വന്നുപോവുന്ന പ്രഖ്യാപനങ്ങള്‍; ഇടവേളകളില്ലാതെ ദുരിതജീവിതം മുന്നോട്ട്

ടോമി മാത്യൂ

കൊച്ചിയില്‍ ചെല്ലാനം മേഖലയിലുള്ളവര്‍ ഇപ്പോള്‍ മനസമാധാനത്തോടെ ഉറങ്ങാറില്ല. പകലന്തിയോളം ജോലികഴിഞ്ഞ് ക്ഷീണിച്ച് രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോഴും ഉള്ളില്‍ തീയാണ്. കടല്‍ എതു നിമിഷമാണ് രൗദ്രഭാവം പൂണ്ട് ഇരമ്പിയെത്തി വീടും ജീവനും കവര്‍ന്നെടുക്കുന്നതെന്ന് അറിയില്ല. കേരളത്തില്‍ ഓഖി ചുഴലിക്കാറ്റിന്റെ ദുരിതം ഏറ്റവുമധികം അനുഭവിച്ചതും ചെല്ലാനം മേഖലയിലുള്ളവരാണ്. മുണ്ടുമുറുക്കിയുടുത്ത് വിശപ്പു സഹിച്ച് സ്വരുക്കൂട്ടിയ പണമുപയോഗിച്ച് ഉണ്ടാക്കിയ ചെറു കൂരകള്‍ നിമിഷനേരംകൊണ്ടാണ് കലിപൂണ്ടെത്തിയ രാക്ഷസത്തിരമാലകള്‍ കവര്‍െന്നടുത്തത്. കലിയടങ്ങിയ കടല്‍ ബാക്കിവച്ച വീടുകളാവട്ടെ ഒന്നിനും കൊള്ളാത്ത അവസ്ഥയിലുമാണ്. രാജ്യത്തെ നടുക്കിയ സുനാമി ആഞ്ഞടിച്ചപ്പോള്‍ നേരിട്ടതിനേക്കാളും കൂടുതല്‍ നഷ്ടങ്ങളാണ് ഓഖി ചുഴലിക്കാറ്റ് ചെല്ലാനം നിവാസികള്‍ക്ക് സമ്മാനിച്ചത്. കപടനാടകങ്ങള്‍ കണ്ടു മടുത്തതുകൊണ്ടാവാം ചെല്ലാനം തീരവാസികള്‍ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കാനെത്തിയ രാഷ്ട്രീയക്കാര്‍ക്കെതിരേ പൊട്ടിത്തെറിച്ചത്. ജീവിക്കാന്‍ വേണ്ടി മരിക്കാനും തയ്യാറാണെന്നു ചിലര്‍ തമാശരൂപേണ പറയാറുണ്ട്. എന്നാല്‍, ചെല്ലാനത്തുള്ളവര്‍ക്ക് അത് തമാശയല്ല. മരിച്ചാലും തങ്ങളുടെ മക്കളും ചെറുമക്കളുമൊക്കെ ഭയമില്ലാതെ ജീവിക്കണമെന്ന ഒറ്റ ആഗ്രഹത്തിലാണ് കടല്‍ഭിത്തിയെന്ന ആവശ്യം മുന്‍നിര്‍ത്തി അവര്‍ ദുരിതാശ്വാസ ക്യാംപില്‍ നിരാഹാരസമരം നടത്തിയത്. വ്യത്യസ്ത രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ ചെല്ലാനത്തുണ്ടെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ ഇവര്‍ക്ക് കൊടിയുടെ നിറമില്ല. പ്രത്യയശാസ്ത്രത്തിന്റെ വേര്‍തിരിവുകളുമില്ല. എന്നിട്ടും വര്‍ഷങ്ങളായുള്ള സ്വപ്‌നം നേടിയെടുക്കാന്‍ അവര്‍ക്കായില്ല. 19 കിലോമീറ്ററോളം ദൂരത്തിലാണു ചെല്ലാനം തീരമേഖല കിടക്കുന്നത്. ഇതില്‍ രണ്ടര കിലോമീറ്റര്‍ മാത്രമാണ് വാസയോഗ്യമായ സ്ഥലം. ബാക്കി കടലും കായലുമൊക്കെയായി കിടക്കുന്നു. ഇവിടെ ഏകദേശം 16,000ത്തിലേറെ കുടുംബങ്ങളാണ് തിങ്ങിപ്പാര്‍ക്കുന്നത്. ഇവര്‍ക്കാവട്ടെ യാതൊരുവിധ സുരക്ഷയുമില്ല. ഏതു നിമിഷവും ഇരമ്പിയെത്താവുന്ന കടലാണ് തൊട്ടുമുന്നിലുള്ളത്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തിരഞ്ഞെടുപ്പ് സമയത്ത്് വോട്ടിനുവേണ്ടി മോഹനസുന്ദര വാഗ്ദാനങ്ങളുമായി ചെല്ലാനത്തെത്തും. അവര്‍ക്കു മുമ്പില്‍ ഇവര്‍ അവതരിപ്പിക്കുന്ന ഏക ആവശ്യം സുരക്ഷിതമായി കിടന്നുറങ്ങാന്‍ ഉറപ്പുള്ള കടല്‍ഭിത്തി നിര്‍മിച്ചുതരണമെന്നതാണ്. വാഗ്ദാനങ്ങള്‍ രൂപംമാറി എത്തുമെങ്കിലും നടപടികള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങാറാണ് പതിവ്്. ചെല്ലാനം മേഖലയില്‍ ഐഎന്‍എസ് ദ്രോണാചാര്യ മുതല്‍ ഫോര്‍ട്ട്‌കൊച്ചി- ബീച്ച് റോഡ് വരെ മാത്രമാണ് പുലിമുട്ടുകളും ചാരുഭിത്തികളോടും കൂടിയ ഉറപ്പുള്ള കടല്‍ഭിത്തിയുള്ളത്. ബാക്കി 90 ശതമാനത്തിലധികം വരുന്ന ഭാഗങ്ങള്‍ ഏതുനിമിഷവും കടലെടുക്കാമെന്ന അവസ്ഥയിലാണ്. ഫോര്‍ട്ടു കൊച്ചിയിലെ സൗദി മുതല്‍ തെക്കേചെല്ലാനം വരെയുള്ള ഭാഗത്ത് കടല്‍ഭിത്തിയെന്ന പേരില്‍ കല്ലിട്ടിട്ടുണ്ട്. സുനാമിയില്‍ മറ്റു പ്രദേശങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോഴും ഐഎന്‍എസ് ദ്രോണാചാര്യമുതല്‍ ഫോര്‍ട്ട്‌കൊച്ചി ബീച്ച് റോഡുവരെ കാര്യമായ നഷ്ടങ്ങള്‍ ഉണ്ടായില്ല. ഇതേ മാതൃകയില്‍ ബാക്കിയുള്ള ഭാഗത്തും ഉറപ്പുള്ള കടല്‍ഭിത്തി വേണമെന്നാണു ചെല്ലാനത്തുകാരുടെ ആവശ്യം. പ്രദേശത്ത് കടല്‍ഭിത്തിയെന്ന പേരില്‍ 1980ല്‍ കല്ലിട്ടുവെന്നല്ലാതെ മറ്റു പുരോഗതി ഉണ്ടായിട്ടില്ല. കല്ലിടല്‍ പോലും അശാസ്ത്രീയമായ രീതിയിലായിരുന്നു. സുനാമിക്കു ശേഷം ചെല്ലാനം തീരത്ത് കടല്‍ഭിത്തിക്ക് ബലംകൂട്ടണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍, അധികാരികളുടെ അവഗണനയാണ് ഓഖി  ദുരന്തം തീരദേശത്തേക്കു വ്യാപിക്കാന്‍ കാരണമായത്. ചെല്ലാനം, കമ്പനിപ്പടി, വാച്ചാക്കല്‍, വേളാങ്കണി, കറവക്കാട്, ചാളക്കടവ്, പുത്തന്‍തോട്, മാനാശ്ശേരി മേഖലകളില്‍ ഓഖി ചുഴലിക്കാറ്റും തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭവും രൂക്ഷമായ നാശമാണു വിതച്ചത്. 500ഓളം കുടുംബങ്ങളെയാണു ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയത്. രണ്ടുപേരുടെ ജീവനും നഷ്ടമായി. ഏകോപനം: എച്ച് സുധീര്‍(നാളെ:  സുനാമിയേക്കാള്‍  ഭയാനകമായ ദുരന്തം)
Next Story

RELATED STORIES

Share it