സ്വന്തം ചരമ പരസ്യം പത്രങ്ങള്‍ക്ക് നല്‍കി മുങ്ങിയ ജോസഫ് പിടിയില്‍

കോട്ടയം/കണ്ണൂര്‍: പത്രങ്ങളില്‍ സ്വന്തം ചരമവാര്‍ത്തയും ചിത്രസഹിതം പരസ്യവും നല്‍കിയ ശേഷം നാടുവിട്ടയാളെ പോലിസ് കോട്ടയത്ത് കണ്ടെത്തി. തളിപ്പറമ്പ് കുറ്റിക്കോലിലെ ജോസഫ് മേലുകുന്നേ (75)ലിനെയാണ് കേസന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘം കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെ കോട്ടയം തിരുനക്കര ക്ഷേത്രത്തിനു സമീപത്തെ ഹോട്ടലില്‍ നിന്നു പിടികൂടിയത്.
വിവരമറിയിച്ചതിനെത്തുടര്‍ന്ന് ജോസഫിനെ തളിപ്പറമ്പിലേക്ക് കൊണ്ടുപോവുന്നതിനായി കോഴിച്ചാലിലെ മകള്‍ ഷീബ ജോസും മരുമകന്‍ ജോസ് അഗസ്റ്റിനും മകന്‍ ഷാജു ജോസഫും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം കോട്ടയത്തെത്തി. തുടര്‍ന്ന്, കോട്ടയം ഡിവൈഎസ്പി ഓഫിസിലെത്തിച്ച ശേഷം ജോസഫിനെ തളിപ്പറമ്പിലേക്കു കൊണ്ടുപോയി. ഇന്നു തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും. ഇയാള്‍ രോഗബാധിതനായതിനാല്‍ മാനസികമായി കടുത്ത നിരാശയിലാണെന്നും അതിനാലാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നുമാണ് പോലിസ് പറയുന്നത്.
ഒരു വിവാഹാവശ്യത്തിന് എത്തിയതാണെന്നു പറഞ്ഞ് ഇക്കഴിഞ്ഞ 26ന് പയ്യന്നൂരിലെ ലോഡ്ജില്‍ മുറിയെടുത്ത ഇയാള്‍ പയ്യന്നൂരിലെ പ്രമുഖ പത്ര ഓഫിസുകളില്‍ ചെന്നു തന്റെ വിശദമായ ചരമവാര്‍ത്ത ഫോട്ടോ സഹിതം നല്‍കി. കൂടാതെ, ഉള്‍പ്പേജില്‍ ലക്ഷങ്ങളുടെ പരസ്യവും നല്‍കി. തന്റെ ഒരു ബന്ധുവാണ് ജോസഫ് മേലുകുന്നേല്‍ എന്നാണ് ഇയാള്‍ പറഞ്ഞത്. ഇതിനു ശേഷം ലോഡ്ജില്‍നിന്നു സ്ഥലംവിട്ടു. കോട്ടയത്തെ പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബാങ്കില്‍ ഉച്ചയ്ക്കു 2.30ഓടെ എത്തിയ ഇദ്ദേഹം സ്വര്‍ണമാലയും വന്‍തുകയും എടിഎം കാര്‍ഡുമടങ്ങിയ പൊതി ഏല്‍പ്പിച്ച് ബാങ്ക് സെക്രട്ടറിയോട് ഇവയെല്ലാം തളിപ്പറമ്പ് കുറ്റിക്കോലിലെ മേരിക്കുട്ടിക്ക് അയച്ചുകൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ജോസഫിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സെക്രട്ടറി തളിപ്പറമ്പ് പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബാങ്ക് സെക്രട്ടറി വി വി പ്രിന്‍സുമായി ബന്ധപ്പെട്ടപ്പോഴാണ് ഇയാളെ കണ്ടെത്താനായത്.
Next Story

RELATED STORIES

Share it