വന്‍ ആസ്തി, ലൈംഗിക അരാജകത്വവും അടിമത്തവും

മുഹമ്മദ് പടന്ന

2010ല്‍ ഗോവ പോലിസ് നല്‍കിയ റിപോര്‍ട്ട് പ്രകാരം സനാതന്‍ സന്‍സ്ഥയുടെ പ്രധാന വരുമാന സ്രോതസ്സ് റിയല്‍ എസ്‌റ്റേറ്റ് മേഖലയാണ്. കൂടാതെ സന്‍സ്ഥയുടെതായി നിരവധി പ്രസിദ്ധീകരണങ്ങളുമുണ്ട്. ബാലസാഹിത്യങ്ങളിലടക്കം വര്‍ഗീയ വിഷം കുത്തിവച്ചുള്ള പ്രചാരണം. 2011ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മഹാരാഷ്ട്ര- തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് 1000 പേജുകളുള്ള 25ഓളം ഫയലുകള്‍ കൈമാറുകയുണ്ടായി. ഇന്ത്യയൊട്ടുക്കും സനാതന്‍ സന്‍സ്ഥ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന ഈ ഫയല്‍ പക്ഷേ ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലം വെളിച്ചം കണ്ടില്ല എന്നാണു സംശയം. കഴിഞ്ഞ ഫെബ്രുവരി 16ന് പന്‍സാരെ കേസില്‍ സമീര്‍ ഗായ്ക്‌വാദ് അറസ്റ്റിലായതിനു ശേഷമാണ് ധാബോല്‍ക്കര്‍ കല്‍ബുര്‍ഗി കേസിലും ഇയാളുടെ പങ്ക് അന്വേഷണ വിധേയമായത്. 2008-09ല്‍ താനെ, നവിമുംബയ്, മഡ്ഗാവ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനത്തിലും ഇവര്‍ക്കു വ്യക്തമായ പങ്കുണ്ടെന്ന് പോലിസ് സംശയിക്കുന്നു.

ഈ കേസുകളിലൊക്കെ കോടതികളില്‍ സന്‍സ്ഥയുടെ വക്കീലുമാര്‍ പ്രോസിക്യൂഷനെതിരേ ശക്തമായ വാദങ്ങള്‍ നിരത്തുകയുണ്ടായി. കേസുകള്‍ പൊളിക്കാന്‍ വിദഗ്ധ അഭിഭാഷകരുടെ ഒരു ടീം തന്നെ സംഘടനയ്ക്കുണ്ടത്രെ. പോലിസില്‍ ഇവര്‍ക്കുള്ള സ്വാധീനം മൂലം അന്വേഷണം ദുര്‍ബലപ്പെടുന്നതിനും വഴിയൊരുങ്ങുന്നു.  ബെല്‍ഗാം, ബംഗളൂരു, ചെന്നൈ, ഗ്വാളിയോര്‍, ജയ്പൂര്‍, മഹാരാഷ്ട്രയിലെ ചില മേഖലകള്‍ തുടങ്ങിയിവിടങ്ങളില്‍ ഓഫിസുകളുള്ള സന്‍സ്ഥ ഹിന്ദുക്കളില്‍ ആക്രമണ സ്വഭാവമുള്ള നക്‌സലുകള്‍, മറ്റു സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവരെ പ്രലോഭിപ്പിച്ചു കൊണ്ടുവന്ന് ഹിപ്‌നോട്ടിസത്തിലൂടെ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കുകയാണ്. ഭക്തിയുടെ പേരുപറഞ്ഞ് നിരവധി സ്ത്രീകളെയും ഇത്തരത്തില്‍ വശീകരിച്ച് കൂടെ കൂട്ടിയിട്ടുണ്ട്.

സ്ത്രീകളെ ലൈംഗിക അടിമത്തത്തിലാക്കുകയും ഒരിക്കലും തിരിച്ച് തങ്ങളുടെ കുടുംബത്തോടൊപ്പം പോവാത്തതരത്തില്‍ അവരെ മസ്തിഷ്‌ക പ്രക്ഷാളനം തടത്തുകയും ചെയ്യുന്നു. അന്വേഷണത്തിനിടെ 2600ഓളം ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയതായും പോലിസിന്റെ റിപോര്‍ട്ടില്‍ പറയുന്നു. പഞ്ചിം സ്വദേശിയായ പുഷ്പലത പോയേക്കര്‍(60) തന്റെ മകന്‍ അവിനാഷിനെ സന്‍സ്ഥയുടെ തടവറയില്‍നിന്നു രക്ഷിക്കണമെന്നു കാട്ടി ആഭ്യന്തരമന്ത്രിക്കു കത്തെഴുതുകയുണ്ടായി. തന്റെ മകനെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്ത് പന്‍വേലിലെ ദേവാഡ് ആശ്രമത്തില്‍ തടവിലിട്ടിരിക്കുകയാണെന്നും തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും കത്തില്‍ പറയുന്നു. ഇത്തരത്തില്‍ അവിടെയുള്ള നിരവധി സ്ത്രീകളെക്കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്. കോണ്‍ട്രാക്ടറായ രമേശ് വാല്‍ക്കെ എന്നയാള്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ ദേവാഡ് ആശ്രമത്തില്‍ ഇത്തരത്തില്‍പ്പെട്ടു കഴിയുന്ന തന്റെ മകള്‍ ദീപ്തിയെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ലെംഗിക ചൂഷണത്തിനിരയായതായി കാണിച്ച് പരാതി നല്‍കാന്‍ മകള്‍ ഒരുങ്ങിയിരുന്നു. എങ്കിലും പിന്നീട് അവള്‍ മാതാപിതാക്കളെ പോലും കാണാതിരിക്കാന്‍ ശ്രമിച്ചെന്നും അവളുടെ പരാതി പിന്‍വലിപ്പിച്ചുവെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

ബന്ധുക്കളായ വിജയ് റോക്കഡെ, ശോഭ ചിഞ്ച്കര്‍, രാജേന്ദ്ര സ്വാമി, ഭാനുദാസ് അദ്ഭായി തുടങ്ങിയവരെ വിട്ടുകിട്ടാനായി 2011ല്‍ ബോംബെ ഹൈക്കോടതിയില്‍ ഒരു പൊതു താല്‍പ്പര്യ ഹരജിയും സമര്‍പ്പിക്കുകയുണ്ടായി. വിഷയത്തില്‍ കേന്ദ്രത്തോട് കോടതി വിശദീകരണം ആരാഞ്ഞെങ്കിലും നിയമത്തിന്റെ പഴുതുപയോഗിച്ച് ഈ കേസും ദുര്‍ബലമായി. എന്നാല്‍, അന്നത്തെ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ പറയുന്നത് തങ്ങളുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ആവശ്യമെങ്കില്‍ ഇനിയും സഹകരിക്കാം എന്നുമാണ്. സത്യവാങ്മൂലം സമര്‍പ്പിക്കുന്നതില്‍ വന്ന വീഴ്ചയാണു കാരണം. ഭയവും മറ്റും മൂലം പരാതി നല്‍കാത്ത ഒട്ടേറെ പേര്‍ ഇനിയുമുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തന്റെ രണ്ടു പെണ്‍മക്കളെ സന്‍സ്ഥയുടെ പിടിയില്‍നിന്നു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഒരു മാതാവ് പൊട്ടിക്കരഞ്ഞത് ദേശീയ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ആര്‍എസ്എസ് കുടുംബത്തില്‍ നിന്നാണ് കുട്ടികളെ സന്‍സ്ഥ റാഞ്ചിയത്. അവസാനിക്കുന്നില്ല
Next Story

RELATED STORIES

Share it