Flash News

വന്‍കിട കൈയേറ്റം : രാജമാണിക്യത്തിന്റെ റിപോര്‍ട്ട് തള്ളി നിയമ സെക്രട്ടറി



തിരുവനന്തപുരം: അനധികൃത പാട്ടഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നത്തില്‍ നിയമ, റവന്യൂ വകുപ്പുകള്‍ തമ്മില്‍ പോര് മുറുകുന്നു. ടാറ്റ, ഹാരിസണ്‍ ഗ്രൂപ്പുകള്‍ കൈവശം വച്ചിരിക്കുന്ന ഭൂമി നിയമ നിര്‍മാണത്തിലൂടെ ഏറ്റെടുക്കണമെന്ന കെഎസ്ആര്‍ടിസി എംഡി  ഡോ. എം ജി രാജമാണിക്യത്തിന്റെ റിപോര്‍ട്ട് തള്ളി നിയമവകുപ്പ് രംഗത്ത്. ഭൂമി ഏറ്റെടുക്കുന്നതിന് രാജമാണിക്യം റിപോര്‍ട്ട് അപര്യാപ്തമാണെന്നാണ് നിയമവകുപ്പ് സെക്രട്ടറി ബിജി ഹരീന്ദ്രനാഥ് തയ്യാറാക്കിയ റിപോര്‍ട്ടിലുള്ളത്. നിയമ സെക്രട്ടറി റിപോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. കമ്പനികള്‍ കൈവശം വച്ചിരിക്കുന്ന ഭൂമി നിയമ വിരുദ്ധമല്ലെന്നാണ് നിയമ വകുപ്പിന്റെ വാദം. ഇത് കാലാകാലങ്ങളായി കൈവശം വച്ചിരിക്കുന്ന ഭൂമിയാണെന്നും നിയമവകുപ്പ് സെക്രട്ടറി പറയുന്നു. പുതിയ കമ്മീഷനെ നിയമിക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. ടാറ്റ, ഹാരിസണ്‍ അടക്കമുള്ള കമ്പനികള്‍ അഞ്ച് ലക്ഷത്തി ഇരുപതിനായിരം ഏക്കര്‍ ഭൂമിയാണ് കൈവശം വച്ചിരിക്കുന്നതെന്നും ഇതു നിയമനിര്‍മാണത്തിലൂടെ ഏറ്റെടുക്കണമെന്നുമായിരുന്നു രാജമാണിക്യം റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, രാജമാണിക്യം റിപോര്‍ട്ടിന് പകരം പുതിയ നിയമനിര്‍മാണം കൊണ്ടുവരണമെന്നാണ് നിയമവകുപ്പ് ആവശ്യപ്പെടുന്നത്. ഹാരിസണ്‍ അടക്കമുള്ള കമ്പനികള്‍ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത് അനധികൃതമായിട്ടല്ലെന്നും പാട്ടക്കരാര്‍ കഴിഞ്ഞ ഭൂമി മാത്രമാണെന്നും അവരുടെ പക്കലുള്ള ഭൂമി കൈവശഭൂമിയായി മാത്രമേ കണക്കാക്കാന്‍ കഴിയൂവെന്നുമാണ് നിയമവകുപ്പിന്റെ വാദം. ഏതൊക്കെ നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണോ നടപടി സ്വീകരിക്കാന്‍ രാജമാണിക്യം ആവശ്യപ്പെട്ടത് അവയെല്ലാം അപര്യാപ്തമാണെന്നും നിയമവകുപ്പ് പറയുന്നു. ആവശ്യമെങ്കില്‍ വന്‍കിട തോട്ടങ്ങളും കൈയേറ്റങ്ങളും ഏറ്റെടുക്കുന്നതിനായി പുതിയ നിയമം ആവാം. ഇതിനായി കോടതി—യില്‍ സ്ഥാപിക്കേണ്ടി വരും. കോടതിവഴിയെ ഭൂമി തിരിച്ച് പിടിക്കാനാവൂവെന്നും നിയമസെക്രട്ടറി ചൂണ്ടിക്കാട്ടി. അതേസമയം, പുതിയ നിയമത്തിനായി റവന്യൂ വകുപ്പ് അതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നുമുണ്ട്. ഹാരിസണി ന്റെ കുടിയാന്‍ വാദം തള്ളി ഭൂമി ഏറ്റെടുക്കാന്‍ 2013 ഫെബ്രുവരിയില്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ വിധിയെപോലും മറികടക്കുന്നതാണ് നിയമവകുപ്പിന്റെ നീക്കം. ടാറ്റയുടേത് അനധികൃത കൈയേറ്റമാണെന്ന് കോടതി പോലും അംഗീകരിച്ചതായിരുന്നു. ഇതിനുപിന്നാലെ ഒമ്പത് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. വിദേശനാണ്യ വിനിമയ നിയമം, കേരള ഭൂസംരക്ഷണ നിയമം, ഇന്ത്യന്‍ കമ്പനി ആക്ട് എന്നിവയെല്ലാം ലംഘിച്ചാണ് സര്‍ക്കാരിന്റെ ഭൂമി വിദേശ കമ്പനികള്‍ കൈവശം വച്ചിരിക്കുന്നതെന്നാണ് രാജമാണിക്യത്തിന്റെ റിപോര്‍ട്ട്. നിയമ വകുപ്പ് സെക്രട്ടറിയുടെ റിപോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ ഇത് മൂന്നാറിലടക്കം നടന്നുകൊണ്ടിരിക്കുന്ന കൈയേറ്റം ഒഴിപ്പിക്കലിനെ ബാധിക്കുമെന്നാണ് സൂചനകള്‍.
Next Story

RELATED STORIES

Share it