Districts

വനിതാ സ്ഥാനാര്‍ഥിയെ അവഹേളിച്ച സംഭവം; വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ വിജയാഹ്ലാദപ്രകടനം നടത്തിയ ചിലര്‍ തോറ്റ വനിതാ സ്ഥാനാര്‍ഥിയെയും സ്ത്രീത്വത്തെയാകെയും അപമാനിച്ച സംഭവം അടിയന്തരമായി അന്വേഷിച്ച് കുറ്റക്കാരുടെ പേരില്‍ കേസെടുക്കാന്‍ സംസ്ഥാന പോലിസ് മേധാവിക്കു കേരള വനിതാ കമ്മീഷന്റെ നിര്‍ദേശം. കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിട്ടുമുണ്ട്. സംഭവത്തെ കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി ശക്തമായി അപലപിച്ചു.
കണ്ണൂരിലെ മാട്ടൂല്‍ ഗ്രാമപ്പഞ്ചായത്ത് മടക്കര ഈസ്റ്റ് വാര്‍ഡില്‍ ഈ മാസം 7നായിരുന്നു സംഭവം. പ്രധാന മലയാള ചാനലുകളിലെ വാര്‍ത്തകളിലും സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന ശക്തമായ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതരം അങ്ങേയറ്റം അധമമായ കാര്യങ്ങളാണ് ആ പ്രകടനത്തില്‍ നടന്നതെന്നാണ് വാര്‍ത്തകളിലും സാമൂഹിക മാധ്യമങ്ങളിലുംനിന്നു മനസ്സിലാവുന്നതെന്നു കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. തോറ്റ സ്ഥാനാര്‍ഥിയായി ഒരാളെ വേഷംകെട്ടിച്ച് ആ സ്ത്രീരൂപത്തിന്‍മേല്‍ ലൈംഗികാതിക്രമത്തിന്റെ വെറിപിടിച്ച വൈകൃതങ്ങളും അശ്ലീലതയും പ്രകടനക്കാര്‍ കാട്ടിക്കൂട്ടുകയായിരുന്നെന്നു ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരം പ്രവണതകള്‍ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കാവതല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
അവിടെ നടന്നത് വ്യക്തി എന്ന നിലയില്‍ തോറ്റ സ്ഥാനാര്‍ഥിയെ അങ്ങേയറ്റം നിന്ദ്യമായ രീതിയില്‍ അവഹേളിക്കുന്നതാണ്. നികൃഷ്ടമാംവിധം സ്ത്രീവിരുദ്ധവും സ്ത്രീപദവിയെ അപമാനിക്കുന്നതും സംസ്‌കാര രഹിതവും അശ്ലീലവും ആണ്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി അതേപ്പറ്റി അടിയന്തരമായി സമഗ്രാന്വേഷണം നടത്തുകയും അവിടെ സംഭവിച്ച എല്ലാ നിയമലംഘനങ്ങളും കണ്ടെത്തി ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ പ്രകാരവും കേസെടുത്ത് കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുകയും വേണമെന്നും ഡിജിപിക്ക് അയച്ച കത്തി ല്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. മടക്കര ഈസ്റ്റ് വാര്‍ഡില്‍ മുസ്‌ലിം ലീഗിനെതിരേ മല്‍സരിച്ച എസ്ഡിപിഐ സ്ഥാനാര്‍ഥിയായ വനിതയെ പ്രതീകാത്മകമായി കാണിച്ചായിരുന്നു പ്രദേശത്തെ ഒരു സംഘം ലീഗ് പ്രവര്‍ത്തകരുടെ അവഹേളനം. ഈ വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥി തോറ്റതിന്റെ വൈരാഗ്യമാണ് അവഹേളനത്തിനു പിന്നിലെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it