wayanad local

വനിതാ വ്യവസായ കേന്ദ്രം തുറക്കാന്‍ ധാരണ



എം വി വീരാവുണ്ണി

പട്ടാമ്പി: 16 വര്‍ഷമായി തുറക്കാന്‍ തയ്യാറാവാത്ത വനിതാ വ്യവസായ കേന്ദ്രം പ്രവര്‍ത്തിപ്പിക്കാന്‍ ഗ്രാമപ്പഞ്ചായത്ത് തീരുമാനിച്ചു. ഓങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മരുതൂരിരാണ് പണിപൂര്‍ത്തിയാക്കിയ നിലയില്‍ ഉദ്ഘാടനം പ്രതീക്ഷിച്ച് ഇത്രയും കാലം ഈകെട്ടിടം സംരക്ഷരില്ലാതെ അനാഥമായി കിടന്നത്. ഇത് സംബന്ധിച്ച് സപ്തംബര്‍ 11ന് തേജസ് വാര്‍ത്ത പ്രസിദ്ധീകരിച്ചത് വന്‍ ചര്‍ച്ചാ വിഷയമായിരുന്നു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും അനുബന്ധ സൗകര്യങ്ങളൊരുക്കുന്നതിനും ഓങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് 9,25,000 രൂപ നീക്കിവച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. കാലപഴക്കം കൊണ്ടും സംരക്ഷണമില്ലാത്തത് കൊണ്ടും ജീര്‍ണിച്ചതും ചിതലരിച്ചതുമായ ജനലുകളും വാതിലുകളും മാറ്റി ഘടിപ്പിക്കാനും കേടായ വയറിങ്ങുകള്‍ മാറ്റി പുതിയത് നവീകരണം നടത്തുക, കുടിവെള്ളമടക്കമുള്ള ശുദ്ധജല വിതരണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ജോലികള്‍ തീര്‍ക്കുന്നതോടെ വനിതാ വ്യവസായ കേന്ദ്രം പ്രവര്‍ത്തനത്തിന് പ്രാപ്തമാകും. മരുതൂര്‍ ആമയൂര്‍ റോഡില്‍ എല്‍ പി സ്‌കൂളിന് സമീപം 2001ലാണ് വനിതാ വ്യവസായ കേന്ദ്രത്തിന് കെട്ടിടം നിര്‍മിച്ചത്. വ്യവസായം തുടങ്ങാന്‍ വനിതാ വിഭാഗത്തില്‍പെട്ട ആരും മുന്നോട്ട് വരാത്തതിനാല്‍ നിര്‍മാണം പൂര്‍ത്തിയായതു മുതല്‍ ഈ കെട്ടിടം അനിശ്ചിതകാലമായി പൂട്ടിയിടുകയായിരുന്നു. ഇതിനിടെ ഉപയോഗശൂന്യമായി കിടക്കുന്ന ഈകേന്ദ്രം  സാമൂഹിക വിരുദ്ധ ശക്തികള്‍ തങ്ങളുടെ താവളമാക്കുകയായിരുന്നു. ഇത് പരിസരവാസികള്‍ക്കാകെ വിഷമത്തിലാക്കിയതോടെയാണ് വിഷയത്തിന്റെ ഗൗരവം അധികൃതര്‍ ഗൗനിക്കുന്നത്. കെട്ടിടത്തിലെ വയറിങ്ങ് ചെയ്ത സ്വിച്ച് ബോര്‍ഡും സ്വിച്ചുമെല്ലാം സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച കെട്ടിടം ബ്ലോക്കിനു വ്യവസായം തുടങ്ങാന്‍ സാധിക്കാത്തതിനാല്‍ ഗ്രാമപ്പഞ്ചായത്തിന് കൈമാറുകയായിരുന്നു. അഞ്ച് വര്‍ഷത്തോളം വൈദ്യുതി ലഭിക്കാതെ കിടന്ന ഈ കെട്ടിടം വൈദ്യുതി ലഭിച്ചിട്ടും പഞ്ചായത്തിന് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. പത്രവാര്‍ത്തകളെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്ന് നിരന്തരമായുള്ള ആക്ഷേപങ്ങളാണ് നശിച്ചു കൊണ്ടിരിക്കുന്ന ഈ വ്യവസായ കേന്ദ്രം പുനരുജ്ജീവിപ്പിക്കാന്‍ ബന്ധപ്പെട്ടവരെ പ്രേരിപ്പിച്ചത്.
Next Story

RELATED STORIES

Share it