kozhikode local

വനിതാ പോലിസുകാരിയുടെ ചികില്‍സ; വിശദീകരണവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

മുക്കം: വാഹനാപകടത്തില്‍ പരിക്കേറ്റ പോലിസുകാരിക്ക് ചികില്‍സയിലെ അപാകത മൂലം അംഗഭംഗം സംഭവിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) രംഗത്ത്. അസോസിയേഷന്‍ മുക്കം ബ്രാഞ്ച് കമ്മിറ്റിയാണ് വിശദീകരണവുമായി രംഗത്ത് വന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നാം തിയ്യതി വൈകുന്നേരം ആറു മണിയോടെ ഇടതു കൈത്തണ്ടയിലെ അസ്ഥിക്ക് ഒടിവും സ്ഥാനഭ്രമവും സംഭവിച്ച് എല്ലുകള്‍ പുറത്ത് വന്ന നിലയില്‍ ഓമശേരി ശാന്തി ഹോസ്പിറ്റലിലെത്തിയ പോലിസ് ഉദ്യോഗസ്ഥ രജനിയെ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ പരിശോധിച്ച് അസ്ഥിരോഗ വിദഗ്ധനായ ഡോ.ജലീലിന് റഫര്‍ ചെയ്യുകയായിരുന്നു.
എക്‌സറേ പരിശോധനയില്‍ വളരെ സങ്കീര്‍ണമായ ഒടിവും ചതവുമാണന്നു ബോധ്യപ്പെട്ട ഡോക്ടര്‍ രോഗിയെയും ബന്ധുക്കളെയും കാര്യങ്ങള്‍ ധരിപ്പിച്ചതാണ്. പരിശോധനയില്‍ ഇടത് കൈത്തണ്ടക്കു മാത്രമാണ് കേട് കണ്ടത്തിയത്.
കൈ മുട്ടിനൊ തോളിനൊ വേദനയൊ മറ്റ് അസ്വസ്ഥതകളൊ രോഗി പറഞ്ഞിരുന്നില്ലെന്നും ഐഎംഎ മുക്കം ബ്രാഞ്ച് പ്രസിഡന്റ് ഡോ. സി കെ ഷാജി പറഞ്ഞു. തുടര്‍ന്നാണ് കമ്പിയിട്ട് അസ്ഥി നേരയാക്കാനുള്ള ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് കൈത്തണ്ടയുടെയും മറ്റും വിശദമായ സ്ഥിതി മനസിലാക്കുന്നതിന് അള്‍ട്രാസൗണ്ട് സ്‌കാനിങും നടത്തി. ഇതിലൂടെ നിലത്തിടിച്ച് വീണതുകൊണ്ടുണ്ടായ വീക്കം ശ്രദ്ധയില്‍ പെടുകയും കൈ ഇളകാതിരിക്കാന്‍ എ. ഇസ്ലാബ് എന്ന പ്ലാസ്റ്റര്‍ ഇടുകയുമായിരുന്നു. കൈക്ക് അധികം ഇളക്കമുണ്ടാവരുതെന്ന് പ്രത്യേകം നിര്‍ദേശം നല്‍കുകയും ചെയ്തു.
എന്നാല്‍ 4 ദിവസം കഴിഞ്ഞ് പ്ലാസ്റ്റര്‍ ഊരിയ നിലയില്‍ രോഗി ഡോക്ടറെ കാണാന്‍ വരികയും ഇത് താന്‍ വീട്ടില്‍ നിന്ന് ഊരിമാറ്റിയതാണന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൈമുട്ട് തെറ്റിയതായി കാണാന്‍ കഴിഞ്ഞത്. ഇത് രോഗിയെയും ബന്ധുക്കളെയും അറിയിച്ചതാണ്. തുടര്‍ന്ന് ശസ്ത്രക്രിയക്കായി മറ്റ് അസ്ഥിരോഗ സെന്ററിലേക്ക് അയക്കാന്‍ തീരുമാനിച്ചെങ്കിലും രോഗിയും ബന്ധുക്കളും നിര്‍ബന്ധിച്ച് ശാന്തി ആശുപത്രിയില്‍ വെച്ചു തന്നെ ശസ്ത്രക്രിയ ചെയാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
കൂടാതെ ഇടത് കൈയ്ക്ക് എംആര്‍ഐ സ്‌കാന്‍ നടത്തുകയും ഇതില്‍ ലിഗമന്റിന് ക്ഷതം സംഭവിച്ചതായി കണ്ടത്തിയ ഡോക്ടര്‍ രോഗിയെയും ബന്ധുക്കളെയും വിവരം ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഡിസ്ചാര്‍ജായ രോഗി കൃത്യമായി ഡ്രസ്സിംങിന് വരികയും ചെയ്തതാണ്.
മാര്‍ച്ച് 4ന് കമ്പി നീക്കം ചെയ്തതോടെ ഡോ. ജലീലിന്റെ ചികിത്സ തനിക്ക് വേണ്ടന്ന നിലപാടില്‍ രോഗി എത്തുകയായിരുന്നു. തുടര്‍ന്ന് മറ്റേതോ ആശുപത്രിയില്‍ ചികിത്സ തേടുകയാണ് രോഗി ചെയ്തത്. 9 മാസം വരെ ഫിസിയോ തെറാപ്പി ചെയ്താല്‍ കൈ ഏതാണ്ട് ശരിയാക്കാന്‍ കഴിയും. ഇത്തരം കാര്യങ്ങള്‍ ചെയ്യാതെ സോഷ്യല്‍ മീഡിയ വഴി ഡോക്ടറെ അപകീര്‍ത്തിപ്പെടുത്തുകയാണ് രോഗി ചെയ്യുന്നത്.
വാഹനാപകടത്തില്‍ അപകടം സംഭവിച്ച രോഗിക്ക് ചികിത്സിച്ച ഡോക്ടര്‍ നഷ്ടപരിഹാരം നല്‍കണമെന്ന വാദം യുക്തിക്ക് നിരക്കാത്തതാണന്നും ഏത് തരത്തിലുമുള്ള അന്വേഷണത്തെയും മുക്കം ഐഎംഎ സ്വാഗതം ചെയ്യുന്നതായും ഡോ. ഷാജി പറഞ്ഞു.
Next Story

RELATED STORIES

Share it