wayanad local

വന്യമൃഗം പശുക്കിടാവിനെ കൊന്നു:  വനംവകുപ്പിന്റെ അലംഭാവം; നാട്ടുകാര്‍ റോഡുപരോധിച്ചു

സുല്‍ത്താന്‍ ബത്തേരി: തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുക്കിടാവിനെ വന്യജീവി ആക്രമിച്ചു കൊന്ന വിവരം അറിയിച്ചിട്ടും ആവശ്യമായ നപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ വനംവകുപ്പിനെതിരെയുള്ള നാട്ടുകാരുടെ രോഷം തെരുവില്‍ കത്തി.
നൂല്‍പ്പുഴ പഞ്ചായത്തിലെ നമ്പിക്കൊല്ലി കണ്ണംകോടില്‍ വന്യജീവി പശുക്കിടാവിനെ കൊന്ന സംഭവത്തില്‍ വനംവകുപ്പ് അലംഭാവം കാണിച്ചെന്നാരോപിച്ച് നാട്ടുകാര്‍ പശുക്കിടാവിന്റെ ജഡവുമായി അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചു.
തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന കണ്ണംകോട് നഞ്ചുണ്ടന്റെ പശുക്കിടാവിനെയാണ് വന്യമൃഗം കൊന്നത്. വ്യാഴാഴ്ച കാണാതായ കിടാവിനെ ഇന്നലെ വൈകീട്ടാണ് വനത്തിന് സമീപം ചത്ത നിലയില്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മുത്തങ്ങ റെയിഞ്ചില്‍ നിന്നുള്ള വനപാലകര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ജഡം സ്ഥലത്ത് തന്നെ കിടത്താന്‍ നിര്‍ദ്ദേശിച്ച് മടങ്ങുകയായിരുന്നു. എന്നാല്‍ കര്‍ഷകന് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനോ പ്രദേശവാസികളുടെ ആശങ്ക അകറ്റുന്നതിനോ വേണ്ട നടപടികള്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. ഇന്നലെ വീണ്ടും പ്രദേശത്ത് വന്യജീവിയുടെ സാന്നിദ്ധ്യം കാണുകയും വനംവകുപ്പിനെ വിവരമറിയിക്കുകയും ചെയ്തിരുന്നു. വൈകുന്നേരത്തോടെ പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാമെന്ന് വനംവകുപ്പ് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇക്കാര്യത്തിലും വനംവകുപ്പ വീഴ്ച വരുത്തിയതോടെയാണ് കിടാവിന്റെ ജഡവുമായി ഇന്നലെ വൈകീട്ട് നാലരയോടെ സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ സംസ്ഥാനപാതയില്‍ നമ്പിക്കൊല്ലിയില്‍ നാട്ടുകാര്‍ ഉപരോധമേര്‍പ്പെടുത്തിയത്. സംഭവമറിഞ്ഞ് സുല്‍ത്താന്‍ ബത്തേരി സിഐ ബിജുരാജും സംഘവും സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പിന്‍മാറില്ലെന്ന നിലപാടില്‍ സമരക്കാര്‍ ഉറച്ച് നിന്നു.
പിന്നീട് മുത്തങ്ങ ഡെപ്യൂട്ടി റെയിഞ്ചര്‍ അബ്ദുല്ല സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി ആവശ്യങ്ങള്‍ ഡിഎഫ്ഒയെ അറിയിക്കുകയുയായിരുന്നു. മതിയായ നഷ്ടപരിഹാരവും വന്യമൃഗത്തെ നിരീക്ഷിക്കാന്‍ സ്ഥലത്ത് ക്യാമറകള്‍ സ്ഥാപിക്കാമെന്നും, പ്രദേശത്ത് റോന്ത് ചുറ്റാനായി വനപാലകസംഘത്തെ നിയോഗിക്കാമെന്നും അറിയിച്ചു.
ആവശ്യമെങ്കില്‍ കൂട് സ്ഥാപിക്കാമെന്നും ഡിഎഫ്ഒ ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കാന്‍ പ്രദേശവാസികള്‍ തയ്യാറായത്. സമരത്തിന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ബേബി വര്‍ഗീസ്, നളരാജന്‍, ശ്രീശന്‍, എബെന്നി കൈനിക്കല്‍, പ്രദേശവാസിയായ ഐസക് നേതൃത്വം നല്‍കി. രണ്ട് മണിക്കൂറോളം നീണ്ട് നിന്ന സമരത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ പാട്ടവയല്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു. നൂറ് കണക്കിന് വാഹനങ്ങളാണ് പെരുവഴിയില്‍ കുടുങ്ങിയത്. കൈക്കുഞ്ഞുങ്ങളുമായെത്തിയ നിരവധി യാത്രക്കാരെ ഉപരോധ സമരം വലച്ചു.
Next Story

RELATED STORIES

Share it