kozhikode local

വന്‍കിട വസ്ത്രാലയങ്ങളില്‍ ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു

കോഴിക്കോട്: നഗരത്തിലെ വന്‍കിട വസ്ത്രാലയങ്ങളില്‍ ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു. ഈ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് മാഫിയ പ്രവര്‍ത്തിക്കുന്നത്. വിരമിച്ച ഒരു ഉന്നത റെയില്‍വേ ഉദ്യോഗസ്ഥന്റെ ഭാര്യയടക്കമുള്ള സംഘമാണ് ഈ മാഫിയക്കു നേതൃത്വം നല്‍കുന്നതെന്നു അസംഘടിത മേഖലയിലെ തൊഴിലാളി സംഘടനാ നേതാക്കള്‍ പറയുന്നു. തൊഴിലാളികളെന്ന വ്യാജേനെ സ്ഥാപനത്തില്‍ ജോലിക്കായി വരുന്ന മാഫിയാ സംഘാംഗങ്ങള്‍ മറ്റു തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയാണ് ആദ്യം ചെയ്യുക.
ദാരിദ്ര്യവും കഷ്ടപ്പാടുമുള്ളവരെ കണ്ടെത്തി പണം കടം വാങ്ങാനുള്ള സൗകര്യം ഒരുക്കും. 50000 രൂപ വരെ കടമായി നല്‍കാന്‍ തയ്യാറാവുന്ന മാഫിയ 10 ശതമാനത്തിലധികം പലിശയാണ് ഈടാക്കുന്നത്.
നിരവധി പേരാണ് ഇവരുടെ കെണിയില്‍ കുടുങ്ങിയത്. വസ്ത്രാലയങ്ങളില്‍ പണിക്കു നില്‍ക്കുന്നവരില്‍ ഭൂരിപക്ഷവും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നു വരുന്നവരാണ്. ഭര്‍ത്താവ് അകാലത്തില്‍ മരിച്ചവരും കിടപ്പായവരും വരെ ഇതിലുള്‍പ്പെടുന്നു. സ്വാഭാവികമായും കുടുംബ ചെലവിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇവര്‍ക്കായിരിക്കും. ഇതാണ് പ്രധാനമായും ബ്ലേഡ് മാഫിയക്കു വളമാവുന്നത്. 200ഓളം തൊഴിലാളികള്‍ പണിയെടുക്കുന്ന നിരവധി വസ്ത്രാലയങ്ങള്‍ നഗരത്തിലുണ്ട്. ഇരകളെ തേടി സഞ്ചരിക്കുന്നതിന് പകരം നിരവധി പേരെ ഒരുമിച്ചു കിട്ടുന്നതിനാലാണ് മാഫിയകള്‍ ഈ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇരകള്‍ ജോലിയുള്ളവരായതിനാല്‍ പലിശയും മുതലു ഏതു വിധേനയും സംഘടിപ്പിക്കാനും കഴിയും.
പല തൊഴിലാളികള്‍ക്കും ഇപ്പോള്‍ ശമ്പളം ലഭിച്ചു കഴിഞ്ഞാല്‍ വീട്ടിലേക്ക് കൊണ്ടുപോവാന്‍ കാര്യമായൊന്നും ഉണ്ടാവാറില്ല. മാഫിയാ പ്രവര്‍ത്തനങ്ങളെ കുറിച്ച് മാനേജ്‌മെന്റുകള്‍ അറിയുമോയെന്ന കാര്യം സംശയമാണ്. അറിയില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. എന്നിരുന്നാലും ഈ ചൂഷണത്തിനെതിരെ സമരം സംഘടിപ്പിക്കാന്‍ ചില തൊഴിലാളി സംഘടനകള്‍ തയ്യാറെടുക്കുന്നുണ്ട്. ഓപ്പറേഷന്‍ കുബേര വഴി പരാതി നല്‍കുന്നതിനെ കുറിച്ചും ആലോചനയുണ്ട്. എന്നാല്‍, ഉന്നതരായ മാഫിയാ തലവന്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലിസ് തയ്യാറാവുമോയെന്നതാണ് നേതാക്കളെ അലട്ടുന്ന വിഷയം.
Next Story

RELATED STORIES

Share it