palakkad local

വന്യമൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നു; കര്‍ഷകര്‍ ദുരിതത്തില്‍

നെന്മാറ: കൃഷിയിടങ്ങളിലും വാഴത്തോട്ടങ്ങളിലെല്ലാം കാട്ടുപന്നികള്‍ കൂട്ടത്തോടെയെത്തി കാര്‍ഷികോല്‍പന്നങ്ങള്‍ നശിപ്പിക്കുന്നത് കര്‍ഷകരെ കണ്ണീരിലാഴ്ത്തുന്നു. കതിരണിഞ്ഞ പാടങ്ങളിലും വാഴ, കേവ് തുടങ്ങിയ വെച്ചു പിടിച്ച തോട്ടങ്ങളിലും രാപകലന്യേ  കാട്ടുപന്നികളുടെ വിഹരമാണ്. പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും ഇവകളെ തുരത്തുമെങ്കിലും ഒച്ച നിലച്ചാല്‍ വീണ്ടുമെത്തും.
നെന്മാറ, എലവഞ്ചേരി, പാലമൊക്ക്, വല്ലങ്കി, ചേരാമംഗലം ഭാഗങ്ങളില്‍ കാട്ടുപന്നി ശല്യം വ്യാപകമാണ്. കാട്ടുപന്നികളുടെ ആക്രമണങ്ങള്‍ പതിവാകുമ്പോഴും വനംവകുപ്പ് അധികൃതര്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കാട്ടുപന്നികള്‍ക്കു പുറമെ സമീപകാലത്തായി മയിലുകളുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്. നേരത്തേയിറക്കിയ കൃഷി ഉണങ്ങി നശിച്ചതിനു ശേഷം കടം വാങ്ങിയും ലോണെടുത്തുമൊക്കെയാണ് മിക്ക കര്‍ഷകരും കൃഷിയിറക്കുന്നത്. കളപറിച്ചും വളപ്രയോഗം നടത്തിയും പരിപാലിച്ചു പോരുന്ന കാര്‍ഷികവിളകളാണ് നിമിഷനേരം കൊണ്ട് കാട്ടുപന്നികള്‍ ഇല്ലാതാക്കുന്നത്. വന്യ മൃഗങ്ങള്‍ നശിപ്പിക്കുന്ന കാര്‍ഷികവിളകള്‍ക്ക് കൃഷിവകുപ്പ് നഷ്ടപരിഹാരംന ല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്. അനുദിനം വര്‍ധിക്കുന്ന വന്യമൃഗശല്യം കാരണം കൃഷി ഉപേക്ഷിച്ചുപോവേണ്ട സ്ഥിതിയാണ്.
വന്യമൃഗങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിനു കര്‍ഷകര്‍ക്കു നല്‍കിയിട്ടുള്ള തോക്കുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ട നടപടിക്രമങ്ങളും വേഗത്തിലാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. രാത്രികാലങ്ങളില്‍ കാട്ടുപന്നികളെ തുരത്തുന്നതിനായി കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ പതുങ്ങിയിരിക്കുകയാണ്. എന്നാല്‍ ഒറ്റക്കുവരുന്നവയെ ഓടിക്കാന്‍ കഴിയുമെങ്കിലും കൂട്ടത്തോടെ വരുന്നവയെ തുരത്തുക പ്രയാസമാണ്. ഇവയുടെ വരവും പോക്കും കൃത്യമല്ലാത്തതിനാല്‍ ഇവയെ നിരീക്ഷിക്കാന്‍ വേണ്ടി കര്‍ഷകര്‍ രാപകല്‍ തോട്ടത്തില്‍ തന്നെ നില്‍ക്കാനും സാധ്യമല്ല. ചേമ്പും ചേനയും കപ്പയും കിളച്ചുമുരിക്കുന്നതിനുപുറമെ ചെറിയ വാഴച്ചെടികള്‍ പോലും കുത്തി മറിച്ചിടുന്നതിനാല്‍ കര്‍ഷകര്‍ ഇവയെ കൊണ്ടുപൊറുതി മുട്ടിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it