Idukki local

വന്യജീവി സങ്കേതങ്ങളിലെ ട്രക്കിങ് താല്‍ക്കാലികമായി നിരോധിച്ചു

ഇടുക്കി: ഇടുക്കി ജില്ലയിലും സമീപ മേഖലകളിലും മരണം വിതച്ച് ട്രക്കിങ്. കൊളുക്കുമലയ്ക്കു സമീപം ഒമ്പതുപേര്‍ മരിക്കാനും നിരവധിപേര്‍ക്കു പരിക്കേല്‍ക്കാനും കാരണമായ തീപ്പിടിത്തം, നിയന്ത്രണങ്ങളില്ലാത്ത ട്രക്കിങ്ങിനെതിരേ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളില്‍ താല്‍ക്കാലികമായി ട്രക്കിങ് നിരോധിച്ച് ഇന്നലെ സര്‍ക്കാര്‍ ഉത്തരവിറക്കി.
ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. വനമേഖലകളിലെ വിനോദ സഞ്ചാരത്തിനും നിയന്ത്രണമുണ്ട്. വനംവകുപ്പിന്റെ അനുമതിയില്ലാതെ ട്രെക്കിങ് നടത്തിയവരാണ് കൊരങ്ങിണിയില്‍ അപകടത്തില്‍പ്പെട്ടതെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ പല ഭാഗങ്ങളിലും കാട്ടുതീ റിപോര്‍ട്ട് ചെയ്തതും നടപടിക്ക് കാരണമായി. വേനലായതോടെ വനങ്ങളിലും കൊടും ചൂടായിട്ടുണ്ട്.
കാട്ടുതീ പടരാനുള്ള സാധ്യത, വന്യമൃഗങ്ങള്‍ ജലാശയങ്ങള്‍ തേടി പതിവ് കേന്ദ്രങ്ങളില്‍ നിന്ന് പുറത്തേക്കു വരാനുള്ള സാധ്യത എന്നിവയും ട്രെക്കിംഗ് നിരോധനത്തിന് പിന്നിലുണ്ട്. വനമേഖലകളില്‍ ടൂറിസ്റ്റുകളെ കൊണ്ട് പോകുന്നതില്‍ നിയന്ത്രണം വേണമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച് ടൂര്‍ ഓപറേറ്റേഴ്‌സിനും ടൂര്‍ പാക്കേജ് നടത്തുന്നവര്‍ക്കുമാണ് ടൂറിസം വകുപ്പ് നിര്‍ദേശം നല്‍കിയത്. സുരക്ഷാ ക്രമീകരണങ്ങളില്ലാത്ത വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ട്രക്കിങ് ജില്ലയില്‍ അപകടം വര്‍ധിപ്പിക്കുകയാണ്.
ട്രക്കിങ് ജീപ്പുകള്‍ മറിഞ്ഞ് ഈവര്‍ഷം മൂന്നു മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി ഏഴിന് എല്ലക്കല്ലിനു സമീപം ട്രക്കിങ് ജീപ്പ് മറിഞ്ഞ് ഹരിയാന സ്വദേശിയായ വിനോദ സഞ്ചാരി രമേശ് ഷെട്ടി മരിക്കുകയും ഒന്‍പതു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അടുത്തിടെയുണ്ടായ അപകടത്തില്‍ മരിച്ച അരുണ്‍രാജും, അരുണ്‍ ആനന്ദും ഉള്‍പ്പെട്ടിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ചതും ട്രക്കിങ് ജീപ്പിലായിരുന്നു. കഴിഞ്ഞവര്‍ഷം മേയില്‍ വാഗമണ്‍ ഉളുപ്പൂണിയില്‍ ട്രക്കിങ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ക്ക് പരുക്കേറ്റിരുന്നു.
പഴക്കം ചെന്ന ജീപ്പുകള്‍ ആകര്‍ഷകമായ രീതിയില്‍ നിറം നല്‍കിയും ലൈറ്റുകള്‍ ഘടിപ്പിച്ചുമാണ് ഉപയോഗിക്കുന്നത്. കാലപ്പഴക്കത്താലും യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാലും ഇത്തരം ജീപ്പുകളില്‍ പലതിന്റെയും യന്ത്രഭാഗങ്ങള്‍ വളരെയധികം മോശമാണ്. കൂടിയ അളവില്‍ സഞ്ചാരികളെ കയറ്റി ദുര്‍ഘടമായ മലമടക്കുകളിലൂടെ സര്‍വീസ് നടത്തുന്ന ഇത്തരം ജീപ്പുകള്‍ അപകടം ക്ഷണിച്ചുവരുത്തുകയാണ്.
Next Story

RELATED STORIES

Share it