kannur local

വന്‍ കവര്‍ച്ചയില്‍ ഞെട്ടി പഴയങ്ങാടി; പ്രതികള്‍ മലയാളം സംസാരിക്കുന്നവരെന്ന് പോലിസ്

പഴയങ്ങാടി:  തിരക്കേറിയ നഗരത്തില്‍ പട്ടാപ്പകല്‍ അരങ്ങേറിയ വന്‍ കവര്‍ച്ചയില്‍ നാടും നാട്ടുകാരും ഞെട്ടിത്തരിച്ചിരിക്കെ പ്രതികള്‍ക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. പഴയങ്ങാടി ബസ്‌സ്റ്റാന്റിലെ അല്‍ ഫത്തീബി ജ്വല്ലറിയില്‍ ഇന്നലെ ഉച്ചയ്ക്കാണ് സിനിമാ കഥയെ വെല്ലുന്ന രീതിയില്‍ മോഷണം നടന്നത്.
മലയാളം സംസാരിക്കുന്നവരാണു സംഭവത്തിനു പിന്നിലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. അതിനാല്‍ ആ നിലയ്ക്കാണ് അന്വേഷണം പുരോഗമിക്കുന്നത്. ജ്വല്ലറി ഉടമയെയോ ജീവനക്കാരെയോ അടുത്തറിയാവുന്നവരുടെ പങ്കും പോലിസ് പരിശോധിച്ചുവരികയാണ്. അതിനാല്‍ ഉടമയില്‍നിന്നും ജീവനക്കാരില്‍നിന്നും വിശദമായ മൊഴിയെടുക്കും. സൈബര്‍ സെല്ലിന്റെ സഹായവും ഉപയോഗപ്പെടുത്തും.
നഷ്ടം പൂര്‍ണമായി തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും അഞ്ചുകിലോ സ്വര്‍ണാഭരണങ്ങളളും ഉരുപ്പടികളും നഷ്ടമായെന്നാണ് വിലയിരുത്തല്‍. ജീവനക്കാര്‍ ജുമുഅ നമസ്‌കാരം നിര്‍വഹിക്കാന്‍ പോയ തക്കംനോക്കിയാണു മോഷ്ടാക്കള്‍ എത്തിയത്. അതിനാല്‍ കവര്‍ച്ചയ്ക്കു പിന്നില്‍ സമര്‍ഥമായ ആസൂത്രണം ഉണ്ടായിരിക്കാമെന്ന് കരുതുന്നു. ബസ്സുകളിലും സ്റ്റാന്റിലും നിറയെ ആളുകളുള്ള ഒരുമണിക്കും രണ്ടുമണിക്കും ഇടയില്‍ നടന്ന കവര്‍ച്ച നാട്ടുകാരെയും പോലിസിനെയും ഒരുപോലെ കുഴക്കുന്നുണ്ട്.
സമീപത്തെ ഫാന്‍സി കടയുടെ സിസിടിവി കാമറ കാമറ കര്‍ട്ടനിട്ട് മൂടി, രണ്ടു പൂട്ടുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ ജ്വല്ലറിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ജ്വല്ലറിയില്‍ സ്ഥാപിച്ചിരുന്ന കാമറകള്‍ കേടുവരുത്തി കംപ്യൂട്ടറുമായി ബന്ധിപ്പിച്ചിരുന്ന ഹാര്‍ഡ് ഡിസ്‌കും കൈക്കലാക്കി. ചുരുങ്ങിയ സമയത്തിന്റെ ഇടവേളയില്‍ മുഴുവന്‍ സ്വര്‍ണവും കവര്‍ച്ചക്കാര്‍ കടത്തി. സംഭവമറിഞ്ഞ് ജ്വല്ലറി പരിസരത്ത് ജനങ്ങള്‍ തടിച്ചുകൂടി. തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലന്റെ നേതൃത്വത്തിലാണ് അന്വേഷണം. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി പരിശോധിച്ചുവരികയാണെന്നും പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്നും ഡിവൈഎസ്പി പറഞ്ഞു.
Next Story

RELATED STORIES

Share it