kozhikode local

വന്‍കിടക്കാരെ ഒഴിവാക്കല്‍ : മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരെ ടിപ്പര്‍ ജീവനക്കാര്‍ തടഞ്ഞുവച്ചു



താമരശ്ശേരി: അമ്പായത്തോടിന് സമീപം മോട്ടോര്‍ വാഹന വിഭാഗം ഉദ്യോഗസ്ഥരെ ടിപ്പര്‍ ജീവനക്കാര്‍ സംഘടിച്ചെത്തി തടഞ്ഞുവച്ചു. വന്‍കിട കമ്പനികളുടെ ടിപ്പറുകളെ ഒഴിവാക്കി സാധാരണ ടിപ്പറുകളെ തടഞ്ഞ് പിഴ ഈടാക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. താമരശ്ശേരി പോലിസ് സ്ഥലത്തെത്തിയാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് താമരശ്ശേരി ചെക്‌പോസ്റ്റിനും അമ്പായത്തോടിനും ഇടയില്‍ ടിപ്പര്‍ ലോറി ജീവനക്കാര്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചത്. വടകരയില്‍ നിന്നുള്ള അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ വാഹന പരിശോധനക്കെത്തിയത്. രാവിലെ ഏഴുമണി മുതല്‍ ആരംഭിച്ച പരിശോധനയില്‍ വന്‍കിട കമ്പനികളുടെ ടിപ്പറുകളെ ഒഴിവാക്കിയെന്നും സാധാരണ ടിപ്പറുകളെ തടഞ്ഞ് പിഴ ഈടാക്കിയെന്നും ആരോപിച്ചാണ് ടിപ്പര്‍ ജീവനക്കാര്‍ രംഗത്തിറങ്ങിയത്. സ്‌കൂള്‍ സമയത്തിനു ശേഷം സര്‍വീസ് നടത്തിയ ടിപ്പറുകളെയും ലോഡ് കയറ്റാത്ത ടിപ്പറുകളെയും പിടികൂടിയെന്ന് ഇവര്‍ ആരോപിച്ചു. വാഹനത്തില്‍ കൂടുതല്‍ പണം ഉണ്ടെന്നും ഇത് വിജിലന്‍സ് എത്തി പരിശോധിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഈ വഴിയിലൂടെ കടന്നുപോയ ടിപ്പറുകളെല്ലാം നിര്‍ത്തിയിട്ട് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. താമരശ്ശേരി ട്രാഫിക് എസ്‌ഐ സി അബ്ദുല്‍ മജീദിന്റെ നേതൃത്വത്തിലുള്ള പോലിസ് സ്ഥലത്തെത്തിയാണ് ഒരുമണിക്കൂറിന് ശേഷം ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. മുക്കത്ത് ടിപ്പറിടിച്ച് അധ്യാപികയും മകളും മരിച്ച സാഹചര്യത്തില്‍ ടിപ്പറുകള്‍ക്കെതിരേ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനക്കെത്തിയതെന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കി ള്‍ ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ പറഞ്ഞു. ടിപ്പറുകാരുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥര്‍ പരാതി നല്‍കാന്‍ തയ്യാറായില്ല. ഇതിനാല്‍ പോലിസ് കേസെടുത്തിട്ടില്ല. ഞായറാഴ്ച കണ്ടയ്‌നര്‍ ലോറിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയ വയനാട് കല്‍പറ്റ ജോയിന്റ് ആര്‍ടിഒ ഓഫിസിലെ ഡ്രൈവര്‍ ബത്തേരി സ്വദേശി ബാലനെ വിജിലന്‍സ് അധികൃതര്‍ രക്ഷപ്പെടുന്നതിനിടയില്‍ ചുരം ഒന്നാം വളവില്‍ വാഹനം തടഞ്ഞു പിടികൂടിയിരുന്നു. ഇതും ഉദ്യോഗസ്ഥര്‍ക്കെതിരേ തിരിയാന്‍ ടിപ്പറുകാരെ പ്രേരിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it