Flash News

വന്‍തോതില്‍ വൈന്‍ ഉല്‍പാദിപ്പിക്കാന്‍ അനുമതി തേടി സഭ



തിരുവനന്തപുരം: സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിക്കാനിരിക്കേ സംസ്ഥാനത്ത് പൂര്‍ണ മദ്യനിരോധനം വേണമെന്ന് ആവശ്യവുമായി മുന്‍നിരയിലുള്ള ലത്തീന്‍ അതിരൂപത വന്‍തോതില്‍ വൈന്‍ ഉല്‍പാദിപ്പിക്കാന്‍ അനുമതിതേടി സര്‍ക്കാരിനെ സമീപിച്ചതായി രേഖകള്‍. ഇംഗ്ലീഷ് ദിനപത്രം നല്‍കിയ വിവരാവകാശത്തിനുള്ള മറുപടിയിലാണ് ലത്തീന്‍ അതിരൂപതയുടെ നിലപാടു വ്യക്തമായത്. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം തിരുത്തുന്നതിനെതിരേ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് എം സൂസെപാക്യത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരേ വലിയ പ്രതിഷേധമാണ് നടത്തിവരുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയേയും ഗവര്‍ണറേയും നേരില്‍ക്കണ്ട് സഭാനേതൃത്വം പ്രതിഷേധം അറിയിച്ചിരുന്നു. അതേ ലത്തീന്‍ അതിരൂപത തന്നെയാണു വൈന്‍ ഉല്‍പാദനത്തില്‍ വര്‍ധനവ് വരുത്താന്‍ അനുമതി തേടി എക്‌സൈസ് വകുപ്പിന് അപേക്ഷ നല്‍കിയത്. നിലവില്‍ 250 ലിറ്റര്‍ വൈന്‍ ഉല്‍പാദിപ്പിക്കാനാണ് സഭയ്ക്ക് അനുമതിയുള്ളത്. ഇത് 25,000 ലിറ്ററാക്കി ഉയര്‍ത്തണമെന്നാണ് എം സൂസെപാക്യം എക്‌സൈസ് വകുപ്പിന് നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ രൂപതയുടെ ആവശ്യം തള്ളി. അപേക്ഷയില്‍ ആവശ്യപ്പെട്ട അളവും പുരോഹിതരുടെ എണ്ണവും തമ്മില്‍ ഒത്തുപോവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എക്‌സൈസ് വകുപ്പ് അനുമതി നിഷേധിച്ചതെന്നാണു റിപോര്‍ട്ട്. 408 പുരോഹിതര്‍ക്കാണ് വൈന്‍ പ്രേയറിന് 25,000 ലിറ്റര്‍ വൈന്‍ വേണമെന്ന് സൂസെപാക്യം അപേക്ഷ നല്‍കിയത്. ഏപ്രില്‍ ആദ്യവാരം സൂസെപാക്യത്തിന്റെ അപേക്ഷ എക്‌സൈസ് വകുപ്പ് വിശദീകരണം തേടി തിരിച്ചയച്ചു. എന്നാല്‍, ഇതുവരെയും സൂസെപാക്യം എക്‌സൈസ് വകുപ്പിന് മറുപടി നല്‍കിയിട്ടില്ല.
Next Story

RELATED STORIES

Share it