Flash News

വനിതാ ഫുട്‌ബോള്‍ താരം വീടു വയ്ക്കാന്‍ അനുമതിക്കായി നെട്ടോട്ടത്തില്‍



ടി പി ജലാല്‍

മഞ്ചേരി: സര്‍ക്കാരുകള്‍ വീടോ സ്ഥലമോ നല്‍കിയില്ല, എന്നാല്‍ ഉള്ളത് വിറ്റു പെറുക്കി വാങ്ങിയ സ്ഥലത്ത് വീട് വയ്ക്കാന്‍ പോലും അനുമതി  ലഭിക്കാതെ പ്രയാസപ്പെടുകയാണ് ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ താരം. നാല് തവണ ഇന്ത്യക്കും എട്ടു തവണ കേരളത്തിനും വേണ്ടി ജേഴ്‌സിയണിഞ്ഞ കോഴിക്കോട് കൊളത്തറ കുണ്ടായിത്തോട് ആമാംകുഴിവയല്‍ തുമ്പയില്‍ നിഖില(20)ക്കും കുടുംബത്തിനുമാണ് ഈ ദുര്‍ഗതി. സ്വന്തമെന്ന് അവകാശപ്പെടാനുള്ള എല്ലാം വിറ്റുപെറുക്കിയാണ്  നിഖിലയുടെ കുടുംബം വീട് വയ്ക്കാന്‍ ചാത്തമംഗലത്ത് എഴ് സെന്റ് സ്ഥലം വാങ്ങിയത്.  എന്നാല്‍, ഇവിടെ കൂരയുയര്‍ത്താന്‍ അനുമതിക്കായി മുട്ടാത്ത വാതിലുകളില്ല.   നിഖിലയും സഹോദരന്‍ നിഥിനും  നിരവധി തവണ ഓഫിസുകളില്‍ കയറിയിറങ്ങിയും ജനപ്രതിനിധികളെ കണ്ടും അനുമതി തേടിയപ്പോള്‍ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞതല്ലാതെ നടപടി മാത്രമുണ്ടായില്ല. ഈ സ്ഥലത്തിന് മുകളിലൂടെ വൈദ്യുത ലൈന്‍ പോവുന്നതാണ്  വീട് നിര്‍മാണം തടസ്സപ്പെടുത്താന്‍ കാരണമായി പറയുന്നത്. എന്നാല്‍ ഈ സ്ഥലം കൈമാറി പകരം മറ്റ് എവിടെയെങ്കിലും സ്ഥലം ലഭിക്കുമോയെന്ന ചോദ്യം മനസ്സിലൊതുക്കിയാണ്  കഴിഞ്ഞ ദിവസം ദേശീയ ചാംപ്യന്‍ഷിപ്പിനായി നിഖില പഞ്ചാബിലേക്ക് പുറപ്പെട്ടത്.  വളരെ ദരിദ്ര കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന പിതാവ് സുരേന്ദ്രന്‍, 1996ല്‍ ഓടിച്ചിരുന്ന  ലോറി കൊക്കയിലേക്ക് മറിഞ്ഞ്  ശരീരം തളര്‍ന്ന് കിടപ്പിലാണ്. പിതാവ് കിടപ്പിലായതോടെയാണ് നിഖിലയുടെ കുടുംബം പ്രാരാബ്ധത്തിലായത്. അദ്ഭുകരമായി രക്ഷപ്പെട്ടെങ്കിലും സുരേന്ദ്രന്റെ ഇരുകാലുകള്‍ക്കും തളര്‍ച്ച ബാധിക്കുകയായിരുന്നു. 8ാം ക്ലാസില്‍ വച്ചു തന്നെ  ആണ്‍കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചിരുന്ന നിഖിലക്ക് കാര്യമായ പ്രോല്‍സാഹനം നല്‍കി പിതാവ് പതിയെ തിരിച്ചുവന്നു. 2014ല്‍ ഇന്ത്യന്‍ ജൂനിയര്‍ (അണ്ടര്‍-17) ടീമിലേക്ക് നിഖില തിരഞ്ഞെടുക്കപ്പെട്ടു.  പക്ഷേ, വിധി വീണ്ടും ക്രൂരത കാട്ടിയതോടെ സുരേന്ദ്രന്‍ ഒരു ഭാഗം തളര്‍ന്ന് വീണ്ടും കിടപ്പിലായി. കിടക്കയില്‍ കിടന്നു കൊണ്ടാണെങ്കിലും അദ്ദേഹം മകളെ പ്രോല്‍സാഹിപ്പിച്ചു.ഇപ്പോള്‍ എഴുന്നേറ്റ് നടക്കാമെങ്കിലും ജോലി ചെയ്യാന്‍ പിതാവിനാവില്ല. ഇതിനിടെ സഹോദരി നിമിഷയുടെ വിവാഹം നടത്താന്‍ ബാങ്കില്‍ നിന്നും വാങ്ങിയ പണം തിരിച്ചടയ്ക്കാന്‍ ജപ്തി നോട്ടീസും വന്നു. ഗത്യന്തരമില്ലാതെ ഉള്ള വീടും സ്ഥലവും വിറ്റ് പണമടച്ചു. ബാക്കിയുള്ള പണത്തിന് വാങ്ങിയ സ്ഥലത്ത് വീട് വയ്ക്കാനുള്ള ശ്രമം ഇപ്പോള്‍ അനുമതിയില്‍ കുടുങ്ങി എങ്ങുമെത്താതെ നില്‍ക്കുന്നു. ഏക സഹോദരന്‍ കൂലിപ്പണിയെടുത്താണ് ഇപ്പോള്‍ പിതാവിന്റെ ചികില്‍സയും കുടുംബവും നോക്കുന്നത്.  ബി.കോം. ബിരുദധാരിയായ നിഖില 2008ലും 2010ലും 2012ലും 2015ലും ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. ജോര്‍ദാന്‍, ഇറാന്‍, മലേസ്യ, ഭൂട്ടാന്‍ ടീമുകള്‍ക്കെതിരെ 10 ഗോളുകളാണ് ഇൗ മുന്നേറ്റനിരക്കാരി  നേടിയത്.   2008 മുതല്‍ 2016 വരെ സംസ്ഥാന ടീമില്‍ കളിച്ചിട്ടുണ്ട്. ഷീബയാണ് മാതാവ്.  കോഴിക്കോട് കുണ്ടായിത്തോടില്‍ വാടകയ്ക്ക് താമസിക്കുകയാണ് നിഖിലയും കുടുംബവും.
Next Story

RELATED STORIES

Share it