Districts

വനിതാ സ്ഥാനാര്‍ഥിയെ അപമാനിച്ച സംഭവം; കേസ് അട്ടിമറിക്കാന്‍ നീക്കം

കണ്ണൂര്‍: തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വനിതാ സ്ഥാനാര്‍ഥിയെ അപമാനിച്ച് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തിയ കേസ് അട്ടിമറിക്കാന്‍ പോലിസിന്റെ നീക്കം. നിസ്സാര വകുപ്പുകള്‍ പ്രകാരമാണു പ്രതികള്‍ക്കെതിരേ പോലിസ് കേസെടുത്തത്. ഇവര്‍ക്ക് സ്‌റ്റേഷന്‍ ജാമ്യം നല്‍കാന്‍ നീക്കം നടക്കുന്നുണ്ട്.

ലീഗ് പ്രവര്‍ത്തകരായ 14 പേര്‍ക്കെതിരെയാണ് കണ്ണപുരം പോലിസ് കേസെടുത്തിട്ടുള്ളത്. പ്രതികളെ പിടികൂടാന്‍ പോലിസ് ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഇവരെല്ലാം ഒളിവിലാണെന്നാണ് പോലിസ് പറയുന്നത്. സംഭവത്തില്‍ അപമാനിക്കപ്പെട്ട എസ്ഡിപിഐ സ്ഥാനാര്‍ഥിയില്‍ നിന്ന് പോലിസ് ഇന്നലെ മൊഴിയെടുത്തു. പ്രതികള്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നതായി പോലിസ് അറിയിച്ചു.
മഹല്ല് പ്രസിഡന്റ് കൂടിയായ ലീഗ് മടക്കര ശാഖ മുസ്‌ലിംലീഗ് ഖജാഞ്ചി മുഹമ്മദ് കുഞ്ഞി, ഒ കെ മൊയ്തീന്‍, പി വി സക്കറിയ, പത്താല ഹംസ, തോലന്‍ ഷബീര്‍, അവറാന്‍ സക്കറിയ, ടി എം വി നിസാര്‍, ഇട്ടമ്മല്‍ മഹ്‌റൂഫ്, പടപ്പയില്‍ റഫീഖ്, പി പി നൗഷാദ്, കൊവ്വമ്മല്‍ ഇസ്മാഈല്‍, ഇട്ടമ്മല്‍ സജീര്‍, ഇട്ടമ്മല്‍ റാസിഖ്, വളപ്പില്‍ സലീം തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്. എന്നാല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം പോലിസ് നിഷേധിച്ചു. ജില്ലാ പോലിസ് ചീഫിന്റെയും കലക്ടറുടെയും ഇടപെടലിനെ തുടര്‍ന്നാണ് കണ്ണപുരം പോലിസ് കേസെടുത്തിരുന്നത്. പിന്നാലെ സംസ്ഥാന വനിതാ കമ്മീഷനും കേസെടുത്തിരുന്നു.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം മാട്ടൂല്‍ പഞ്ചായത്തിലെ മടക്കര ഈസ്റ്റ് വാര്‍ഡിലാണ് സ്ത്രീത്വത്തെ അപമാനിച്ച് നിന്ദ്യമായ രീതിയില്‍ ആഹ്ലാദപ്രകടനം നടത്തിയത്. ലീഗ് സ്ഥാനാര്‍ഥിക്കെതിരേ മല്‍സരിച്ചു രണ്ടാംസ്ഥാനത്തെത്തിയ എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പ്രതീകാത്മകമായി അവഹേളിക്കുകയായിരുന്നു. യുവാവിനെ പര്‍ദ ധരിപ്പിച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുകയും കയറിപ്പിടിക്കുകയും ലൈംഗിക ഛേഷ്ടകള്‍ കാണിക്കുകയും ചെയ്യുന്ന വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു.
ആദ്യഘട്ടത്തില്‍ ന്യായീകരിക്കാന്‍ ശ്രമിച്ച പ്രാദേശിക ലീഗ് നേതൃത്വം സംഭവം വിവാദമായതോടെ ബന്ധപ്പെട്ടവരെയെല്ലാം സസ്‌പെന്‍ഡ് ചെയ്‌തെന്ന് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വിവാദമായതോടെയാണ് വനിതാ കമ്മീഷനും പോലിസും ഇടപെട്ടത്.
അതിനിടെ, തളിപ്പറമ്പിനടുത്ത് പരിയാരം തിരുവട്ടൂരില്‍ പരാജയപ്പെട്ട എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയെയും പ്രതീകാത്മകമായി പര്‍ദ്ദയും വികൃത മൂഖംമൂടിയുമണിയിച്ച് അവഹേളിക്കുന്ന ചിത്രങ്ങളും പുറത്തായി. രാമന്തളിയില്‍ മറ്റൊരു വനിതാ സ്ഥാനാര്‍ഥിയെ അപമാനിക്കാനായി സ്ത്രീവേഷമണിഞ്ഞ പുരുഷനെ വിജയിച്ച രണ്ടു വനിതാ സ്ഥാനാര്‍ഥികള്‍ക്കിടയില്‍ നിര്‍ത്തി നടുറോഡിലൂടെ നടത്തിക്കുന്ന ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇവിടെയും പ്രതിസ്ഥാനത്തുള്ളത് മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണ്.
Next Story

RELATED STORIES

Share it