Editorial

വനിതാ പ്രാതിനിധ്യം പ്രതീക്ഷ നല്‍കുന്നു

സൗദി അറേബ്യയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീകള്‍ക്ക് വോട്ടവകാശവും മല്‍സരിക്കാനുള്ള അവകാശവും ഇക്കുറി ലഭ്യമായത്. മുസ്‌ലിംലോകം സ്ത്രീകളോട് മുഖംതിരിച്ചുനില്‍ക്കുകയും അവരെ അവഗണിക്കുകയും ചെയ്യുന്നുവെന്ന പ്രചാരണം നിലനില്‍ക്കുന്ന വേളയില്‍ സൗദി അറേബ്യയില്‍ ഉണ്ടായ ഈ തീരുമാനം സ്വാഗതാര്‍ഹമാണ്.
മുസ്‌ലിം ലോകത്ത് വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ കാറ്റ് മാറിവീശാന്‍ തുടങ്ങുന്നുവെന്നതിന്റെ സൂചനയാണിത്. സൗദിയില്‍ ജനാധിപത്യത്തെ വിശാലവും വിപുലവുമാക്കാനുള്ള രാഷ്ട്രീയ പരിഷ്‌കരണങ്ങള്‍ക്കുള്ള ചുവടുവയ്പായും ഇതിനെ കാണാവുന്നതാണ്. തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലം പുറത്തുവന്നപ്പോള്‍ 18 സ്ത്രീകള്‍ ജയിച്ചതായാണ് വിവരം. ഹ്യൂമന്റൈറ്റ്‌സ് വാച്ച് അടക്കമുള്ള സംഘടനകളും വിവിധ രാജ്യങ്ങളിലെ മാധ്യമങ്ങളും സൗദി സര്‍ക്കാരിന്റെ നടപടിയോട് താല്‍പര്യപൂര്‍വമാണ് പ്രതികരിച്ചിട്ടുള്ളത്.
പാര്‍ലമെന്റുകളുടെ വനിതാ പ്രാതിനിധ്യത്തിന്റെ കണക്കെടുത്താല്‍ ലിംഗസമത്വവും സ്ത്രീസ്വാതന്ത്ര്യവും പ്രസംഗിക്കുന്ന പല പാശ്ചാത്യ നാടുകളുടെയും യഥാര്‍ഥ ചിത്രം അമ്പരപ്പിക്കുന്നതാണ്. യുഎസ്- 19%, ഫ്രാന്‍സ്- 26%, യുകെ- 29% എന്നിങ്ങനെയാണ് വനിതാ പ്രാതിനിധ്യം. കമ്മ്യൂണിസ്റ്റ് ചൈനയില്‍ പോലും 24 ശതമാനമാണ് ഏറ്റവും കൂടിയ തോത്. എന്നാല്‍, യുഎഇയില്‍ 18ഉം കസാക്കിസ്താനില്‍ 26ഉം ആഫ്രിക്കന്‍ രാജ്യങ്ങളായ സുദാനിലും സെനഗലിലും യഥാക്രമം 37ഉം 43ഉം ശതമാനം സ്ത്രീപ്രാതിനിധ്യമുണ്ട്. ഏഷ്യന്‍ രാജ്യങ്ങളുടെ കാര്യമെടുത്താല്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള ബംഗ്ലാദേശ്, പാകിസ്താന്‍, ഇന്തോനീസ്യ, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നല്ല വനിതാ പ്രാതിനിധ്യമുണ്ട്. പക്ഷേ, വലിയ വ്യാവസായിക രാജ്യങ്ങളിലൊന്നായ ജപ്പാനില്‍ വെറും 9 ശതമാനമാണ് വനിതകളുടെ പ്രാതിനിധ്യം. ഇന്ത്യയിലാകട്ടെ അത് 12 ശതമാനം മാത്രവും. ഈ പശ്ചാത്തലത്തിലാണ് സൗദിയിലെ വനിതകളുടെ രാഷ്ട്രീയ രംഗപ്രവേശം ശ്രദ്ധേയമാവുന്നത്. അന്തരിച്ച അബ്ദുല്ല രാജാവ് ഉന്നത ഉപദേശക സമിതിയായ ശൂറയിലേക്ക് 30 വനിതകളെ നാമനിര്‍ദേശം ചെയ്തിരുന്നതും ശുഭോദര്‍ക്കമായ തുടക്കമായിരുന്നു.
20ാം നൂറ്റാണ്ടില്‍ മുസ്‌ലിംലോകത്തെ ദേശീയപ്രസ്ഥാനങ്ങളിലും കൊളോണിയല്‍ വിരുദ്ധ സമരങ്ങളിലും സ്ത്രീകള്‍ വ്യാപകമായിത്തന്നെ പങ്കെടുത്തിട്ടുണ്ട്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മുസ്‌ലിം സ്ത്രീകളുടെ ശബ്ദം ശ്രദ്ധേയമാവുകയും ചെയ്തിട്ടുണ്ട്. 2011ലെ അറബ് വസന്തത്തിന്റെ കാലത്ത് സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലെ സ്ത്രീകളുടെ ഇടപെടല്‍ സാമൂഹികനീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തിനു ശക്തി പകര്‍ന്നതായും കാണാം.
വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക അവസരങ്ങള്‍, സാമൂഹിക ചുറ്റുപാടുകള്‍ തുടങ്ങിയവയുടെ പിന്നാക്കാവസ്ഥ രാഷ്ട്രീയാധികാര മേഖലകളിലേക്കുള്ള സ്ത്രീകളുടെ പ്രവേശനത്തിനു മുന്നില്‍ വെല്ലുവിളികളായി ഉയര്‍ന്നുനില്‍ക്കുന്നു. വേള്‍ഡ് ഇകണോമിക് ഫോറത്തിന്റെ 2010ലെ ജെന്‍ഡര്‍ ഗാപ് ഇന്‍ഡക്‌സ് പ്രകാരം 25ല്‍ 20 മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളും സ്ത്രീകളുടെ സാമൂഹികമായ പ്രതിനിധാനത്തിന്റെ കാര്യത്തില്‍ താഴേനിലയിലാണ് ഉള്ളതെന്നു വ്യക്തമാകുന്നു. എന്നാലും, സമീപകാല മാറ്റങ്ങള്‍ പ്രതീക്ഷയ്ക്കു വകനല്‍കുന്നതാണെന്നു നിസ്സംശയം പറയാം.
Next Story

RELATED STORIES

Share it