ഷം രൂപയും മോഷണം പോയി.
ഏകദേശം 87 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. കൊടുവള്ളി സ്വദേശി വെളുത്തേടത്ത് ഫിറോസ് ബാബുവിന്റെ ഉടമസ്ഥതയിലുള്ളതാണു ജ്വല്ലറി.
വെള്ളിയാഴ്ച പുലര്‍ച്ചയാണു കവര്‍ച്ച നടന്നത്. ജീവനക്കാരന്‍ വെള്ളിയാഴ്ച രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.  കാടുപിടിച്ചു കിടക്കുന്ന ജ്വല്ലറിയുടെ പിന്‍വശത്തെ ചുവരില്‍ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തുറന്നാണു മോഷണം നടത്തിയത്.  ജ്വല്ലറിയിലെ സിസി ടിവി നശിപ്പിച്ച നിലയിലും അകത്തുള്ള വസ്തുക്കളെല്ലാം വാരിവലിച്ചിട്ട നിലയിലുമാണ്.
കൊടുവള്ളി സിഐ പി ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും ഫോറന്‍സിക് വിദഗ്ധരും പയ്യോളിയില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും സ്ഥലത്തു തെളിവെടുപ്പു നടത്തി. പോലിസ് നായ കെട്ടിടത്തിന്റെ പിന്‍ഭാഗത്തുണ്ടാക്കിയ ദ്വാരത്തിനടുത്ത് നിന്നു തൊട്ടടുത്ത കെട്ടിടം വഴി റോഡില്‍ വരെ ഓടിയെത്തി നിന്നു.
തൊട്ടടുത്ത ബില്‍ഡിങുകളിലെയും പരിസരത്തെയും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും കവര്‍ച്ചയ്ക്ക് പിന്നില്‍ ഇതര സംസ്ഥാന തൊഴിലാളികളാണെന്നാണു പ്രാഥമിക നിഗമനമെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it